

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ച് മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയ് വര്‍ഗീയ. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായവർക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്‍ഡോറിലെ ഭഗീരത്പുര പ്രദേശത്ത് മലിനജലം കുടിച്ച് അസുഖബാധിതരായി ഒരാഴ്ച്ചയ്ക്കുളളില്‍ എട്ട് പേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിജയ് വര്‍ഗീയയുടെ മണ്ഡലത്തിലാണ് ഭഗീരത്പുര.
'തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ അതിനേക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിലും പ്രാധാന്യം എല്ലാ രോഗബാധിതരും സുഖംപ്രാപിക്കുന്നതിനാണ് നാം നല്‍കേണ്ടത്. മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും വെറുതെവിടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏത് വലിയ പദവിയിലുളളവർ ആയാലും': കൈലാഷ് വിജയ് വര്‍ഗീയ പറഞ്ഞു.
'ഭഗീരത്പുരയില്‍ ഛര്‍ദിയും വയറിളക്കവും ബാധിച്ച രോഗികളുടെ എണ്ണം കുറഞ്ഞു. നാല് ആംബുലന്‍സുകളും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലും ശ്രീ ഔറോബിന്തോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും പ്രത്യേകം വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ രോഗികളുടെയും ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും';മന്ത്രി വ്യക്തമാക്കി.
മലിനജലം കുടിച്ച് 8 പേര്‍ മരിച്ച സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെടുത്തത്. രാജ്യത്തെ ഏറ്റവും വൃത്തിയുളള നഗരമായി അറിയപ്പെടുന്ന ഇന്‍ഡോറിലെ ഭാഗീരഥ്പുര മേഖലയിലാണ് ദുരന്തമുണ്ടായത്. കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെളളത്തില്‍ ഡ്രെയിനേജ് പൈപ്പിലെ മലിനജലം കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായത്.
മരിച്ച എട്ടുപേരില്‍ ആറുപേര്‍ സ്ത്രീകളാണ്. ഡിസംബര്‍ 25 മുതല്‍ വിതരണം ചെയ്ത വെളളം കുടിച്ചവരാണ് മരണപ്പെട്ടത്. നൂറിലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൈപ്പ് ലൈനിന് മുകളില്‍ അനധികൃതമായി നിര്‍മ്മിച്ച ടോയ്‌ലറ്റില്‍ നിന്നുളള മാലിന്യമാണ് കുടിവെളളത്തില്‍ കലര്‍ന്നത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. വയളിറക്കം, ശര്‍ദ്ദി, നിര്‍ജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം ആളുകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Content Highlights: Indore water contamination; kailash vijayvargiya admits lapse