
ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇത്രയും ദിവസം തെറ്റായ രീതിയിലാണ് നടത്തിയതെന്ന് അര്‍ജുന്റെ അയല്‍വാസി മുനീര്‍. ഉത്തരവാദിത്തം എന്ന് പറയുന്നത് ആർക്കുമില്ല. അവർ ആർക്കോ വേണ്ടി എന്തോ ചെയ്യുകയാണെന്നും മുനീർ വിമർശിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് അര്‍ജുന്റെ അയല്‍വാസികളും നാട്ടുകാരും പോകാന്‍ തയ്യാറി നില്‍ക്കുകയായിരുന്നു. അവിടേക്ക് ആരേയും അടുപ്പിക്കുന്നില്ലെന്നും മുനീർ റിപ്പോർട്ടറിനോട് പറഞ്ഞു.
'രണ്ട് ജെസിബിയുമായി മണ്ണ് മാന്തുകയായിരുന്നു. ആരേയും അങ്ങോട്ട് കടത്തിവിട്ടിട്ടില്ല. എന്താണ് നടക്കുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ അതിന് മറുപടിയില്ല. എസ്പിയെ പോലുള്ള ആളുകളാണ് തടഞ്ഞുവെക്കുന്നത്. അഞ്ച് ദിവസമായി പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരിക്കയാണ്. സുഖമില്ലാത്ത് ആളാണ് അര്‍ജുന്റെ പിതാവ്. അര്‍ജുനാണ് കുടുംബം നോക്കുന്നത്. ഡ്രൈവര്‍ സ്ഥാനത്തേക്ക് അര്‍ജുനെ കൊണ്ടുവന്നത് ഞാനാണ്. നാട്ടുകാര്‍ എല്ലാവരും അങ്ങോട്ട് പോകാന്‍ തയ്യാറാണ്. ആരെയും അങ്ങോട്ട് അടുക്കാന്‍ സമ്മതിക്കുന്നില്ല', മുനീർ പറഞ്ഞു.
അഞ്ച് മണിയ്ക്ക് എത്തുമെന്ന് പറഞ്ഞ ദൗത്യ സംഘം എത്തിയത് ഒന്‍പതര മണിക്കാണ്. വൈകുന്നേരം അവര്‍ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി. ഓഫീസ് സമയം കഴിഞ്ഞ പോലെയാണ് അവര്‍ പോയത്. രക്ഷാ പ്രവര്‍ത്തനം എന്താണെന്നുള്ളത് അവര്‍ക്ക് അറിയില്ല. മനുഷ്യനോട് സ്നേഹമില്ലാത്ത രീതിയിലാണ് എസ്പിയുള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചത്. ഒരു ജീവനാണ് മണ്ണിനടിയില്‍ കിടക്കുന്നതെന്നും മുനീർ പറഞ്ഞു.
കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കാണാതായിട്ട് അഞ്ച് ദിവസമാവുകയാണ്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അർജുൻ. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടിരുന്നതായും പ്രദേശവാസികൾ പറഞ്ഞിരുന്നു.