മലപ്പുറം ജില്ലയിൽ നിപ; നേരിടാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്

dot image

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് (ശനി) പുലർച്ചെ മുതൽ രോഗ ബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയിൽ അടിയന്തരമായി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സമ്പർക്ക പട്ടികയിലുള്ള 214 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്.പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ. പാണ്ടിക്കാട് നിപ ബാധിതനായ കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉൾപ്പെടുന്ന സ്ഥലങ്ങളാണ്. മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ രണ്ട് പഞ്ചായത്തുകളിൽ മദ്രസകൾ, അങ്കണവാദികൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. നിപ കൺട്രോൾ റൂം നമ്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090

രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണൽ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. നാളെ (ഞായർ) രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകൾ തുടങ്ങിയവ എത്തിക്കുന്നതിനായി കെഎം.എസ്സിഎല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ നടപടികൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മെയ് 10ന് പനി ബാധിച്ച 14 കാരൻ 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു.

ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മന്ത്രി വി അബ്ദുറഹിമാന്‍, എംഎല്‍എമാരായ പി ഉബൈദുല്ല, എപി അനില്‍കുമാര്‍, അ‍ഡ്വ. യുഎ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വിആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാസ്ക് ധരിക്കണം

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

കണ്‍ട്രോള്‍ സെല്‍ തുറന്നു

നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്.

dot image
To advertise here,contact us
dot image