

അന്യഗ്രഹ ജീവി നിങ്ങളുടെ വീട്ടിലെത്തിയാൽ എന്ത് സംഭവിക്കും? അത് പറയുന്ന ചിത്രവുമായി വരികയാണ് നീരജ് മാധവ്. നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന പ്ലൂട്ടോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
ഏവറേജ് അമ്പിളി എന്ന സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്ലൂട്ടോ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അൽത്താഫ് സലീമാണ് ചിത്രത്തിൽ അന്യഗ്രഹജീവിയായി എത്തുന്നത് എന്നാണ് പ്രെമോഷൻ കണ്ടന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. കോമഡി ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
നീരജിനും അൽത്താഫിനുമൊപ്പം ആർഷ ബൈജു, അജു വർഗീസ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിയാസ് മുഹമ്മദാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ശർമ ക്യാമറയും സനത് ശിവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ARCADO ആണ്.
ആദിത്യന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം മൾട്ടിവേഴ്‌സ് മന്മഥനാണ്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ടൈം ട്രാവലും വിവിധ യൂണിവേഴ്‌സുകളുമെല്ലാമായാകും നിവിൻ ചിത്രം എത്തുക എന്ന് തന്നെയാണ് പോസ്റ്റർ നൽകിയ സൂചനകൾ.
പുത്തൻ ഴോണറുകൾ പരീക്ഷിക്കുന്ന മലയാള സിനിമയിൽ ഇതുവരെ കാണാത്ത രുചിക്കൂട്ടുകളായിരിക്കും പ്ലൂട്ടോയിലും മൾട്ടിവേഴ്‌സ് മന്മഥനിലും ആദിത്യൻ ചന്ദ്രശേഖർ ഒരുക്കുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Content Highlights: Neeraj Madhav - Altaf Salim movie Pluto first look out. The movie is directed by Adithyan Chandrasekhar who is also directing Multiverse Manmadhan starring Nivin Pauly