ആന്ധ്രയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും;സഖ്യം പ്രഖ്യാപിച്ച് ശര്‍മ്മിള

ആന്ധ്ര രത്‌ന ഭവനില്‍ സിപിഐഎം, സിപിഐ നേതാക്കളോടൊപ്പം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശര്‍മ്മിളയുടെ ഈ വാക്കുകള്‍.
ആന്ധ്രയില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുമിച്ച്  തിരഞ്ഞെടുപ്പിനെ നേരിടും;സഖ്യം പ്രഖ്യാപിച്ച് ശര്‍മ്മിള

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സഖ്യമെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളെ തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും വഞ്ചിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന രണ്ട് പ്രാദേശിക പാര്‍ട്ടികളാണ് ഇരുപാര്‍ട്ടികളെന്നും ശര്‍മ്മിള പറഞ്ഞു. ആന്ധ്ര രത്‌നഭവനില്‍ സിപിഐഎം, സിപിഐ നേതാക്കളോടൊപ്പം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ശര്‍മ്മിളയുടെ ഈ വാക്കുകള്‍.

കേന്ദ്രത്തിലെ ബിജെപിയുടെയും സംസ്ഥാനത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടേണ്ട ആവശ്യം ഉണ്ട്. അതിനാല്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടൊപ്പം കൈകോര്‍ക്കാന്‍ തീരുമാനിച്ചെന്നും ശര്‍മ്മിള പറഞ്ഞു.

ഫെബ്രുവരി 26ന് അനന്ത്പൂരില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലേക്ക് ഇടതുപാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. സീറ്റ് വിഭജന കാര്യങ്ങളിലുള്‍പ്പെടെ പെട്ടെന്ന് തീരുമാനമെടുക്കുമെന്നും ശര്‍മ്മിള പറഞ്ഞു.

സംസ്ഥാനത്ത് ഒരു ശതമാനം വോട്ട് പോലുമില്ലാത്ത ബിജെപി, ടിഡിപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും ചെലവില്‍ ആന്ധ്രപ്രദേശിലെ ജനങ്ങളെ ഭരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ ഡി ശീലം, സിപിഐ സംസ്ഥാന സമിതി അംഗങ്ങളായ എം നാഗേശ്വര റാവു, അക്കിനേനി വനജ, ജല്ലി വില്‍സണ്‍, സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം എ ഗഫൂര്‍, സംസ്ഥാന സമിതി അംഗം വൈ വെങ്കടേശ്വര റാവു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com