ഇഞ്ചോടിഞ്ചിന് പത്തനംതിട്ട; ത്രികോണ പോരാട്ടത്തിൽ ആരൊക്കെ? സർപ്രൈസ് എൻട്രിക്ക് കോൺ​ഗ്രസ് ഒരുങ്ങുന്നോ?

ഇഞ്ചോടിഞ്ചിന് പത്തനംതിട്ട; ത്രികോണ പോരാട്ടത്തിൽ ആരൊക്കെ? സർപ്രൈസ് എൻട്രിക്ക് കോൺ​ഗ്രസ് ഒരുങ്ങുന്നോ?

സിപിഐഎമ്മിനും ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. തിരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങൾ ഏറെ നിർണായകമാകുമെന്നുറപ്പ്. ഹാട്രിക് നേടിയ ആന്റോ ആന്റണിയെ തന്നെ യുഡിഎഫ് രം​ഗത്തിറക്കുമോ? അതോ കൂടുതൽ കരുത്തുറ്റ ആരെയെങ്കിലും അവതരിപ്പിച്ച് മത്സരം കൂടുതൽ വീറും വാശിയും നിറഞ്ഞതാക്കുമോ?

2009ൽ രൂപീകൃതമായതു മുതൽ ആന്റോ ആന്റണിയിലൂടെ കോൺ​ഗ്രസ് വെന്നിക്കൊടി പാറിച്ച മണ്ഡലമാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. 2019ൽ ശക്തമായ ത്രികോണമത്സരം നടന്ന ഇടമാണ്. ഇക്കുറിയും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് മുന്നണികള്‍ പത്തനംതിട്ടയില്‍ പ്രതീക്ഷിക്കുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറൻമുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം. സിപിഐഎമ്മിനും ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. തിരഞ്ഞെടുപ്പിൽ മതസാമുദായിക സമവാക്യങ്ങൾ ഏറെ നിർണായകമാകുമെന്നുറപ്പ്. ഹാട്രിക് നേടിയ ആന്റോ ആന്റണിയെ തന്നെ യുഡിഎഫ് രം​ഗത്തിറക്കുമോ? അതോ കൂടുതൽ കരുത്തുറ്റ ആരെയെങ്കിലും അവതരിപ്പിച്ച് മത്സരം കൂടുതൽ വീറും വാശിയും നിറഞ്ഞതാക്കുമോ?

ആന്റോ ആന്റണിയുടെയും അച്ചു ഉമ്മന്റെയും പേരുകളാണ് ഇപ്പോൾ യുഡിഎഫിന്റെ സാധ്യതാ പട്ടികയിലുള്ളത്. മൂന്ന് തവണ മത്സരിച്ച ആന്റോ ആന്റണിയെ മാറ്റി പുതിയൊരാള്‍ വരണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എതിർ‌മുന്നണികൾ കൂടുതൽ കരുത്തുള്ളവരായിട്ടുണ്ട് എന്ന വസ്തുത കൂടി പരി​ഗണിക്കുമ്പോൾ അച്ചു ഉമ്മന്റെ സർപ്രൈസ് എൻട്രിക്കുള്ള സാധ്യത വളരെക്കൂടുതലാണ്. ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർ‌ത്ഥിയാവേണ്ടത് അച്ചു ആയിരുന്നു എന്ന അണികളുടെ ശബ്ദം തീരെച്ചെറുതായിരുന്നില്ല. സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ‌ വൻവിജയം നേടിയപ്പോഴും അതിനൊപ്പം കരുത്തുറ്റ നേതാവായി അച്ചുവിനെയും കോൺ​ഗ്രസുകാർ നെഞ്ചേറ്റിയതാണ്. രാഷ്ട്രീയരം​ഗത്തേക്കില്ലെന്ന് അച്ചു ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദം ശക്തമായാൽ കാര്യങ്ങൾ മാറിമറിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണ് കോൺ​ഗ്രസ് അണികളിലേറെയും. അച്ചു ഉമ്മൻ ശക്തയായ സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ നേതാക്കൾക്കും എതിരഭിപ്രായമുണ്ടാകാനിടയില്ല.

2009ലേതുപോലെ ഈസി വാക്കോവർ ആയിരുന്നില്ല തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിൽ ആന്റോ ആന്റണിയെ കാത്തിരുന്നത്. 2009ൽ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. 2014ൽ ഇത് അറുപതിനായിരത്തിൽ താഴെയായി കുറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ് രണ്ടാം വട്ടം ഇടതു സ്വതന്ത്രനായി എതിരാളിയായി എത്തിയത് തിരിച്ചടിയാകുകയായിരുന്നു.

മണ്ഡലം നേടാൻ തോമസ് ഐസക്, രാജു എബ്രഹാം എന്നിവരിലൊരാളെ തിരഞ്ഞെടുപ്പ് കളത്തിലിറക്കാനാണ് സിപിഐഎം പദ്ധതിയിടുന്നതെന്നാണ് സൂചന. മുന്‍ റാന്നി എംഎൽഎ എന്ന നിലയിൽ പകരംവെക്കാനാവാത്ത വ്യക്തിപ്രഭാവം രാജു എബ്രഹാമിന് പത്തനംതിട്ടയിലുണ്ട്. അഞ്ച് തവണയായി റാന്നിയെ പ്രതിനിധീകരിച്ച അദ്ദേഹത്തിലൂടെ യുഡിഎഫിനെ തറപറ്റിക്കാനാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടിയാൽ അതിശയോക്തി തീരെയില്ല. എന്നാൽ, പാർ‌ട്ടിക്കുള്ളിലെ ചിലരുടെ അതൃപ്തി രാജു എബ്രഹാമിന് എട്ടിന്റെ പണിയാകുമെന്നും അതുകൊണ്ടാണ് തോമസ് ഐസക്കിനെ പത്തനംതിട്ടയിലിറക്കാൻ സിപിഐഎം ആലോചിക്കുന്നതെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങളുടെ പേരിലും ആന്റോ ആന്റണിയുടെ കെടുകാര്യസ്ഥതയുടെ പേരിലും തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ മെനയാനാകും സിപിഐഎം ശ്രമിക്കുക. എന്നാൽ വികസനത്തിലൂന്നിയുള്ള പ്രചാരണം ബൂമറാങ് ആകുമോയെന്നും പറയാനാകില്ല. ക്രൈസ്തവവോട്ടുകളെ ഒപ്പം കൂട്ടി മണ്ഡലം പിടിച്ചെടുക്കാനാകും സിപിഐഎം ശ്രമിക്കുക. തോമസ് ഐസക്കിനെയോ രാജു എബ്രഹാമിനെയോ പരി​ഗണിക്കുന്നതിന് പിന്നിലുള്ള പദ്ധതിയും മറ്റൊന്നല്ല. ഓർത്തഡോക്സ്, യാക്കോബായ സഭകൾക്ക് വ്യക്തമായ മേൽക്കയ്യുള്ള മണ്ഡലമാണ്. സഭാ തർക്കം ഇടതുമുന്നണിയെ വേണ്ടവിധം തുണയ്ക്കാൻ സാധ്യതയില്ല. ഓർ‌ത്തഡോക്സ് നിലപാട് എതിരായാൽ കത്തോലിക്ക, ക്നാനായ വിഭാ​ഗങ്ങളെ ഒപ്പം കൂട്ടാനാകും എൽഡിഎഫ് ശ്രമിക്കുക.

ശബരിമല വിഷയത്തിൽ പിടിച്ചുകയറിയാണ് എൻഡിഎയും ബിജെപിയും പത്തനംതിട്ടയിൽ സ്വാധീനശക്തിയായത്. ശബരിമല പ്രചാരണ വിഷയമാക്കി മാറിയതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് കളമായത്. ഇടതു സ്ഥാനാർത്ഥിയായി വീണാജോർജും എൻ ഡി എ സ്ഥാനാർത്ഥിയായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ കഴിഞ്ഞ തവണത്തെ എതിരാളികൾ. പോരാട്ടച്ചൂട് ആവോളമറിഞ്ഞ അങ്കത്തിൽ ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു, പക്ഷേ ഭൂരിപക്ഷം അമ്പതിനായിരത്തിലും താഴെയായിരുന്നു.

പി സി ജോർജിന്റെയും കുമ്മനം രാജേഖരന്റെയും പേരുകളാണ് എൻഡിഎ സാധ്യതാ പട്ടികയിൽ ഉള്ളത്. പി സി ജോർജിന്റെ ബിജെപിപ്രവേശമാണ് എൻഡിഎയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഒരു ഘടകം. ഏറെക്കാലമായി സൌഹൃദത്തില്‍ തുടരുകയായിരുന്ന ജനപക്ഷം പാർട്ടി കഴിഞ്ഞയിടക്ക് ബിജെപിയിൽ ലയിക്കുകയായിരുന്നു. 2014ൽ എം ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകളുടെ അടിത്തറയിൽ നിന്ന്, ശബരിമല വിഷയം ശക്തമായ ആയുധമാക്കിയ 2019ലേക്കെത്തിയപ്പോൾ ബി ജെ പി ഒരുപാട് ഉയർന്നിരുന്നു. രണ്ട് ലക്ഷത്തിനടുത്തുള്ള അടിസ്ഥാന വോട്ടുകൾ കണക്കാക്കിയാകും ബി ജെ പി പ്രചാരണം ശക്തമാക്കുക. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങളിൽ ജനപക്ഷത്തിന് വ്യക്തമായ അടിത്തറയുണ്ട്. പത്തനംതിട്ടയിലെ ക്രൈസ്തവ വോട്ടുകളും മോദി എഫക്ടിൽ നേടുന്ന നിഷ്പക്ഷ വോട്ടുകളും കൂടിയാകുമ്പോൾ വിജയം കൊയ്യാമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ദേശീയ നേതൃത്വം പി സി ജോർജിന്റെ പേര് നിർദ്ദേശിക്കുന്നതും ഇക്കാരണങ്ങൾ കൊണ്ടാണ്. എന്നാൽ, കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതാക്കൾക്ക് താല്പര്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com