‌കോൺ​ഗ്രസിന്റെ സമരാഗ്നി കേരള യാത്ര; കാസർകോട് നിന്ന് നാളെ തുടങ്ങും

സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും
‌കോൺ​ഗ്രസിന്റെ സമരാഗ്നി കേരള യാത്ര; കാസർകോട് നിന്ന് നാളെ തുടങ്ങും

കാസർകോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്നി കേരള യാത്രയ്ക്ക് കാസർകോട് നാളെ തുടക്കമാകും. കെപിസിസി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ജനകീയ പ്രക്ഷോഭ യാത്രയെ നയിക്കും. സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസ് സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ യാത്രയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നു കാട്ടുകയാണ് പ്രധാന ലക്ഷ്യം. 14 ജില്ലകളിലായി നടത്തുന്ന പൊതുസമ്മേളനത്തിൽ 15 ലക്ഷത്തോളം പേരെ അണിനിരത്താനാണ് തീരുമാനം.

നാളെ വൈകിട്ട് 4 മണിക്ക് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ദീപ ദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിങ്ങനെ പ്രമുഖ ദേശീയ സംസ്ഥാന നേതാക്കളും പരിപാടിയുടെ ഭാഗമാകും. 14 ജില്ലകളിലും ജനകീയ ചർച്ചാ സദസ്സുകൾ സംഘടിപ്പിക്കും. വിവിധ മേഖലകളിലുള്ളവരും ആയിട്ടാണ് കൂടിക്കാഴ്ച.

എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയുണ്ടാകില്ല. 14 ജില്ലകളിലായി ആകെ 32 പൊതുസമ്മേളനങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. ഈ മാസം 29 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com