

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം ഫേസ്ബുക്കില്‍ പ്രതികരിച്ച് അഡ്വ. എ പി സ്മിജി. സംവരണ ഡിവിഷനില്‍ നിന്ന് വിജയിച്ച സ്മിജിയെയാണ് ജനറല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് തീരുമാനിച്ചത്. താനാളൂര്‍ ഡിവിഷനില്‍ നിന്ന് 6852 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്മിജി വിജയിച്ചത്. അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി.
'ചെറുപ്പത്തില്‍ അച്ചന്‍ പറഞ്ഞു തന്ന കഥകളിലൊക്കെ പാണക്കാട് തങ്ങന്മാര്‍ ഉണ്ടായിരുന്നു..
പതിറ്റാണ്ടുകളായി വീട്ടില്‍ തൂക്കിയിട്ട ഫോട്ടോകളില്‍ ഒന്ന് ശിഹാബ് തങ്ങളുടേതാണ്. ജീവിതത്തിലെ ഓരോ വിശേഷങ്ങളിലും പാണക്കാട് ചെന്ന് സന്തോഷം പറയാതെ കടന്നു പോയിട്ടില്ല.
അച്ചന്‍ ഈശ്വരവിശ്വാസിയായിരുന്നു,ആചാരങ്ങളും അനുഷ്ഠാനങ്ങളും മുടങ്ങാതെ നിര്‍വഹിച്ച വിശ്വാസി. ആ വിശ്വാസം തന്നെയാണ് അച്ചന്‍ ഞങ്ങളേയും പഠിപ്പിച്ചത്. വിശ്വാസ കാര്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയ പോലെ അച്ചന്‍ മറ്റൊന്നു കൂടി ഞങ്ങളെ പഠിപ്പിച്ചു. പാണക്കാട് കുടുംബവുമായുള്ള ബന്ധം. ആ കുടുംബം സഹോദര സമുദായങ്ങളോട് കാണിക്കുന്ന സ്‌നേഹത്തെ ചെറുപ്പത്തിലേ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പഠന കാര്യത്തെ കുറിച്ച് ആദ്യം അഭിപ്രായം ചോദിച്ചതും, പിന്നീട് അഭിഭാഷകയായപ്പോള്‍ ആദ്യം അച്ചന്‍ കുട്ടിക്കൊണ്ട് പോയതും പാണക്കാട്ടേക്കായിരുന്നു..
അച്ചന്റെ കാലം കഴിഞ്ഞപ്പോഴും ഞങ്ങളെ ചേര്‍ത്തു നിര്‍ത്തി. അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ആയത്.
ഇന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു.. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി എന്നെ പ്രഖ്യാപിച്ചിരിക്കുന്നു എന്ന്.
ജനറലായ വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്രയോ സീനിയറും യോഗ്യരുമായ പലരും ഉണ്ടായിട്ടും എന്നെയാണ് തങ്ങള്‍ പ്രഖ്യാപിച്ചത്.
ഒരിക്കല്‍ പോലും അങ്ങനെ ഒരു ആഗ്രഹം
ഞാനോ, എനിക്ക് വേണ്ടപ്പെട്ടവരോ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും എന്നെ മുസ്ലിംലീഗ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നു.
അച്ചന്‍ പറഞ്ഞു തന്ന കഥകളൊക്കെ ഞാനിന്ന് യാഥാര്‍ത്ഥ്യമായി അനുഭവിക്കുന്നു..
മുസ്ലിം ലീഗിന്റെ മതേതരത്വം, പാണക്കാട് കുടുംബത്തിന്റെ സാഹോദര്യ സ്‌നേഹം..
മലപ്പുറത്തിന്റെ ഈ സ്‌നേഹ പാഠം
തലമുറകളിലൂടെ പരന്നൊഴുക്കട്ടെ..', സ്മിജി കുറിച്ചു.
Content Highlights: Adv. A. P. Smiji responded on Facebook after being declared as the District Panchayat Vice President candidate