
സുൽത്താൻ ബത്തേരി: വയനാട് വകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ് മയക്കുവെടി സംഘം. വെടിവെക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങക്കും പൂർണമെന്ന് വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി, കൂട്ടിലടയ്ക്കുക എന്നതാണ് ഉത്തരവ്. ആദ്യ ഘട്ടത്തിൽ കൂട് വെച്ച് പിടികൂടാൻ ശ്രമിക്കുക, രണ്ടാം ഘട്ടത്തിൽ മയക്കുവെടി വെക്കുക എന്നതാണ് നിർദേശം. എന്നാൽ കടുവയെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായാണ് നാട്ടുകാരുടെ പ്രതിഷേധം.
നരഭോജിയായ കടുവയെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാതെയാണ് പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ലഭിച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്നാണ് നാട്ടുകാരും കുടുംബവും പറയുന്നത്. ഡിഎഫ്ഒയെ വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. അച്ചടക്കത്തോടെ വേണം പ്രതിഷേധമെന്ന് എംഎൽഎ നിർദേശം നൽകി. മേഖലയിൽ കടുവയ്ക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.