ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

മോശമായ പെരുമാറ്റമാണ് ആശുപത്രിയിൽ നിന്ന് ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു.
ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചതായി ആരോപണം. ഇരിട്ടി കൊട്ടുകപാറയിലെ ഐഎച്ച്ഡിപി കോളനിയിലെ രാജേഷാണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയ രോഗി മതിയായ ചികിത്സ ലഭിക്കാത്തത് കാരണമാണ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉത്തരവിട്ടു.

കടുത്ത മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ഇരിട്ടി കൊട്ടുകപാറയിലെ ഐഎച്ച്ഡിപി പട്ടിക വർഗ കോളനിയിലെ രാജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നത്. രോഗം കൂടുതലായതിന്റെ ഭാഗമായി അന്ന് തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെ രാജേഷ് ആശുപത്രിയിൽ വെച്ച് മരിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതിനാലാണ് രാജേഷ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

മോശമായ പെരുമാറ്റമാണ് ആശുപത്രിയിൽ നിന്ന് ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനോട് കുടുംബത്തിന്റെ പരാതി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും ആരോഗ്യ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com