
പെരിങ്ങോട്ടുകര: ഭാരതത്തിലെ പ്രഥമ വിഷ്ണുമായാ സ്വാമി ത്രിദിന ലക്ഷാര്ച്ചന യജ്ഞത്തിന് പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ആരംഭമായി. ലോകക്ഷേമത്തിനും ഐശ്വര്യത്തിനുമായി നടത്തുന്ന ലക്ഷാര്ച്ചന യജ്ഞം ആചാര്യവരണത്തോടെയാണ് തുടങ്ങിയത്. മഹാഗണപതി ഹോമം, ഗണേശോപനിഷത്ത് പാരായണം, ചതുര്വേദ പാരായണം എന്നിവയായിരുന്നു ആദ്യദിന ചടങ്ങുകള്.
കാഞ്ചി കാമകോടി പീഠത്തിലെ ഋഗ്വേദ ആചാര്യന് സദാശിവ ഘനപാഠികള്, യജുര്വേദാചാര്യന് ഗായത്രി സുബ്രഹ്മണ്യ ഘനപാഠികള്, യജ്ഞാചാര്യന് ഡോ. പൂര്ണത്രയീ ജയപ്രകാശ് ശര്മ്മ എന്നിവരുടെ കാര്മികത്വത്തിലായിരുന്നു ചടങ്ങുകള്. ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദരസ്വാമികള് യജ്ഞ യജമാനനായി.
വൈകിട്ട് വിഷ്ണുമായ സ്വാമി സഹ്രസനാമ ലക്ഷാര്ച്ചന പുരുഷസൂക്തജപം, ലളിതാസഹസ്രനാമജപം എന്നിവയോടെ ആദ്യദിന ചടങ്ങുകള് സമാപിച്ചു. ദേവസ്ഥാനത്ത് മഹാദീക്ഷ സ്വീകരിക്കാനായി എത്തുന്ന ആദിശങ്കര ശിഷ്യ പദ്മപാദാചാര്യ പരമ്പരാഗത പൂര്വ്വനാമായ തെക്കേ മഠം മൂപ്പില് സ്വാമിയാര് ശ്രീമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമികള് 19 ന് നടക്കുന്ന ഏകാദശ ശ്രീരുദ്രജപത്തിലും വസാര്ദ്ധാരഹോമത്തിലും പങ്കെടുക്കും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന യജ്ഞത്തില് കാഞ്ചി കാമകോടി പീഠത്തിലെ 11 ഋക്ക്-യജു-സ്സാമ-അഥര്വവേദ പണ്ഡിത വൈദിക ശ്രേഷ്ഠരും കാഞ്ചിപീഠം ത്രിവേദി ബ്രഹ്മശ്രീ സദാശിവ ഋക്ക് ഘനപാഠികള്, യജുര്വേദാചാര്യന് കാഞ്ചികാമകോടി പീഠം ഗായത്രി സുബ്രഹ്മണ്യ ഘനപാഠികള്, സാമവേദാചാര്യനും ഗുരുവായൂര് മുന്മേല്ശാന്തിയുമായ ഡോ.ശിവകരന് നമ്പൂതിരി എന്നീ ചതുര്വേദ പണ്ഡിതശ്രേഷ്ഠന്മാരും പങ്കെടുക്കുന്നുണ്ട്.
കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാന് ഡോ. പൂര്ണ്ണത്രയി ജയപ്രകാശ ശര്മ്മ ആചാര്യനാകുന്ന യജ്ഞത്തില് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദരസ്വാമികള് യജമാനസ്ഥാനം വഹിക്കുന്നു. രണ്ടാംദിനമായ 18ന് മഹാഗായത്രി ഹവനത്തിനൊപ്പം ലളിതാസഹസ്രനാമജപവും, പുരുഷസൂക്തജപവും നടക്കും. മൂന്നാം നാളായ 19ന് തൈത്തരിയോപനിഷത്ത് പാരായണം, അരുണാദിത്യനമസ്കാരം, മഹാന്യാസത്തോടെ ഏകാദശ ശ്രീരുദ്ര ജപവും ശ്രീരുദ്ര കുമാരാര്ച്ചനയും ഐക്യമത്യസൂക്തജപവും വസാര്ദ്ധാര ഹോമവും നടക്കും. തുടര്ന്ന് യജ്ഞശാലയില് നടക്കുന്ന അശ്വമേഥ ജപത്തില് പ്രത്യക്ഷമായിത്തന്നെ കുതിരയെയും പശുവിനെയും പൂജിക്കും. തുടര്ന്ന് കലശാഭിഷേകവും നടക്കും.