ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നെഞ്ചുവേദന, ശ്വാസ തടസം എന്നിവയ്ക്ക് അപ്പുറത്തേക്ക് ഹൃദ്‌രോഗം ഉണ്ടെന്ന് ശരീരം കാണിച്ചുതരുന്ന ചില ലക്ഷണങ്ങളുണ്ട്

dot image

മുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക് ചില ലക്ഷണങ്ങള്‍ കാണിച്ചുതരും. ആ ലക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

കാലുകളിലെ വീക്കം

ഹൃദ്‌രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തില്‍ കാണപ്പെടുന്ന വീക്കം. പ്രത്യേകിച്ച് കാലുകള്‍, കണങ്കാലുകള്‍, കാലിന്റെ താഴത്തെ ഭാഗം എന്നിവിടങ്ങളില്‍.

ഹൃദയം രക്തം ഫലപ്രദമായി പമ്പ് ചെയ്യാത്തതിനാലും, കോശങ്ങളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നതിനാലുമാണ് ഈ വീക്കം സംഭവിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ സോക്‌സ് ധരിച്ചതിന് ശേഷം നിങ്ങളുടെ ഷൂസ് കൂടുതല്‍ ഇറുകിയതായി തോന്നുകയോ ചര്‍മ്മത്തില്‍ ആഴത്തിലുള്ള പാടുകള്‍ കാണുകയോ ചെയ്‌തേക്കാം. കഠിനമായ സാഹചര്യങ്ങളില്‍ വീക്കം നിങ്ങളുടെ കാലുകളുടെ മുകള്‍ ഭാഗത്തേക്കും ഞരമ്പുകളിലേക്കും വ്യാപിക്കും. ക്ഷീണം അല്ലെങ്കില്‍ ശ്വാസതടസ്സം എന്നിവയ്ക്കൊപ്പം ഈ വീക്കം അനുഭവപ്പെടുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

നീല അല്ലെങ്കില്‍ വയലറ്റ് നിറത്തിലുള്ള ചര്‍മ്മം

കൈകാല്‍ പോലുള്ള ചര്‍മ്മത്തിന്റെ ഭാഗങ്ങള്‍ നീലയോ വയലറ്റോ നിറമായി മാറുകയും സാധാരണ നിറത്തിലേക്ക് മടങ്ങാതിരിക്കുകയും ചെയ്താല്‍, നിങ്ങളുടെ രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്നും ഹൃദയം ബുദ്ധിമുട്ടുന്നുണ്ടെന്നും അര്‍ത്ഥമാക്കാം.

സയനോസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥ പലപ്പോഴും നിങ്ങളുടെ രക്തക്കുഴലുകളില്‍ തടസ്സം അല്ലെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ സൂചനയാണ്. ഓക്‌സിജന്റെ അഭാവം ചര്‍മ്മത്തിനും കലകള്‍ക്കും കേടുവരുത്തുമെന്നതിനാല്‍, ഉടനടി വൈദ്യസഹായം ആവശ്യമുള്ള ഗുരുതരമായ ലക്ഷണമാണിത്.

മഞ്ഞ കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള മുഴകള്‍

ചിലപ്പോള്‍, ചര്‍മ്മത്തില്‍ മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള മെഴുക് പോലുള്ള മുഴകള്‍ അല്ലെങ്കില്‍ പ്ലാക്കുകള്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് കണ്ണുകളുടെ കോണുകള്‍, കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍ അല്ലെങ്കില്‍ കാലുകളുടെ പിന്‍ഭാഗം എന്നിവിടങ്ങളില്‍.

രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് മൂലമുണ്ടാകുന്ന കൊഴുപ്പ് നിക്ഷേപങ്ങളാണ് ഈ മുഴകള്‍. ഇവ വേദനാജനകമാണ്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ കൊളസ്‌ട്രോള്‍ പരിശോധിച്ച് നിയന്ത്രിക്കുക.

നെറ്റ് പോലുള്ള പര്‍പ്പിള്‍ അല്ലെങ്കില്‍ നീല പാറ്റേണ്‍

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് കാലുകളില്‍ ഒരു വല പോലുള്ള വയലറ്റ് അല്ലെങ്കില്‍ നീല പാറ്റേണ്‍ പ്രത്യക്ഷപ്പെടുന്നത് 'കൊളസ്‌ട്രോള്‍ എംബോളൈസേഷന്‍ സിന്‍ഡ്രോം'ന്റെ സൂചനയായിരിക്കാം.

ചെറിയ ധമനികള്‍ കൊളസ്‌ട്രോള്‍ പരലുകള്‍ കൊണ്ട് തടയപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ പാറ്റേണ്‍ ഒരു ചുണങ്ങോ അണുബാധയോ അല്ല. ഗുരുതരമായ ഹൃദയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കാമെന്നതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

നഖത്തിന്റെ ആകൃതിയിലുള്ള മാറ്റങ്ങള്‍

കൈ -കാല്‍ വിരലുകളുടെ അഗ്രഭാഗം വളയുകയും വീര്‍ക്കുകയും ചെയ്യുന്നതിനെയാണ് ക്ലബ്ബിംഗ് എന്ന് പറയുന്നത്. നഖങ്ങള്‍ ബള്‍ബ് പോലെയോ താഴേക്ക് വളഞ്ഞതോ ആയി കാണപ്പെടുന്നു. ഈ മാറ്റം നിങ്ങളുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം, ഇത് പലപ്പോഴും ഹൃദയ, ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നഖങ്ങള്‍ക്കു താഴെയുള്ള ചുവപ്പ് അല്ലെങ്കില്‍ വയലറ്റ് വരകള്‍

നഖങ്ങള്‍ക്കടിയില്‍ പിളര്‍പ്പുകള്‍ പോലെ കാണപ്പെടുന്ന ചെറിയ ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ വരകള്‍ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ സൂചനയായിരിക്കാം. ഈ വരകള്‍ 'ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡിറ്റിസ് ' എന്ന ഗുരുതരമായ ഹൃദയ അണുബാധയുടെ ലക്ഷണമാകാം. അവ ദിവസങ്ങളോളം നീണ്ടുനില്‍ക്കും, പ്രത്യേകിച്ച് പനി അല്ലെങ്കില്‍ ക്ഷീണം പോലുള്ള മറ്റ് ലക്ഷണങ്ങളോടൊപ്പം ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.

വിരലുകളിലോ കാല്‍വിരലുകളിലോ വേദനാജനകമായ മുഴകള്‍

വിരലുകളിലോ കാല്‍വിരലുകളിലോ കാണപ്പെടുന്ന വേദനാജനകമായതും ചുവപ്പ് അല്ലെങ്കില്‍ വയലറ്റ് നിറത്തിലുള്ള മുഴകള്‍, 'ഓസ്ലര്‍ നോഡുകള്‍' എന്നറിയപ്പെടുന്നു. ഇത് ഹൃദയ അണുബാധയുടെയോ മറ്റ് ഹൃദയ പ്രശ്നങ്ങളുടെയോ ലക്ഷണമാകാം. ഈ മുഴകള്‍ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനില്‍ക്കും. അത്തരം വേദനാജനകമായ മുഴകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.

(ഈ ലേഖനം അറിവ് നല്‍കുന്നതിനായി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എപ്പോഴും വിദഗ്ധ ഡോക്ടറുടെ സേവനം ആവശ്യമാണ്)

Content Highlights :Do you have heart disease? Some signs that appear on the skin are a sign of heart disease

dot image
To advertise here,contact us
dot image