
കോട്ടയം: മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എന്‍ വാസവന്റെ ഉത്തരവാദിത്തവും കുറച്ചുകാണാനാകില്ല. അപകടം നടക്കുമ്പോള്‍ കോട്ടയം ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി മരിച്ച ബിന്ദുവിന്റെ വീട്ടിലേക്ക് പോയില്ലെന്നും ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു.
'മന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ല. ഏതെങ്കിലുമൊരു വിദേശരാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവിടുത്തെ നിയമം നിഷ്‌കര്‍ഷിക്കുക. ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല. പഴയത് പൊളിക്കാമായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണം. വി എന്‍ വാസവന്റെ ഉത്തരവാദിത്തം കുറച്ചുകാണുവാന്‍ സാധിക്കില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരുവാക്കും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഇന്നലെ കോട്ടയത്തുണ്ടായിരുന്നു. കുടുംബത്തെ കാണാന്‍ ശ്രമിച്ചോ? ഒരു സിപിഐഎം നേതാവ് പോലും സംഭവസ്ഥലത്ത് പോയില്ല. കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല', ചാണ്ടി ഉമ്മന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ കേസെടുത്തതിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. 'ബിന്ദുവിന്റെ ബന്ധുവിനോട് ഒരുവാക്ക് പറഞ്ഞിട്ട് വാഹനം വിടാന്‍ തയ്യാറായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് വേണ്ട സഹായം എത്തിക്കണം. കുടുംബത്തിന് വേണ്ട പാക്കേജ് കൊടുക്കണം. പാക്കേജ് നടപ്പിലാക്കണം. കുടുംബത്തിന് ജോലി, 25 ലക്ഷം രൂപ, കുഞ്ഞിനെ ദത്തെടുക്കുക, ചികിത്സാ ചെലവ് എഴുതിത്തള്ളണം എന്നതടക്കം കുടുംബത്തോട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് പറനായായിരുന്നു ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പൊലീസ് ഇതേ മനോഭാവം ഉച്ചയ്ക്ക് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയായിരുന്നു. പൊലീസ് പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി ചെയ്തതാണ്. ഒരു പ്രത്യേകം ഒരാളുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിന്റെ വണ്ടിയാണ്. ഇതുപോലത്തെ ആയിരം കേസില്‍ പ്രതിയാകാന്‍ തയ്യാറാണ്. കള്ളക്കേസ് എടുത്തതുകൊണ്ട് തളരില്ല. നേരിട്ടോളാം', എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Content Highlights: Chandy Oommen Seeks Health Minister Veena George Resignation