
ഡൽഹി: സംഗീതജ്ഞയും കലാപണ്ഡിതയുമായ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിരുന്നു അന്ത്യം. എഴുത്തുകാരൻ പ്രൊ. ഓംചേരി എൻ. എൻ പിള്ളയുടെ ഭാര്യയാണ്. ക്ലാസിക് കലകളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ലീല ഓം ചേരിയെ കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഡല്ഹി സര്വ്വകലാശാലയില് അധ്യാപികയായിരുന്നു.
കര്ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദം നേടിയ ലീല ഓംചേരി ഡല്ഹി സര്വ്വകലാശാലയില് നിന്ന് എംഎയും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. പ്രശസ്ത ഗായകന് പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ് ലീല ഓംചേരി. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില് 1929ലാണ് ജനനം. പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്.
സോപാന സംഗീതം, കേരളത്തിലെ സ്ത്രീനൃത്യത്തിന്റെ പൂർവപശ്ചാത്തലം, തുടങ്ങിയ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയും പറ്റി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. കർണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1990), യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ലാസ്യരചനകൾ (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ദ ഇമ്മോർട്ടൽസ് ഓഫ് ഇന്ത്യൻ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്, സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ് (അഞ്ച് ഭാഗം) എന്നിവയാണ് പ്രധാന കൃതികൾ.