
കൊച്ചി: സിഎംആര്എല്ലില് നിന്ന് വീണ വിജയന് മാസപ്പടി കൈപറ്റിയെന്നതായിരുന്നു തന്റെ വാദമെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. മാസപ്പടി വിഷയത്തില് ജിഎസ്ടി അടച്ചിട്ടുണ്ടോ എന്നതല്ല പ്രാഥമികമായ ചോദ്യം. മാസപ്പടി വിഷയം ഉയര്ന്നുവന്നപ്പോള് വീണ വിജയനെതിരായ ആരോപണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സിപിഐഎം എടുത്തതാണ് ജിഎസ്ടി വിഷയം. അപ്പോഴാണ് വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന് താന് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല് ഇപ്പോള് വീണ വിജയന് അടച്ചെന്ന് പറയുന്ന രേഖകളിലും തനിക്ക് ചോദ്യമുണ്ടെന്ന് മാത്യു കുഴല്നാടന്. തന്റെ ചോദ്യങ്ങളും വാദങ്ങളും ഉന്നയിക്കുന്ന വീഡിയോ പുറത്തുവിട്ടാണ് മാത്യു കുഴല്നാടന്റെ പ്രതികരണം.
2017-2018 സാമ്പത്തിക വര്ഷത്തില് മാത്രം 60 ലക്ഷം രൂപ കൈപറ്റിയിട്ട് 25 ലക്ഷം രൂപയുടെ മാത്രം ജിഎസ്ടി അടച്ചിട്ടുള്ളൂ എന്ന് മാത്യു കുഴല്നാടന് ആരോപിച്ചു. വീണയും കമ്പനിയ്ക്കും സിഎംആര്എല് മാത്രമാണോ ഉപഭോക്താക്കളായിട്ടുള്ളോ എന്നും മാത്യു കുഴല്നാടന് ചോദിച്ചു.
പച്ചയായ സത്യങ്ങള് ഓരോ ദിവസവും പുറത്തുവരുമ്പോള് വെള്ളപൂശാന് ശ്രമിക്കുമ്പോള് നിങ്ങള് വികൃതമാവുകയേ ഉള്ളൂ, ആ പൈസ വാങ്ങിയെന്ന് ജനത്തോട് പറയുന്നതല്ലേ അന്തസ്, മറ്റെന്തെങ്കിലും കാരണം പറഞ്ഞാല് കുറച്ചു കൂടി അന്തസ്സുണ്ടാവും എന്ന് പറഞ്ഞാണ് മാത്യു കുഴല്നാടന് വീഡിയോ അവസാനിപ്പിക്കുന്നത്.