'നഷ്ടപരിഹാര തുകയായ 95 കോടി കൈമാറുന്നില്ല'; ആരോപണവുമായി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ

'സർക്കാർ പണം കൈമാറാത്തതിനാൽ യൂണിവേഴ്സിറ്റി സാമ്പത്തിക പ്രതിസന്ധിയിൽ'

dot image

മലപ്പുറം: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക സർക്കാർ കൈമാറിയില്ലെന്ന ആരോപണവുമായി കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ. 95 കോടി രൂപയാണ് സർവകലാശാലയ്ക്ക് നൽകാനുള്ളത്. സർക്കാർ പണം കൈമാറാത്തതിനാൽ യൂണിവേഴ്സിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എംഎസ്എഫ് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.

ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാറിന്റെ ട്രഷറിയിലേക്ക് നഷ്ടപരിഹാര തുകയായ 95 കോടി രൂപ നൽകിയിട്ടുണ്ട്. എന്നാൽ ഈ തുക സർക്കാർ സർവകലാശാലയ്ക്ക് കൈമാറുന്നില്ല എന്നതാണ് ആരോപണം. സർക്കാർ നിർദ്ദേശ പ്രകാരമാണ് ഈ തുക ട്രഷറിയിൽ നിക്ഷേപിച്ചത്. സ്വകാര്യ ബാങ്കുകളിലാണ് ഈ തുക നിക്ഷേപിച്ചതെങ്കിൽ പത്ത് കോടിയോളം പലിശ ഇനത്തിൽ ലഭിക്കുമായിരുന്നുവെന്നാണ് സിൻഡിക്കേറ്റിലെ എംഎസ്എഫ് അംഗങ്ങൾ പറയുന്നത്.

2021 മാർച്ചിലാണ് സർവകലാശാലയുടെ 14.7 ഏക്കർ ഭൂമി ദേശീയപാത നിർമ്മാണത്തിനായി വിട്ടുകൊടുത്തത്. സാമ്പത്തിക ഞെരുക്കം മൂലം സർവകലാശാലയിലെ ഫെലോഷിപ്പുകളും സ്കോളർഷിപ്പുകളും മുടങ്ങുന്നു. ഓഫ് ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും നൽകാതെയായി. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചുകൊണ്ട് ഫീസുകൾ അഞ്ച് ശതമാനത്തിലധികം വർധിപ്പിച്ചു. ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫീസും വർധിപ്പിച്ചെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.

സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾക്കായാണ് 95 കോടി രൂപ ഉപയോഗിക്കുന്നത്. സർക്കാരും സിൻഡിക്കേറ്റും ഒത്ത് കളിക്കുകയാണ്. ഈ തുക കൈമാറുകയാണെങ്കിൽ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുമെന്നും എംഎസ്എഫ് സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു. എന്നാൽ സർവകാലാശാല പുതുതായി സമർപ്പിക്കുന്ന ഏതെങ്കിലും പ്രൊജക്ടുകളുണ്ടെങ്കിൽ അതിന് ഈ തുക കൈമാറമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. പക്ഷേ ഇത് മതിയായ വിശദീകരണമല്ലെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പറഞ്ഞു.

തുക കൈമാറണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർ സർക്കാരിന് കത്ത് നൽകിയിരുന്നു. ദേശീയപാത നിർമ്മാണത്തിനായി വിട്ടുകൊടുത്ത ഭൂമി സർവകലാശലയുടേതാണെന്ന് തെളിയിക്കണമെന്ന പ്രതികരണമാണ് കത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image