എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം
എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല; മുൻകൂർ ജാമ്യത്തിന് ശ്രമിച്ചേക്കും

കൊച്ചി: എസി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മൊയ്തീന്‍ ഇന്ന് നിയമസഭാംഗങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ എസി മെയ്തീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് എസി മൊയ്തീന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

തൃശ്ശൂരിലും എറണാകുളത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡിന്റെ കൂടി പശ്ചാത്തലത്തിലാവും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ ഇഡിയുടെ തുടര്‍നടപടികള്‍. എസി മെയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന പി സന്തോഷ് കുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സന്തോഷ് കുമാറിന് അനധികൃതമായി ലോണ്‍ അനുവദിച്ചുവെന്ന് പറയപ്പെടുന്ന അയ്യന്തോള്‍, തൃശ്ശൂര്‍ സഹകരണ ബാങ്കുകളിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.

കരിവന്നൂര്‍ തട്ടിപ്പില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരുടെയും സംശയനിഴലില്‍ ഉള്ളവരുടെയും അടുത്ത കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. കരിവന്നൂര്‍ കള്ളപ്പണ കേസിലെ രണ്ടാം പ്രതി പിപി കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക്കിന്റെ കൊച്ചി കോമ്പാറയിലെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം ബിസിനസ് പങ്കാളികളുടെ കടലാസ് കമ്പനികളിലൂടെ വെളുപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദീപക്കിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്.

ജപ്തി ഭീഷണി നേരിടുന്നവരുടെ വായ്പ വിലയ്ക്ക് വാങ്ങി ഒന്നാം പ്രതി സതീഷ് തൃശൂര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ തുകയ്ക്ക് പണയം വച്ച് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെ റെയ്ഡ് നടന്നത്. കരിവന്നൂര്‍ തട്ടിപ്പുമായി ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍ അനില്‍ കുമാര്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വ്യാജ വിലാസത്തില്‍ 18.50 കോടി രൂപ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. അനിലിന്റെ ചേര്‍പ്പ് വെങ്ങിണിശേരിയിലെ വീട്ടീലും പരിശോധന നടത്തിയിരുന്നു. കുരിയച്ചിറ എസ്ടി ജ്വല്ലറിയിലും പരിശോധന നടന്നിരുന്നു. അനിലിന്റെ ബന്ധവും സ്വര്‍ണ്ണ മൊത്തവ്യാപാരിയുമായ സുനില്‍ കുമാറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് എസ്ടി ജ്വല്ലറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com