
മലപ്പുറം: 'ഇന്ഡ്യ' മുന്നണി വന്നപ്പോള് ബിജെപി വിരണ്ടുവെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. 'ഇന്ഡ്യ' എന്ന പേര് കണ്ടപ്പോള് ബിജെപി ചുവപ്പ് കണ്ട കാളയെ പോലെയായെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മോദിയുടേത് ഏകാധിപത്യമെന്നും കുഞ്ഞാലിക്കുട്ടി വിമര്ശനം ഉന്നയിച്ചു. ലോക്സഭാ സമ്മേളനത്തിന്റെ അജണ്ട ഇപ്പോഴും ആര്ക്കും അറിയില്ല. ഇപ്പോള് വന്ന അജണ്ടകള് ആളെ കളിപ്പിക്കാന് ഉള്ളതാണ്. പുറത്ത് വന്ന അജണ്ടകള് വിശ്വസിക്കാന് കഴിയാത്ത അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
2024 ല് ബിജെപിയെ തൂത്തെറിയുമെന്ന വിശ്വാസം ഇന്ഡ്യ സഖ്യത്തിനുണ്ടെന്ന് വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി ബിജെപിയെ കേരളത്തില് പ്രത്യേകമായി തേല്പ്പിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിച്ചു. ബിജെപി കേരളത്തില് കെട്ടിവെച്ച കാശിന് വേണ്ടി മത്സരിക്കുന്ന പാര്ട്ടിയായി മാറിയെന്ന് പരിഹസിച്ച കുഞ്ഞാലിക്കുട്ടി പുതുപ്പള്ളിയില് ബിജെപി അത് തെളിയിച്ചതായും പറഞ്ഞു.
സര്ക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്ശനം ഉന്നയിച്ചു. ചികിത്സ സഹായങ്ങള് ആശുപത്രികള് നിര്ത്തിക്കൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി സര്ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്നും ചോദിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി വരുമാനം ഇല്ലാതായെന്നും വികസനം മുരടിച്ചുവെന്നും പ്രതികരിച്ചു. ഇടതുപക്ഷം നന്നാവാന് പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കെതിരെ പ്രതികരിക്കാനുള്ള അവസരമായി ലോക്സഭാ തെരഞ്ഞെടുപ്പ് മാറുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സോളാർ ഗൂഢാലോചന കേസിൽ കുഞ്ഞാലിക്കുട്ടി വ്യക്തമായ പ്രതികരണം നടത്തിയില്ല. ഗൂഢാലോചന കേസ് അന്വേഷിക്കേണ്ടേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ പികെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. സോളാർ കേസ് അടഞ്ഞ അധ്യായമാണെന്നും ഗൂഢാലോചന എന്ന് പറഞ്ഞു വീണ്ടും സോളാറിലേക്ക് ആണ് ചർച്ച പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന കേസിലെ അന്വേഷണം സംബന്ധിച്ച് ആലോചിക്കേണ്ടവർ ആലോചിക്കട്ടെ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. 'ഉമ്മൻ ചാണ്ടി നിരപരാധി എന്ന് സിബിഐ തന്നെ തെളിയിച്ചു, ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ല'; കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.