
ഇന്ത്യയുടെ ഭരണഘടനാ ശിൽപി ഡോ. അംബേദ്കർ തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകിയത് പുസ്തകങ്ങൾക്കായിരുന്നു. പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ പോലും അംബേദ്കർ ദുഃഖിതനായത് ഇനി മുതൽ തനിക്ക് പുസ്തകങ്ങൾ വായിക്കാൻ കഴിയില്ലല്ലോ എന്ന് ചിന്തിച്ചാണ്. അംബേദ്കർ മാത്രമല്ല, സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റം സൃഷ്ടിച്ചവരൊക്കെയും പുസ്തകങ്ങളുടെയും വായനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്.
1945 സെപ്റ്റംബർ 14-ലാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നത്. എന്നാൽ അന്ന് കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ തിരുവിതാംകൂറിൽ മാത്രമായി ആ പ്രസ്ഥാനം ചുരുങ്ങി. പക്ഷേ മലബാറിൽ 1937 മുതൽ തന്നെ മറ്റൊരു ഗ്രന്ഥശാല പ്രസ്ഥാനം സജീവമായിരുന്നു. 1956ൽ സംസ്ഥാനം രൂപീകൃതമായതോടെ സംസ്ഥാന വ്യാപക പ്രസ്ഥാനമായി ഗ്രന്ഥശാലകൾ വളർന്നു. 1945ൽ കേവലം 47 ഗ്രന്ഥശാലകൾ മാത്രം ഉണ്ടായിരുന്ന കൗൺസിൽ ഇന്ന് 9515 ഗ്രന്ഥശാലകളുള്ള മഹത്തായ പ്രസ്ഥാനമാണ്.
സംസ്ഥാനത്തെ സാക്ഷരത നിരക്ക് വർദ്ധിപ്പിക്കുന്നത് മുതൽ പൗരബോധം വളർത്തുന്നതിൽ വരെ ഗ്രന്ഥശാലകൾ വലിയ പങ്കാണ് വഹിച്ചത്. വായന ഡിജിറ്റൽ ആയി മാറുന്ന കാലത്തിലും കേരളത്തിലെ വായനശാലകൾ സജീവമാണ്. അച്ചടിച്ച പുസ്തകങ്ങൾക്കൊപ്പം ഡിജിറ്റൽ വായനയുടെ സാധ്യതകളും ഒരുക്കി കേരളത്തിലെ ഗ്രന്ഥശാലകൾ കാലത്തിനൊപ്പം സ്വയം നവീകരിക്കുകയാണ്.