മാസപ്പടി വിഷയം: ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി

പരാതിയില്‍ വ്യക്തതയില്ലെങ്കിലും ഹര്‍ജി പരിഗണിക്കണം എന്നാണോ എന്ന് കോടതി ചോദിച്ചു
മാസപ്പടി വിഷയം: ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തതവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സിഎംആര്‍എല്‍ കരാര്‍ വഴി എന്ത് സാമ്പത്തിക നഷ്ടമുണ്ടായി? എന്ത് ദുസ്വാധീനമാണ് കെഎംആര്‍എല്‍ ചെലുത്തിയത്? കരാര്‍ വഴി സിഎംആര്‍എല്ലിന് ലഭിച്ച നേട്ടമെന്ത്? തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. പരാതിയില്‍ കുറ്റകൃത്യമെന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, പരാതിയില്‍ വ്യക്തതയില്ലെങ്കിലും ഹര്‍ജി പരിഗണിക്കണം എന്നാണോയെന്നും ഹര്‍ജിക്കാരനോട് ചോദിച്ചു.

സിഎംആര്‍എല്ലിന് കരാര്‍ ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന വാദമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടു വെച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നിയമവിരുദ്ധ പരിഗണന ലഭിച്ചുവെന്നും ഇതിന്റെ ഭാഗമാണ് സിഎംആര്‍എല്ലുമായുള്ള കരാറെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കണം എന്നാണ് വിധി. പ്രഥമദൃഷ്ട്യാ കുറ്റമില്ലെന്ന വിധി വസ്തുതകള്‍ പരിഗണിക്കാതെയാണ്. പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നാണ് സുപ്രിംകോടതി വിധി. പരാതി തള്ളാന്‍ കോടതിക്ക് കഴിയില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു.

സിഎംആര്‍എല്ലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. എക്സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2017 മുതല്‍ 20 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കാതെയാണ് വീണ വിജയന് പണം നല്‍കിയതെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു. 2017ല്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സിഎംആര്‍എല്‍ എക്‌സാലോജികിന് പണം കൈമാറിയത്.

നേരത്തെ സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയവരുടെ പേരുകളായി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്പാകെ ആദായനികുതി വകുപ്പ് ഹാജരാക്കിയ രേഖയില്‍ രാഷ്ട്രീയ നേതാക്കളുടെയും സര്‍വ്വീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥരുടെയും പേരുകള്‍ പണം വാങ്ങിയവരുടെ പട്ടികയിലുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com