
മദ ഗജ രാജയ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ദുഷാര വിജയൻ ആണ് സിനിമയിൽ നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. അഥർവയെ നായകനാക്കി ഒരുക്കിയ 'ഈട്ടി' എന്ന സിനിമയൊരുക്കിയ രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം നടൻ വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് വിവരം. നേരത്തെ സംവിധായകനും വിശാലും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ വിശാൽ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത് സിനിമയാണിത്.
#Vishal turns Director for #Magudam..heard about this After creative differences with director Ravi Arasu, Vishal has taken charge of directing the film himself.. pic.twitter.com/1wzDwNuZ9y
— Sugan Krish (@Im_Sugan07) October 15, 2025
റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എൻബി നിർവഹിക്കുന്നു. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മാർക്ക് ആന്റണിക്ക് ശേഷം ജിവി പ്രകാശ് കുമാറും വിശാലും ഒന്നിക്കുന്ന സിനിമയാണിത്. ചെന്നൈയിൽ 45 ദിവസം നീണ്ട് നിൽക്കുന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിശാലിന്റെതായി അവസാനം പുറത്തിറങ്ങിയ മദ ഗജ രാജ വലിയ വിജയമാണ് നേടിയത്. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 60 കോടിയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.
Content Highlights: Vishal turns director for next film