'ആരാധകരെ ശാന്തരാകാൻ വരട്ടെ…'; മോഹൻലാലിന്റെ ഒരു ഡസൻ ചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുന്നു

മലയാളത്തിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിക്കില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

'ആരാധകരെ ശാന്തരാകാൻ വരട്ടെ…'; മോഹൻലാലിന്റെ ഒരു ഡസൻ ചിത്രങ്ങൾ റീ റിലീസിന് ഒരുങ്ങുന്നു
dot image

റീ റിലീസ് ചിത്രങ്ങളിലും റെക്കോർഡ് സൃഷ്ടിക്കുന്ന മോഹൻലാലിന്റെ ഒരു ഡസൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. മലയാളത്തിൽ വേറെ ഒരു നടനും ഇത്രയും സിനിമകൾ റീ റിലീസ് ചെയ്ത് പ്രേക്ഷകരെ തിയേറ്ററിൽ കയറ്റാൻ സാധിക്കില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്ക് തീയേറ്ററുകളിൽ ലഭിച്ച മികച്ച സ്വീകാര്യതയാണ് താരത്തിന്റെ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. ഇനി റിലീസ് ചെയ്യാൻ പോകുന്ന സിനിമകളുടെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

നേരത്തെ പ്രഖ്യാപിച്ച പോലെ തന്നെ ഗുരു, ഉദയനാണ് താരം, സമ്മർ ഇൻ ബത്‌ലഹേം, നരൻ, തേന്മാവിൻ കൊമ്പത്ത് എന്നീ സിനിമകൾ ഉടൻ റിലീസ് ഉണ്ടാകും. ഇത് കൂടാതെ റൺ ബേബി റൺ, ഹാലോ, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ ഈ സിനിമകളും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

മോഹൻലാലിന്റേതായി മുൻപ് പുറത്തിറങ്ങിയ നാല് റീ റിലീസുകൾക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്‌ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ സിനിമകളാണ് ഇതിന് മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ. ഈ നാല് റീ റിലീസുകൾക്കും വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. ഭദ്രൻ ഒരുക്കിയ സ്‌ഫടികം പുത്തൻ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോൾ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്. ഏകദേശം 4 കോടിയോളമാണ് സിനിമ റീ റിലീസിൽ തിയേറ്ററിൽ നിന്നും വാരിക്കൂട്ടിയത്.

രണ്ടാം വരവിൽ ഗംഭീര അഭിപ്രായം നേടിയ ചിത്രമാണ് ദേവദൂതൻ. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്.

ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്. അതേസമയം, ഛോട്ടാ മുംബൈയാകട്ടെ ആദ്യ ദിനം മുതൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. ആദ്യ ദിവസം 40 ലക്ഷത്തോളമാണ് ഛോട്ടാ മുംബൈ നേടിയത്. 3.78 കോടിയാണ് സിനിമയുടെ ഫൈനൽ നേട്ടം.

അതേസമയം, ഇപ്പോൾ റിലീസ് ചെയ്ത രാവണപ്രഭു എറണാകുളം കവിത, കോഴിക്കോട് അപ്സര തുടങ്ങിയ തിയേറ്ററുകളിൽ അഞ്ചാം ദിനവും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. ഓരോ ഡയലോഗിനും പാട്ടുകൾക്കുമൊത്ത് ചുവടുവെക്കുന്ന ആരാധകരെ വീഡിയോയിൽ കാണാനാകും. വളരെ വേഗത്തിലാണ് ബുക്ക് മൈ ഷോയിൽ നിന്നും സിനിമയുടെ ടിക്കറ്റുകൾ വിറ്റ് പോകുന്നത്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷൻ കൂടാനാണ് സാധ്യത. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളക്ഷൻ മികച്ചതാണെങ്കിലും മോഹൻലാൽ സിനിമകളുടെ റീ റീലിസ് സിനിമകളുടെ കളക്ഷനെ മറികടക്കാൻ രാവണപ്രഭുവിന് ആയിട്ടില്ല.

Content Highlights: a dozen of mohanlal superhit movies to rerelease in theatres

dot image
To advertise here,contact us
dot image