
കോഴിക്കോട്: ഇന്ന് വൈകുന്നേരത്തോടെ പൂനെയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും നിപയാണോയെന്ന് സ്ഥിരീകരിക്കാന് കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്ജ്ജ്. ഇപ്പോള് നടക്കുന്നത് മുന്നൊരുക്ക പ്രവര്ത്തനങ്ങളാണെന്നും മന്ത്രി വിശദീകരിച്ചു. നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില് അത് മുന്കൂട്ടി കണ്ടുള്ള മുന്നൊരുക്കപ്രവര്ത്തനങ്ങളാണ് ഇപ്പോള് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില് അതിനനുസരിച്ചുള്ള തുടര്നടപടികള് സ്വീകരിക്കുമെന്നും വീണാ ജോര്ജ്ജ് പറഞ്ഞു. നിപയാണെങ്കില് സംസ്ഥാനത്ത് നിലവിലുള്ള പ്രോട്ടോക്കോള് അനുസരിച്ചുള്ള നടപടികള് സ്വീകരിക്കുമെന്നും മന്ത്രിവ്യക്തമാക്കി. കോഴിക്കോട് സംഭവിച്ച അസ്വഭാവിക പനിമരണങ്ങളുടെ സാഹചര്യം അവലോകനം ചെയ്യാന് കോഴിക്കോട് എത്തിയതായിരുന്നു ആരോഗ്യ മന്ത്രി.
ആദ്യഘട്ടത്തില് മരണം ലിവര്സിറോസിസ് എന്ന നിലയിലാണ് അടയാളപ്പെടുത്തപ്പെട്ടത്. അതുകൊണ്ടാണ് ആദ്യഘട്ടത്തില് ആ നിലയില് ഗൗരവത്തില് പരിഗണിക്കപ്പെടാതെ പോയത്. മരിച്ച വ്യക്തിയുടെ ഒമ്പത് വയസുകാരനായ മകന് ഇപ്പോള് വെന്റിലേറ്ററിലാണെന്നും മന്ത്രി വ്യക്തമാക്കി. മരിച്ചയാളുടെ സഹോദരന്റെ പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലാണ്. ഇത്തരത്തില് മരിച്ചയാളുടെ അടുപ്പത്തിലുള്ളവര്ക്കും അസ്വഭാവിക പനിലക്ഷണങ്ങള് കണ്ടതോടെയാണ് സംശയം തോന്നിയതെന്നും മറ്റു മുന്കരുതലുകള് സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
രണ്ട് അസ്വഭാവിക പനി മരണങ്ങളാണ് കോഴിക്കോട് ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി ഇപ്പോഴത്തെ സാഹചര്യത്തിന്റെ പശ്ചാത്തലവും വിശദീകരിച്ചു. 'കോഴിക്കോട് സ്വകാര്യ ആശുപത്രിയില് വെച്ച് ഒരു അസ്വഭാവിക പനിമരണമുണ്ടായി. അയാളുടെ കുടുംബത്തില്പ്പെട്ടവര്, കുട്ടികള് ഉള്പ്പെടെയുള്ളവര് പനി ബാധിച്ച് ആശുപത്രിയില് ചികിത്സയിലാണ്. അതിന്റെ അടിസ്ഥാനത്തില് അടിയന്തിര സര്വയലന്സിന് നിര്ദ്ദേശം നല്കി. ഇത്തരത്തില് പനിബാധിതരായവരുടെ കോണ്ടാക്ട്സ് പരിശോധിച്ചപ്പോള് അത് നിപയാകാനുള്ള സാധ്യതയുണ്ടെന്ന് സംശയിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്ത് ചെയ്യാന് കഴിയുന്ന പോയിന്റ് ഓഫ് കെയറിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനകള് നടത്തി'; മന്ത്രി വ്യക്തമാക്കി.
നിപയാണോയെന്ന് പരിശോധിക്കാന് കഴിയുന്നതും പ്രഖ്യാപിക്കാന് കഴിയുന്നതും പൂനെയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കാണെന്ന് പറഞ്ഞ മന്ത്രി നിലവില് മറ്റ് സംവിധാനങ്ങള്ക്കൊന്നും അത് ഔദ്യോഗികമായി സ്ഥിരീകരിക്കാന് കഴിയുന്നതല്ലെന്നും വ്യക്തമാക്കി. 'എന്ഐവി പൂനെയിലേക്ക് സാമ്പിള് അയച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം മറ്റൊരു വ്യക്തിയും അസ്വഭാവിക പനിബാധയെ തുടര്ന്ന് മരിക്കുന്നത്. ഇന്നലെ മരിച്ച വ്യക്തിയും നേരത്തെ മരിച്ച വ്യക്തിയും ഒരു മണിക്കൂര് സമയത്തോളം ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും ഒരുമിച്ച് ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാത്രി തന്നെ സര്വയലന്സ് ആരംഭിച്ചത്. അതിന് ശേഷം നിപ സംശയിക്കുകയും അതിന് വേണ്ടിയുള്ള പരിശോധനകള് ആരംഭിക്കുകയും ചെയ്തു. രണ്ടാമത്തെ മരണത്തിന്റെയും ആരോഗ്യവകുപ്പിന്റെ പരിശോധനകളുടെയും അടിസ്ഥാനത്തില് ഉന്നതതല യോഗം ചേരുകയും ഉന്നത ഉദ്യേഗസ്ഥര് കോഴിക്കോട് എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ കളക്ടറേറ്റില് ഉന്നതതല യോഗം ചേരുന്നുണ്ട്'; മന്ത്രി വ്യക്തമാക്കി.