
മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസിൽ വീണ്ടും പരാതി നൽകി കുടുംബം. മുഖ്യമന്ത്രി ഡിജിപി, പ്രതിപക്ഷ നേതാവ് എന്നിവർക്കാണ് പരാതി നൽകിയത്. ഉന്നത ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നും ഇവരെ മാറ്റി നിർത്തണമെന്നും അവശ്യപ്പെട്ടാണ് കുടുംബത്തിന്റെ പരാതി. മലപ്പുറം എസ്പി, താനൂർ ഡിവൈഎസ്പി, എഎസ്പി, സിഐ എന്നിവരെ മാറ്റി നിർത്തണമെന്നാണ് പരാതിയിൽ പറയുന്നത്. നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുടുംബം പരാതിയിൽ ആവശ്യപ്പെട്ടു.
അതേസമയം താനൂർ കസ്റ്റഡിക്കൊലക്കേസിലെ ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലും ദുരൂഹത. ആളും പദവിയും നോക്കിയാണ് കേസിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എംഡിഎംഎ പിടിക്കാൻ പോയ രണ്ട് പേർക്ക് കേസിൽ സസ്പെൻഷൻ ഇല്ല. എന്നാൽ എംഡിഎംഎ പിടുത്തവുമായി ഒരു ബന്ധവുമില്ലാത്തവരെ കേസിൽ സസ്പൻഡ് ചെയ്തു. താമിർ ജിഫ്രിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ഡാൻസാഫ് സംഘത്തിൻറെ റിപ്പോർട്ടിങ് ഓഫീസറായ എസ്പി തന്നെയാണ് ആരെയൊക്കെ സസ്പെൻഡ് ചെയ്യണമെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതെന്ന് റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണത്തിൽ കണ്ടെത്തി.
എസ്ഐ കൃഷ്ണലാലിൻ്റെ കൂടെ എംഡിഎംഎ പിടിക്കാൻ ആദ്യാവസാനം കൂടെയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരായ ലിബിനും ശ്രീഹരീഷിനും സസ്പെൻഷൻ ഇല്ല. ലിബിനും ശ്രീഹരീഷും ഡിവൈഎസ് പി വിവി ബെന്നിയുടെ അടുത്തയാളുകൾ ആണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകൾ വ്യക്തമാക്കുന്നത്. ഇവരെയാണ് എസ്ഐ കൃഷ്ണലാലിനെ അനുനയിപ്പിക്കാൻ തിരുവനന്തപുരത്തേക്ക് പറഞ്ഞ് അയച്ചതും. വി വി ബെന്നിയാണ് ഇരുവരെയും തിരുവനന്തപുരത്തേക്ക് അയച്ചത്.
കേസിൽ എസ്ഐ ഒഴികെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും സുരക്ഷിതരാണ്. സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സിഐ ജീവൻ ജോർജ്, എംഡിഎംഎ പിടിക്കാൻ പറഞ്ഞ എസ്എച്ച്ഒ ഷെഹൻ ഷാ ഐപിഎസ്, എല്ലാ കാര്യങ്ങളെ കുറിച്ചും അറിവുണ്ടായിരുന്ന ഡിവൈഎസ്പി വിവി ബെന്നി, ഡാൻസാഫിനെ നിയന്ത്രിക്കുന്ന എസ്പി സുജിത് ദാസ് തുടങ്ങി കേസുമായി നേരിട്ട് ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് ആർക്കും സസ്പെന്ഷന് ഇല്ല.