ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ കമ്മ്യൂണിസ്റ്റുകളില്ല: ഗ്രോ വാസു

റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ അരുണ്‍ കുമാറുമായി 'കോഫി വിത്ത് അരുണില്‍' ഗ്രോ വാസു പങ്കുവെച്ച വിശേഷങ്ങള്‍
ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ കമ്മ്യൂണിസ്റ്റുകളില്ല: ഗ്രോ വാസു

റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രഭാതപരിപാടിയായ കോഫി വിത്ത് അരുണില്‍ അതിഥിയായെത്തി ഗ്രോ വാസു. ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ഗ്രോ വാസു കഴിഞ്ഞ ദിവസമാണ് ജയില്‍മോചിതനായത്. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ അരുണ്‍ കുമാറുമായി 'കോഫി വിത്ത് അരുണില്‍' ഗ്രോ വാസു പങ്കുവച്ച വിശേഷങ്ങള്‍

ജയില്‍വാസം പുത്തരിയല്ല

തുടര്‍ച്ചയായി ഏഴ് കൊല്ലവും 2 മാസവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നു. പിന്നീട് പലപ്പോഴായി 1 മാസം 2 മാസം എന്നിങ്ങനെ കിടന്നിട്ടുണ്ട്.

പോയത് ജാമ്യം വേണ്ടെന്ന് തീരുമാനിച്ച്

ഞാന്‍ ഒരു പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് പുറപ്പെട്ടത്. ഇടയ്ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കണം അതിന് ഫ്‌ളാസ്‌ക് വേണം, തോര്‍ത്ത് വേണം അങ്ങനെ ജയിലില്‍ കുറച്ച് നാള്‍ കഴിയാനുള്ള സജ്ജീകരണങ്ങളോടെയാണ് ഞാന്‍ പോയത്.

ആളുകള്‍ പിന്തിരിപ്പിച്ചു

എന്റെ സുഹൃത്തുക്കളായിട്ടുള്ള വക്കീലന്മാരെല്ലാം പറഞ്ഞു ഈ പ്രായത്തില്‍ സുഖമില്ലാത്തപ്പോള്‍ ജയിലില്‍ പോയി കിടക്കണ്ടെന്ന്.

ആസ്ത്മ

ആസ്ത്മ ഉണ്ട്. ജയിലില്‍ നിന്ന് വന്നതിന് ശേഷം ചെറുതായി ആത്സമയുടെ ശല്യമുണ്ട്.

സീസണില്‍ കുട നിര്‍മ്മാണം

ഇപ്പോള്‍ കുടനിർമാണം ഇല്ല. കുടയുടെ സീസണ്‍ ജൂണ്‍ ജൂലായ് ആണ്. അതു കഴിഞ്ഞു. ഇപ്പോ എന്തെങ്കിലും വായിക്കും. സ്‌നേഹിതന്മാര്‍ ആരെങ്കിലും വരും.

ഗ്രോ വാസുവെന്ന പേരിന് പിന്നില്‍

ഗ്രോ വാസു എന്നതിനെ സംബന്ധിച്ച് ഞാന്‍ പറയാം. ഗ്വാളിയര്‍ റയണ്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കേഴ്‌സ് എന്നായിരുന്നു ഞങ്ങളുടെ യൂണിയന്റെ പേര്. ആ പേരിന്റെ ഷോര്‍ട്ടാണ് ഈ ഗ്രോ എന്നത്. ഇവിടെ ഈ ഓഫീസില്‍ ദീര്‍ഘകാലമായി ഞാന്‍ ഒറ്റക്കാണ് താമസം.

കുടുംബക്കാരൊക്കെയായി ബന്ധമുണ്ട്

കോട്ടൂളി അംശത്തില്‍ അയിനോര് തറവാട് എന്ന് പറയുന്നതാണ് എന്‍റെ കുടുംബം. ആ കുടുംബത്തില്‍ ഇന്ന് 150പേരോളം വരും. അതില്‍ ഏറ്റവും സീനിയറാണ് ഞാന്‍. എന്റെ താവഴിയില് അവസാനത്തെ ആളാണ് ഞാന്‍. കുടുംബക്കാരെല്ലാം എന്‍റെയടുത്ത് വരാറുണ്ട് ഞാന്‍ അവിടെ പോകാറുണ്ട്. മരുമക്കളെല്ലാം ഭക്ഷണം തരാറുണ്ട്, വസ്ത്രമൊക്കെ അലക്കികൊണ്ടുവന്ന് തരാറുണ്ട്.

ജീവിത സ്വപ്‌നങ്ങള്‍ വേണ്ടെന്ന് വച്ചതല്ല

ജീവിത സ്വപ്നങ്ങള്‍ വേണ്ടെന്ന് വച്ചതല്ല. അതെല്ലാം യാദൃശ്ചികമായി സംഭവിച്ച് പോയതാണ്. പത്ത് പതിമൂന്ന് വയസ്സില്‍ തന്നെ ഒരുരാഷ്ട്രീയ ആദര്‍ശം ഞാന്‍ സ്വീകരിച്ചു. ചെങ്കെടി പിടിച്ച് 13 വയസ്സില്‍ ബാലസംഘത്തില്‍ ചേര്‍ന്നതാണ് ഞാന്‍. പിന്നീട് 16വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് 1948ല്‍ പതിനെട്ടാമത്തെ വയസ്സില്‍ പൊലീസുമായുള്ള കളി തുടങ്ങി. ഇപ്പോഴും ഞാനും പൊലീസും അത് തുടര്‍ന്ന് പോകുന്നുണ്ട്.

പൊലീസുമായുള്ള സംഘര്‍ഷം

നമ്മുടെ കുട്ടിക്കാലത്ത് മിഥുനം കര്‍ക്കിടക മാസത്തില്‍ അച്ഛന് ജോലിയില്ലാത്ത സമയത്ത് ഞാനും അനുജനും അമ്മയുമെല്ലാം പട്ടിണി കിടന്നിട്ടുണ്ട്. രാത്രി ഒന്നും കഴിക്കാതിരിക്കുകയും രാവിലെ ഒന്നും കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതി. അതിന്റെ പേരില്‍ അമ്മ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ദിവസം 3000ത്തോളം കുഞ്ഞുങ്ങള്‍ ഈ അനുഭവം കൊണ്ട്, പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ദരിദ്രമായ ആഫ്രിക്കയിലെ നൈജീരിയ സോമാലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് തുല്യമായ സ്തിതിയാണ് നമ്മുടേത്. പട്ടിണിയില്‍ 113 അങ്ങനെയെന്തോ ആണ് നമ്മുടെ സ്ഥാനം. നമ്മുടെ ചുറ്റുവട്ടത്ത് ബംഗ്ലാദേശായിരുന്നു ഏറ്റവും ദരിദ്രം. ഇപ്പോള് ബംഗ്ലാദേശിനെക്കാള്‍ ദരിദ്രമാണ് നമ്മള്. നമ്മുടെ പ്രധാനമന്ത്രി 25 കൊല്ലം കഴിഞ്ഞ് നമ്മള്‍ എത്തുന്ന സ്ഥിതിയെക്കുറിച്ച് വ്യാമോഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഹിറ്റ്‌ലറുമങ്ങനെ തന്നെയാ. ഫാസിസ്റ്റുകളെല്ലാം അങ്ങനെ തന്നെയാണ്. ഇവിടെയാണെന്ന് വച്ചാല്‍, ഞാന്‍ പറഞ്ഞല്ലോ 48ല്‍ എനിക്ക് പതിനെട്ട് വയസ്സാ, അന്ന് മുതല്‍ കമ്മ്യൂണിസ്റ്റുകളെ കാണുന്നുണ്ട്. ഒളിവിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികാലവും എനിക്കറിയാം. എന്റെ അമ്മ ഒരുപക്ഷെ ഭക്ഷണം കൊടുക്കാത്ത മലബാറിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

വിവാഹം കഴിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ല

ഞാനിതൊന്നും തീരുമാനിച്ചിട്ടില്ല. വിവാഹം ആണല്ലോ നമ്മുടെ സമൂഹത്തിലെ പ്രധാനപ്പെട്ടൊരു കാര്യം. അത് വേണ്ടെന്ന് ഞാന്‍ ഒരിക്കലും തീരുമാനിച്ചില്ല. ആക്കാര്യത്തില്‍ പലതവണ അച്ഛനും അമ്മയും പലപ്പോഴും പരിശ്രമിച്ചതാണ്. അപ്പോഴൊന്നും എനിക്ക് അതിന് സാധ്യതയുണ്ടായിരുന്നില്ല.

പ്രധാനപ്പെട്ട സ്‌നേഹം ചെങ്കൊടിയോടായിരുന്നു

എല്ലാ കുട്ടികളും വളര്‍ന്ന് വരുന്നത് പോലെയാണല്ലോ ഞാനും വളര്‍ന്ന് വന്നത്. എനിക്കും വിവാഹം ചെയ്യണമെന്നുണ്ടായിരുന്നു. 10-18 വയസ്സില്‍ തന്നെ അടുത്ത പെണ്‍കുട്ടികളുമായൊക്കെ സ്‌നേഹുമുണ്ടായിരുന്നു. അപ്പോഴൊക്കെ എന്റെ പ്രധാനപ്പെട്ട സ്‌നേഹം എന്റെ ആദര്‍ശത്തോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടും ചെങ്കൊടിയോടുമായിരുന്നു.

ഇഷ്ടമായിരുന്നു, ആദ്യകാല മന്ത്രിസഭയിലെ ഇഎംഎസിനെ

അധികാരത്തില്‍ വന്ന ആദ്യകാല മന്ത്രിസഭയിലെ മുഴുവന്‍ ആളുകളെയും എനിക്ക് സ്‌നേഹമായിരുന്നു. ഇഎംഎസിനെ തോമസിനെ എല്ലാവരോടും വളരെ വളരെ സ്‌നേഹമായിരുന്നു. അതൊക്കെ പോയത് പിന്നീടാണ്.

പ്രലോഭനം ഉണ്ടായിട്ടുണ്ട്, കുടുങ്ങിയില്ല

എനിക്കും പ്രലോഭനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്റെ പ്രലോഭനം എന്റെ ആദര്‍ശമായിരുന്നു. മീന്‍പിടുത്തം, ഫുട്‌ബോള്‍, ലൈബ്രറി ഇതൊക്കെയായിരുന്നു എന്റെ ഹോബി. മറ്റ് രീതിയിലുള്ള പ്രലോഭനങ്ങള്‍ 1964ല്‍ തുടങ്ങി. കോമണ്‍വെല്‍ത്തില്‍ ഞാനൊരു തൊഴിലാളിയായിരുന്നു, തൊഴിലാളി നേതാവായിരുന്നു. ആദ്യത്തെ പ്രലോഭനത്തിന്റെ സൂചനയാണ്, ഇത് വരെ ആരോടും പറഞ്ഞിട്ടില്ല കോമണ്‍വെല്‍ത്തിലെ ഒരു സമരം നയിച്ചു. സിപിഐഎമ്മും സിപിഐയും തമ്മിലുള്ള മത്സരം മൂലം 99 ദിവസം നടത്തിയ സമരം പരാജയപ്പെട്ടു. പക്ഷെ ഞാന്‍ ആ പോരാട്ടം ഇന്‍ഡസ്ട്രീയല്‍ ട്രിബ്യൂണലിലൂടെ കൊണ്ടുപോകുകയും ചെയ്തു. അവസാനം മാനേജ്‌മെന്റ് തന്നെയൊരു സന്ധിസംഭാഷണത്തിന്റെ പ്രശ്‌നം മുന്നോട്ടുവച്ചു. അത് ഞാന്‍ തള്ളിയെങ്കിലും ഇന്‍ഡസ്ട്രീയല്‍ ട്രിബ്യൂണല്‍ ജഡ്ജി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഹോട്ടലില്‍ വച്ച് യൂറോപ്യന്‍സുമായി ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുകയും ചെയ്തു. ആ ഒത്തുതീര്‍ത്ത് ചര്‍ച്ച ഒന്നുരണ്ട് മാസം തുടര്‍ച്ചയായി നടന്നു. അതിനെ തുടര്‍ന്ന് വേതനത്തിലും വലിയ മാറ്റമുണ്ടായി. അത് കോഴിക്കോട്ടെ മേച്ചില്‍ തൊഴിലാളികളുടെ ചരിത്രത്തിലില്ലാത്ത വലിയ നേട്ടമായാണ് ഇത് മാറിയത്.

1946ല്‍ നടന്ന മൂന്ന് മാസ സമരത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. കൃഷ്ണറാവും അവാര്‍ഡ് എന്ന പേരില്‍ അവാര്‍ഡ് വന്നപ്പോള്‍ ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക് 12 അണയില്‍ നിന്ന് 1.25 രൂപയായി കൂലിവര്‍ദ്ധിപ്പിച്ചു. ആ കൂലി തന്നെയാണ് 1964ല്‍ ഞങ്ങള്‍ പണിമുടക്കുന്നത് വരെ കിട്ടിയിരുന്നത്. ഈ പത്തിരുപത് വര്‍ഷം കൊണ്ട് സാധനങ്ങളുടെ വില എത്രവര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയായിരുന്നു ഞങ്ങളുടെ യൂണിയന്‍ നേതാക്കളും. അവരുടെ നയവും പരിപാടിയുമൊക്കെ മുതലാളിമാര്‍ വളര്‍ന്ന് വരണമെന്നായിരുന്നു എന്നത് പിന്നീടാണ് എനിക്ക് മനസ്സിലായത്. എന്തായാലും ഞങ്ങള് ഒരു പുതിയ ടീം സിപിഐയിലെ നേതാക്കളെ യൂണിയനില്‍ നിന്നും പുറത്താക്കി. അങ്ങനെയാണ് ഞാന്‍ 1964ല്‍ ട്രേഡ് യൂണിയന്‍ നേതാവായത്. ആ ഒത്തുതീര്‍പ്പില്‍ അടിസ്ഥാന ശമ്പളം 1.25 രൂപ എന്നത് 3 രൂപയായി വര്‍ദ്ധിച്ചു. ഈ രീതിയില്‍ അവര്‍ക്ക് ശമ്പളക്കുടിശിക എന്ന നിലയില്‍ 250 രൂപവീതം ലഭിച്ചു. അന്ന് പവന് 80 രൂപയായിരുന്നു എന്നോര്‍ക്കണം.

അന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ യൂറോപ്യന്‍ പ്രതിനിധിയായി പങ്കെടുത്ത രാമചന്ദ്രന്‍ വിളിച്ചിട്ട് പറഞ്ഞത് നിങ്ങള്‍ പറഞ്ഞത് തന്നെയാണ് ഞങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുത്തിരിക്കുന്നത്. അതൊരു ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയിട്ട് നിങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ ചെയ്തു ഇനി നിങ്ങള്‍ക്ക് വേണ്ടിയിട്ട് എന്താണ് ഞങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് വേണ്ടിയിട്ടല്ല ഞങ്ങള്‍ സമരം നടത്തിയത്, എനിക്ക് വേണ്ടിയിട്ടല്ല ഈ ഒത്തുതീര്‍പ്പ് സംഭാഷണം തൊഴിലാളികള്‍ക്ക് വേണ്ടിയിട്ടായിരുന്നു. നിങ്ങള്‍ തൊഴിലാളികള്‍ക്ക് എല്ലാം കൊടുത്തു. അതില്‍ എനിക്കും നല്ല സംതൃപ്തിയുണ്ട്, ആ സംതൃപ്തി മതിയെന്ന് അന്ന് പറയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ രീതിയില്‍ എനിക്ക് അതിജീവിക്കാന്‍ കഴിഞ്ഞത് ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണികിടന്ന് മരിക്കുന്നുവെന്ന എന്റെ ബോധ്യമാണ്.

വ്യായാമം

ഇപ്പോള്‍ ജയിലില്‍ ആയതിന് ശേഷം വ്യായാമം ചെയ്യാറില്ല. അതിന്റെ ക്ഷീണം ഉണ്ട്. സൗകര്യമുള്ള ദിവസം ഒരുമണിക്കൂര്‍ രാവിലെ വ്യായാമം ചെയ്യും. വൈകുന്നേരവും കുളിക്കാന്‍ പോകുന്നതിന് മുമ്പ് വ്യായാമം ചെയ്യും. എന്റെ ഒരു സുഹൃത്ത് കോട്ടുളിയില്‍ ജിം നടത്തുന്നുണ്ട്. അവിടെ പോയിട്ട് കുറച്ച് ലൈറ്റ് വ്യായാമം ചെയ്യും. മനസ്സിനും ശരീരത്തിനും കരുത്തില്ലായ്മ ഇല്ല. അല്ലെങ്കില്‍ ഇപ്പോഴും പൊലീസുകാരോട് യുദ്ധം ചെയ്യാന്‍ കഴിയില്ലല്ലോ

ഇപ്പോഴത്തെ ജയില്‍ സ്വര്‍ഗ്ഗം

നേരത്തെ ജയിൽ നരകമായിരുന്നെങ്കില്‍ ഇന്ന് സ്വര്‍ഗ്ഗമായിരുന്നെന്ന് പറയാം. ജയിലില്‍ ഇപ്പോള്‍ കിടക്കുന്നവരുടെ അനുഭവമായിരിക്കില്ല എനിക്കെന്ന് നിശ്ചയമായും പറയാം. ഞാന്‍ നേരത്തെ ജയിലില്‍ കിടന്നിരുന്ന സമയത്ത് ഏറ്റവും ഭീകരമായിട്ടുള്ള തടവാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറും അടച്ചിടുക, അതെന്നോടുള്ള പ്രതികാരമായിരുന്നു. 24 മണിക്കൂര്‍ ജയിലല്‍ അടച്ചിടുന്നതൊരു ശിക്ഷയാണ്. മൂന്ന് മാസം വരെയൊക്കെ ഇങ്ങനെ അടച്ചിടാം, പക്ഷെ അയാള്‍ ഒരു കുറ്റം ജയിലില്‍ ചെയ്തിരിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ ജയില്‍ സൂപ്രണ്ടിന് വിചാരണ ചെയ്യാം, ഒരാഴ്ച മുതല്‍ മൂന്ന് മാസംവരെ ശിക്ഷിക്കാം. അങ്ങനെ മാത്രം ശിക്ഷിക്കാവുന്ന സിംഗിള്‍ സെല്ലില്‍ 7 വര്‍ഷവും 2 മാസവും 24 മണിക്കൂര്‍ അടച്ചിട്ടു. ഭ്രാന്താവാന്‍ വേണ്ടിയിട്ടാണ് അങ്ങനെ ചെയ്തത്.

അങ്ങനെ അടച്ചിട്ട ഞങ്ങളുടെ കേസിലെ ഒരു പ്രതി, അദ്ദേഹം ഒരുകുറ്റം ചെയ്തിട്ടുണ്ടായിരുന്നു. പൊലീസ് പിടിച്ചപ്പോള്‍ അദ്ദേഹം തടവില്‍ നിന്ന് രക്ഷപെട്ടിരുന്നു. അദ്ദേഹത്തിന് രണ്ട് കൊല്ലംകൊണ്ട് ഭ്രാന്തായി. ഞാനും ഇവിടെ വന്നപ്പോള്‍ ചിലഭ്രാന്തൊക്കെ കാണിച്ചുവെന്നാണ് കുടുംബം പറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഞങ്ങളുടെ നക്‌സല്‍ സഖാക്കളെ ഇങ്ങനെ ഇട്ടിട്ട് മൂന്നാലാളുകള്‍ക്ക് ഭ്രാന്തായി എന്നാണ് എന്നോട് എന്റെ് സുഹൃത്തുക്കള്‍ പറഞ്ഞത്. നക്‌സലൈറ്റുകളെ ഭ്രാന്തന്മാരാക്കാന്‍ അന്നെടുത്തിരുന്ന ഒരുനിലയായിരുന്നിത്. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരന്‍ ആക്കിയപ്പോള്‍ 2 മണിക്കൂറൊക്കെ പുറത്തിറങ്ങി നടക്കാന്‍ അവസരം കിട്ടി.

ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ കമ്മ്യൂണിസ്റ്റുകളില്ല

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ ആരെങ്കിലും കമ്മ്യൂണിസ്റ്റുകളായി എനിക്ക് തോന്നിയിട്ടില്ല. അവരില്‍ ഇഷ്ടമുള്ള അപൂര്‍വ്വം ചിലരെ എനിക്ക് തിരഞ്ഞെടുക്കാം മറ്റുരാഷ്ട്രീയ പാര്‍ട്ടികളിലും എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്. സംഘപരിവാറിലും നല്ല സുഹൃത്തുക്കളുണ്ട്. അതുപോലെ വേണമെങ്കില്‍ നല്ല മനുഷ്യന്മാരെന്ന നിലയില്‍ ചിലരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ കഴിയും പക്ഷെ കമ്യൂണിസ്റ്റുകാരെന്ന നിലയില്‍ അവരെ വിചാരിക്കുന്നില്ല.

കനോലിക്കനാലില്‍ ആരെങ്കിലും മീന്‍പിടിക്കുമോ

മീന്‍പിടിക്കാന്‍ ഇപ്പോള്‍ പോകാറില്ല. കനോലിക്കനാല്‍ അത്രമാത്രം മോശമാക്കി കളഞ്ഞല്ലോ നമ്മുടെ കോര്‍പ്പറേഷന്‍. ഇപ്പോ ആരെങ്കിലും വീശാനോ മുങ്ങനോ പോകുമോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com