Top

മിസൈല്‍ പരീക്ഷണത്തിനിടെ സിനിമാറ്റിക് എന്‍ട്രിയുമായി കിം; വീഡിയോ പുറത്തുവിട്ട് ഉത്തര കൊറിയ

2017 ന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യത്തെ ഐസിബിഎം പരീക്ഷണം കൂടിയാണിത്.

25 March 2022 2:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിസൈല്‍ പരീക്ഷണത്തിനിടെ സിനിമാറ്റിക് എന്‍ട്രിയുമായി കിം; വീഡിയോ പുറത്തുവിട്ട് ഉത്തര കൊറിയ
X

ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ സൈന്യം പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം നടത്തി. ആണവശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ആണ് കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ഹ്വാസോങ്-17 എന്ന പേരിലുള്ള 'സൂപ്പർ ലാർജ്' ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. 2017 ന് ശേഷമുള്ള ഉത്തര കൊറിയയുടെ ആദ്യത്തെ ഐസിബിഎം പരീക്ഷണം കൂടിയാണിത്. ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചതിൽ ഏറ്റവും വലിയ ഐസിബിഎം ആണിതെന്നും വിദഗ്ധർ പറയുന്നു.

മിസൈലിന്റെ വിക്ഷേപണ വീഡിയോ നോർത്ത് കൊറിയ ടിവി പുറത്തുവിട്ടിട്ടുണ്ട്. ഭീമാകാരമായ മിസൈലിനൊപ്പം ലെതർ ജാക്കറ്റും, സൺഗ്ലാസും ധരിച്ചെത്തുന്ന കിം ജോങ് ഉന്നാണ് വീഡിയോയിലെ മറ്റൊരു ആകർഷണം. ഹ്വാസോങ്-17 മിസൈൽ തൊടുത്തുവിടാൻ തയ്യാറെടുക്കുമ്പോൾ, നേതാവ് കിം ജോങ് ഉൻ, രണ്ട് ജനറലുകൾക്കൊപ്പം സ്ക്രീനിലേക്ക് എത്തുന്നു. കിം ജോങ് സ്ലോ മോഷനിൽ നടന്നെത്തുന്നു, വാച്ചുകളിലെ സമയം പരിശോധിക്കുന്നു, പിന്നാലെ സൺഗ്ലാസ് ഊരിമാറ്റി തലയാട്ടുന്നു, ഭീമാകാരമായ മിസൈൽ വിക്ഷേപിക്കുവാൻ യഥാസ്ഥാനത്തേക്ക് നീങ്ങുന്നു. ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗിതം വീഡിയോ കൂടുതൽ ആകർഷകമാക്കുന്നു. സിനിമകളിലെ ക്ലെെമാക്സ് രംഗത്തിന് സമാനമായാണ് കൗണ്ട്ഡൗൺ രംഗം ചിത്രീകരിച്ചിരിക്കുന്നത്.

വീഡിയോയുടെ ശൈലി പ്യോങ്‌യാങ്ങിന്റെ സൈനിക ശേഷിയിൽ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രകടമാക്കുന്നതാണെന്ന് വിദഗ്ദർ പറഞ്ഞു. ഹ്വാസോങ്-17 എന്ന ഭീമാകാരമായ ഐസിബിഎം ആദ്യമായി 2020 ഒക്ടോബറിൽ അനാച്ഛാദനം ചെയ്തിരുന്നു. അന്ന് "മോൺസ്റ്റർ മിസൈൽ" എന്നാണ് വിദഗ്ധർ അതിനെ വിശേഷിപ്പിച്ചത്.

കിമ്മിന്റെ പിതാവും മുൻഗാമിയുമായ കിം ജോങ് ഇൽ 1978-ൽ ഒരു ദക്ഷിണ കൊറിയൻ ചലച്ചിത്ര സംവിധായകനെയും ഒരു നടിയെയും ഉത്തരകൊറിയയിലെ സിനിമാ വ്യവസായത്തിന്റെ വികസനത്തിനായി തട്ടിക്കൊണ്ടുപോകാൻ ഉത്തരവിട്ട കടുത്ത സിനിമാ ആരാധകനായിരുന്നു. ഇപ്പോൾ പുറത്തുവിട്ട പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ പ്രചരണ വീഡിയോ "ക്വെന്റിൻ ടരാന്റിനോയുടെ ക്രൈം ഫിലിമായ 'റിസർവോയർ ഡോഗ്‌സ്', 'ന്യൂ വേൾഡ്' എന്നിവയെ ഓർമ്മിപ്പിക്കുന്നു.

ആയുധ പരിപാടികൾക്കായി ഉത്തര കൊറിയ ഇതിനകം തന്നെ അന്താരാഷ്ട്ര ഉപരോധങ്ങൾക്ക് വിധേയമാണ്, വിക്ഷേപണത്തെക്കുറിച്ച് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും. ഉത്തര കൊറിയയുടെ വർധിച്ചുവരുന്ന മിസൈൽ പരീക്ഷണങ്ങൾ യുഎസിനും പ്രാദേശിക സഖ്യകക്ഷികൾക്കും നേരെയുള്ള ഭീഷണിയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പങ്കെടുത്ത വിക്ഷേപണം മാർച്ച് 24 വ്യാഴാഴ്ചയാണ് നടന്നത്. 4,052 സെക്കൻഡ് അല്ലെങ്കിൽ 67.5 മിനിറ്റ് നീണ്ടുനിന്ന പരീക്ഷണത്തിനിടെ മിസൈൽ 1,090 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ജപ്പാന്റെ കിഴക്കൻ കടലിൽ കൃത്യമായി വീഴ്ത്തുന്നതിൽ വിജയിച്ചുവെന്ന് പറയുന്നതിനപ്പുറം മിസൈൽ എവിടെയാണ് പതിച്ചതെന്ന് ഉത്തര കൊറിയൻ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. അയൽ സംസ്ഥാനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ലംബമായി പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Story highlights: North Korea Just Openly Tested Its First ICBM Since 2017, Kim in cinematic entry

Next Story