Top

സിറിയയിൽ ഐഎസ് ശക്തമായി തിരിച്ചു വന്നേക്കും; രഹസ്യ നീക്കങ്ങൾ സജീവം

6 Nov 2021 5:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിറിയയിൽ ഐഎസ് ശക്തമായി തിരിച്ചു വന്നേക്കും; രഹസ്യ നീക്കങ്ങൾ സജീവം
X

അഫ്​ഗാനിസ്താനിലെ ഐഎസ് ശാഖയായ ISIS-K രാജ്യത്ത് നിരന്തര ആക്രമണങ്ങൾ നടത്തവെ ഐഎസിന്റെ പ്രഭവകേന്ദ്രങ്ങൾ സംഘം വീണ്ടും ശക്തിപ്രാപിക്കുന്നതായി സൂചന. സിറിയയിലും, ഇറാഖിലും ഐഎസ് രഹസ്യമായി വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഏകദേശം പതിനായിരത്തോളം ഐഎസ് അം​ഗങ്ങൾ‌ ഇരു രാജ്യങ്ങളിലും രഹസ്യ സെല്ലുകളിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളിലും ചെറിയ തോതിൽ നിലവിൽ ഐഎസ് ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത് താഴേത്തട്ടിലുള്ള ചെറിയ സംഘർഷങ്ങളാണ് എന്നാണ് സൈനിക തലത്തിലുള്ള അനുമാനം.

എന്നാൽ ഐഎസിന്റെ ഈ സ്ഥിതിയിൽ മാറ്റം വരാനും പൂർവാധികം ശക്തിയിൽ ആക്രമണങ്ങൾ നടത്താനുമുള്ള സാധ്യതയുണ്ടെന്ന് അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. പ്രത്യേകിച്ച് സിറിയയിൽ ഐഎസ് തിരിച്ചു വരവുനുള്ള എല്ലാ സാധ്യതയുമുണ്ട്. മേഖലയിലെ യുഎസ് ഓപ്പറേഷനുകൾ സംബന്ധിച്ച് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡിഫൻസ് ഡിപ്പാർട്മെന്റ് ഇൻസ്പെക്ടർ ജനറലിനു നൽകിയ ത്രൈമാസ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സെപ്റ്റംബർ മുതൽ സിറിയയിൽ നടത്തുന്ന ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

ഇതിനു പുറമെ ഐഎസ് തങ്ങളുടെ ചില അം​ഗങ്ങളെ സിറിയയിലെ സെൻട്രൽ ഡെസേർട്ടിൽ നിന്നും വടക്കു കിഴക്കൻ മേഖലയിലേക്ക് മാറ്റിയതായും യുഎസ് ഇന്റലിജൻസ് വിഭാ​ഗം വ്യക്തമാക്കുന്നു. ഐഎസ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണിതെന്നാണ് സൂചന. സായുധ സേന എന്നതിലുപരിയായി ഐഎസ് ആശയങ്ങൾ ജനങ്ങളിൽ സ്വാധീനമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കാനിടയുണ്ട്. കഴിഞ്ഞ മാസം സിറിയൻ ഡെമോക്രാറ്റിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായ എൽഹാം അഹമ്മദ് വാഷിം​ഗ്ടൺ സന്ദർശനത്തിൽ ഇതിന്റെ സൂചന നൽകിയിരുന്നു. സിറിയയിലെ റഖ, ദെയർ അൽ സിയർ തുടങ്ങിയ തന്ത്ര പ്രധാന ന​ഗരങ്ങളിൽ ഐഎസ് തങ്ങളുടെ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഐഎസിന് വീണ്ടും ഫണ്ടുകൾ സമാഹരിക്കാൻ കഴിയുന്നുണ്ടെന്ന് ദെയ്ർ അൽ സൊർ സിവിൽ കൗൺസിൽ കോ-പ്രസിഡന്റ് ​​ഗസ്സൻ അൽ യൂസഫ് പറയുന്നു. സിറിയയിലെ അൽ ​ഹോൽ ക്യാമ്പിൽ ഐഎസിൽ ചേർന്ന സ്ത്രീകളും അവരുടെ കു‌ട്ടികളുമുൾപ്പെടെ 60000 ത്തോളം പേർ അഭയാർത്ഥികളായി കഴിയുന്നുണ്ട്. ഈ സ്ത്രീകളെ വീണ്ടും ഐഎസിലേക്കെത്തിക്കാനും കുട്ടികൾക്ക് പരിശീലനം നൽകുന്നതുമായും സൂചനയുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗത്തു നിന്നുള്ള ഭീകരാനുകൂല സംഘടനകളിൽ നിന്ന് സംഭാവനകളെത്തുന്ന അൽ ഹോൽ ക്യാമ്പ് ഐഎസിന്റെ സാമ്പത്തിക ശക്തി കേന്ദ്രമായി തുടരുന്നുവെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകുന്നു. പണം, പോരാളികൾ എന്നിവ സിറിയയിൽ നിന്നും ഇറാഖിലേക്ക് സു​ഗമമായി നീങ്ങുകയും ചെയ്യുന്നുണ്ട്. ഇറാഖിലും ഐഎസ് നിലവിൽ ആക്രമണങ്ങൾ അങ്ങിങ്ങായി നടത്തുന്നുണ്ട്.

Next Story