140 ദശലക്ഷം മൈല്‍ ദൂരത്തുനിന്ന് ഭൂമിയിലേക്ക് ലേസര്‍ മെസേജ്; വെളിപ്പെടുത്തി നാസ

ഇതിന് പിന്നിലെ നിഗൂഢതയും നാസ തന്നെ നീക്കുന്നുണ്ട്
140 ദശലക്ഷം മൈല്‍ ദൂരത്തുനിന്ന് ഭൂമിയിലേക്ക് ലേസര്‍ മെസേജ്; വെളിപ്പെടുത്തി നാസ

വാഷിങ്ടണ്‍: ദശലക്ഷക്കണക്കിന് മൈലുകള്‍ക്ക് അകലെ ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് ഒരു സിഗ്നല്‍ ലഭിച്ചതായി വെളിപ്പെടുത്തി നാസ. 140 ദശലക്ഷം മൈല്‍ ദൂരത്തുനിന്നുള്ള സിഗ്നലാണ് ഭൂമിയില്‍ പതിച്ചത്. ഇതിന് പിന്നിലെ നിഗൂഢതയും നാസ തന്നെ നീക്കുന്നുണ്ട്. നാസയുടെ പുതിയ ബഹിരാകാശ പേടകമായ സൈക്കില്‍ നിന്നാണ് ഈ സിഗ്നല്‍ ലഭിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

2023 ഒക്ടോബറിലാണ് ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി സൈക്ക് 16(Psyche 16) പേടകം അയച്ചത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലായാണ് നിലവില്‍ സൈക്കിന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ട്. ലേസര്‍ കമ്മ്യൂണിക്കേഷന്‍ പരീക്ഷിക്കുക എന്ന ദൗത്യം കൂടി ഈ ബഹിരാകാശ ദൗത്യത്തിന് പിന്നിലുണ്ടായിരുന്നു.

ഡീപ്പ് സ്‌പേസ് ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷന്‍സ് (ഡിഎസ്ഒസി) അടക്കമുള്ള സാങ്കേതിക വിദ്യകള്‍ സൈക്കിലുണ്ട്. ബഹിരാകാശത്തെ വലിയ ദൂരങ്ങളില്‍ ലേസര്‍ ആശയവിനിമയം വേഗത്തില്‍ സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതിക വിദ്യ. പ്രാഥമികമായി റേഡിയോ ഫ്രീക്വന്‍സി ആശയവിനിമയമാണ് സൈക്ക് ഉപയോഗിക്കുന്നതെങ്കിലും ഒപ്റ്റിക്കല്‍ കമ്മ്യൂണിക്കേഷനിലും ഇവ കഴിവ് തെളിയിച്ചിട്ടുണ്ട്.

പരീക്ഷണത്തിന്റെ ഭാഗമായി 140 മില്ല്യണ്‍ മൈല്‍ അകലെ നിന്നാണ് എന്‍ജിനീയറിങ് ഡാറ്റ വിജയകരമായി കൈമാറിയത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങാണിത്. ഡിഎസ്ഒസിയിലൂടെ ബഹിരാകാശ പേടകത്തില്‍ നിന്ന് ഭൂമിയിലേക്ക് നേരിട്ട് വിവരങ്ങളും എഞ്ചിനീയറിങ് ഡാറ്റയും കൈമാറാന്‍ സാധിച്ചെന്ന് നാസ അറിയിച്ചു.

ഏപ്രില്‍ എട്ടിന് നടന്ന പ്രൊജക്ടില്‍ ഏകദേശം 10 മിനിറ്റോളമുള്ള ഡൂപ്ലിക്കേറ്റഡ് സപേസ്‌ക്രാഫ്റ്റ് ഡാറ്റ ഡൗണ്‍ലിങ്ക് ചെയ്‌തെന്ന് പ്രൊജക്ട് ഓപ്പറേഷന്‍ ലീഡ് മീര ശ്രീനിവാസന്‍ പറഞ്ഞു. ഈ ഡൂപ്ലിക്കേറ്റഡ് ഡാറ്റ ലേസര്‍ കമ്മ്യൂണിക്കേഷന്‍ വഴി ലഭിച്ചതാണ്. നാസയുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിലെ സ്റ്റാന്‍ഡേര്‍ഡ് റേഡിയോ ഫ്രീക്വന്‍സി കമ്മ്യൂണിക്കേഷന്‍സ് ചാനലുകള്‍ ഉപയോഗിച്ചാണ് യഥാര്‍ത്ഥ ഡാറ്റ ഗ്രൗണ്ട് കണ്‍ട്രോളിലേക്ക് അയച്ചത്. ലേസര്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനം സാധാരണ രീതിയിലും മികവ് പുലര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

പരീക്ഷണത്തില്‍ പരമാവധി 25 എംബിപിഎസ് എന്ന തോതില്‍ പരീക്ഷണ ഡാറ്റ വിജയകരമായി ഭൂമിയിലെത്തിക്കാന്‍ ബഹിരാകാശ പേടകത്തിന് സാധിച്ചു. ലക്ഷ്യമിട്ടതിലും മികച്ച രീതിയിലാണ് ഫലം ലഭിച്ചതെന്നും നിലവില്‍ സൈക്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും നാസ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com