ഗാസയിലെ ആശുപത്രികളെ വിടാതെ ആക്രമിച്ച് ഇസ്രയേൽ; മാസം തികയാത്ത 28 കുട്ടികളെ ഈജിപ്തിലേക്ക് മാറ്റി

വടക്കന് ഗാസയിലെ ഇന്തോനേഷ്യന് ആശുപത്രിയുടെ പരിസരത്ത് ഏറ്റുമുട്ടല് തുടരുന്നതായാണ് റിപ്പോര്ട്ട്. ഇസ്രയേലിന്റെ ടാങ്കുകള് ആശുപത്രി വളഞ്ഞെന്നും വെടിവെയ്പ്പില് ആശുപത്രി വളപ്പില് ഉണ്ടായിരുന്ന 12 പലസ്തീനികള് കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്

dot image

റഫ: മാസം തികയാതെ പ്രസവിച്ച 28 കുഞ്ഞുങ്ങളെ ചികിത്സയ്ക്കായി ഈജിപ്തിലെത്തിച്ചു. അല്-ഷിഫ ഹോസ്പിറ്റലില് നിന്നാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്. റാഫയിലുള്ള അല്-ഹെലാല് അല്-എമിറാത്തി മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് 31 കുട്ടികളെയാണ് എത്തിച്ചത്. ഇവിടെ നിന്നും കുട്ടികളെ സുരക്ഷിതരായി ഈജിപ്തിലേക്ക് മാറ്റുകയായിരുന്നു. റാഫ അതിര്ത്തി ക്രോസിംഗിന്റെ ഈജിപ്ഷ്യന് ഭാഗത്തുള്ള ആരോഗ്യ പ്രവർത്തകർ ആംബുലന്സിനുള്ളില് നിന്ന് കുഞ്ഞുങ്ങളെ ശ്രദ്ധാപൂര്വ്വം എടുത്ത് മൊബൈല് ഇന്കുബേറ്ററുകളില് വയ്ക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്.

ഗാസ സിറ്റിയിലെ ഉപരോധിക്കപ്പെട്ട അല്-ഷിഫ ഹോസ്പിറ്റലില് നിന്ന് റഫയിലെ മെറ്റേണിറ്റി ഹോസ്പിറ്റലിലേക്ക് ഒഴിപ്പിക്കലിന്റെ ആദ്യപടിയായി ഞായറാഴ്ച 31 കുട്ടികളെയാണ് മാറ്റിയത്. ഇവര് നാപ്കിനും ചെറിയ പച്ച തൊപ്പികളും മാത്രമാണ് ധരിച്ചിരുന്നതെന്നാണ് റിപ്പോര്ട്ട്. 28 കുഞ്ഞുങ്ങള് ഇപ്പോള് സുരക്ഷിതമായി ഈജിപ്തിലെത്തിയെന്നും മൂന്ന് കുഞ്ഞുങ്ങള് ഇപ്പോഴും എമിറാത്തി ഹോസ്പിറ്റലില് ചികിത്സയില് തുടരുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നത്.

ഇതിനിടെ വടക്കന് ഗാസയിലെ ഇന്തോനേഷ്യന് ആശുപത്രിയുടെ പരിസരത്ത് ഏറ്റുമുട്ടല് തുടരുന്നതായാണ് റിപ്പോര്ട്ട്. ഇസ്രയേലിന്റെ ടാങ്കുകള് ആശുപത്രി വളഞ്ഞെന്നും വെടിവെയ്പ്പില് ആശുപത്രി വളപ്പില് ഉണ്ടായിരുന്ന 12 പലസ്തീനികള് കൊല്ലപ്പെട്ടതായും അല്ജസീറ റിപ്പോര്ട്ട് ചെയ്യുന്നു. ആരോഗ്യ പ്രവര്ത്തകരും പരിക്കേറ്റ രോഗികളും അടക്കം 700ഓളം പേര് ആശുപത്രിയിലുണ്ട്. ഇതിനിടെ ഇന്തോനേഷ്യന് ആശുപത്രിയില് നിന്ന് 200ഓളം രോഗികളെ ഒഴിപ്പിച്ചതായും റിപ്പോര്ട്ടുണ്ട്. ഖാന് യൂനിസിലെ നാസര് ആശുപത്രിയിലേയ്ക്ക് ഇവരെ ബസ്സില് മാറ്റിയതായാണ് റിപ്പോര്ട്ട്.

ആശുപത്രിയില് നിന്ന് ഏതാണ്ട് 200 മീറ്റര് അകലെ മാത്രമാണ് ഇസ്രയേലി ടാങ്കുകള് നിലയുറപ്പിച്ചിരിക്കുന്നതെന്നും പരിസരത്തെ കെട്ടിടങ്ങളില് ഇസ്രയേലി സ്നൈപ്പര്മാരെ കാണാന് കഴിഞ്ഞതായും ആശുപത്രി ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള് വ്യക്തമാക്കുന്നു.യുദ്ധക്കെടുതിയില് പാര്പ്പിടം നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകള് ആശുപത്രിയില് അഭയം പ്രാപിച്ചതായും റിപ്പോര്ട്ടുകളുണ്ട്. ഇന്ത്യോനേഷ്യയിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ മുഹമ്മദീയ സൊസൈറ്റിയും ഇന്തോനേഷ്യന് റെഡ്ക്രോസ് സൊസൈറ്റിയും അടക്കമുള്ള സംഘടനകളുടെ ധനസമാഹരണത്തിലൂടെ പ്രവര്ത്തിക്കുന്ന ആശുപത്രിയാണ് ഇത്. കരയുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേല് ഗാസ മുമ്പിലെ ഏക കാന്സര് ആശുപത്രി അടക്കം 21 ആശുപത്രികള് ആക്രമിച്ചതായാണ് റിപ്പോര്ട്ട്. ഹമാസിന്റെ ഹെഡ് ക്വാര്ട്ടേഴ്സാണ് എന്നാരോപിച്ചായിരുന്നു ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല് ഷിഫ ആശുപത്രിക്കെതിരെ ഇസ്രായേല് ആക്രമണം അഴിച്ച് വിട്ടത്.

ഇതിനിടെ ഗാസയില് കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 13,300 ആയി. ഇതില് 5600 പേര് കുട്ടികളാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us