'കലാപത്തിന് പ്രചോദനം വീഡിയോ ​ഗെയിമുകൾ'; യുവാക്കളെ പിന്തിരിപ്പിക്കണമെന്ന് ഇമ്മാനുവൽ മാക്രോൺ

കുട്ടികളെ വീടുകളിലേക്ക് തിരിച്ചുവിളിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്
'കലാപത്തിന് പ്രചോദനം വീഡിയോ ​ഗെയിമുകൾ'; യുവാക്കളെ പിന്തിരിപ്പിക്കണമെന്ന് ഇമ്മാനുവൽ മാക്രോൺ

പാരിസ്: പൊലീസിന്റെ വെടിയേറ്റ് കൗമാരപ്രായക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് കാരണം വീഡിയോ ​ഗെയിമുകളാണെന്ന കുറ്റപ്പെടുത്തലുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. തെരുവുകളിൽ വീഡിയോ ​ഗെയിം കളിക്കുന്നതുപോലെയാണ് ചിലർ പ്രക്ഷോഭം നടത്തുന്നത്. വീഡിയോ ​ഗെയിമുകൾ അവരെ ലഹരി പിടിപ്പിച്ചിട്ടുണ്ടെന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. രാജ്യത്ത് നട‌ന്ന അക്രമ സംഭവങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന ഉന്നതതലയോ​ഗത്തിലായിരുന്നു ഇമ്മാനുവൽ മാക്രോണിന്റെ അഭിപ്രായപ്രകടനം.

തെരുവിൽ പ്രതിഷേധിക്കുന്ന കുട്ടികളേയും യുവാക്കളേയും രക്ഷിതാക്കൾ പിന്തിരിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു. 'കുട്ടികളെ വീടുകളിലേക്ക് തിരിച്ചുവിളിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. എല്ലാവരുടേയും മനസ്സമാധാനത്തിന് മാതാപിതാക്കൾ അവരു‌ടെ ഉത്തരവാദിത്തം പൂർണമായി വിനിയോ​ഗിക്കണമെന്നത് പ്രധാനമാണ്,' മാക്രോണിനെ ഉദ്ധരിച്ച് ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

സ്നാപ് ചാറ്റ്, ടിക് ടോക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് മാക്രോൺ പറഞ്ഞു. ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് സെൻസിറ്റീവായ കണ്ടന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കലാപം നടത്തുന്നവർ ഇത്തരം പ്ലാറ്റ്ഫോമുകളിലാണ് ഒത്തുചേരുന്നത്. അക്രമം പ്രോത്സാഹിപ്പിക്കുന്നവരുടെ വിവരങ്ങൾ കൈമാറാൻ ഈ കമ്പനികളോട് ആവശ്യപ്പെടുമെന്നും മാക്രോൺ പറഞ്ഞു.

40,000 സുരക്ഷാ ഉദ്യോ​ഗസ്ഥരെയാണ് പ്രക്ഷോഭകരെ നേരിടാൻ വിന്യസിച്ചിട്ടുളളത്. ഇതുവരെ 875 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 നും 15നും ഇടയിൽ പ്രായമുളളവരാണ് അറസ്റ്റിലായവരിൽ അധികവും. കലാപം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയോ​ഗിക്കുമെന്നും മാക്രോൺ അറിയിച്ചു.

പാരീസിലെ നാന്ററെയിൽ എന്ന ന​ഗരത്തിൽ വാഹനപരിശോധനക്കിടെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പതിനേഴുകാരനെ വെടിവെച്ചു കൊന്നതാണ് കലാപത്തിന് കാരണമായത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നഈൽ എന്ന കുട്ടിയെ വെടിവെച്ച് കൊന്നത്. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസിനെതിരെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. 200 ൽ അധികം പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com