പാക് പ്രധാനമന്ത്രിയുടേയും സൈനിക മേധാവിയുടേയും വസതിക്ക് സമീപം സ്‌ഫോടനം; ഷെഹബാസ് ഷെരീഫിനെ ബങ്കറിലേക്ക് മാറ്റി

സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്

dot image

ഇസ്‌ലമാബാദ്: ലാഹോറിലും ഇസ്‌ലമാബാദിലും അടക്കം പാകിസ്താനില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്‌ലമാബാദില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെയും സൈനിക മേധാവി അസിം മുനീറിന്റേയും വസതിക്ക് സമീപം സ്‌ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഷെഹബാസ് ഷെരീഫിനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി ഷെഹബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു പാകിസ്താന്റെ പരമാധികാരത്തിന് നേരെ ഇന്ത്യ നേരിട്ട് ആക്രമണം നടത്തുകയാണെന്നും നിരപരാധികളായ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്‌ലമാബാദില്‍ ഷെഹബാസ് ഷെരീഫിന്റെ വസതിക്ക് സമീപം സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതിനിടെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് അസിം മുനീറിനെ മാറ്റാന്‍ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. അസിം മുനീറിന് പകരം സൈനിക മേധാവി സ്ഥാനത്തേയ്ക്ക് ജനറല്‍ ഷംഷാദ് മിര്‍സയെ ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി അസിം മുനീര്‍ രാജ്യസുരക്ഷയെ കുരുതി കൊടുക്കുന്നുവെന്ന് പാകിസ്താനില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക് സർക്കാർ നീക്കം.

ഇസ്‌ലമാബാദിനും ലാഹോറിനും പുറമേ കറാച്ചി, പെഷാവര്‍, സിയാല്‍കോട്ട് തുടങ്ങിയ പന്ത്രണ്ട് ഇടങ്ങളില്‍ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണെന്നാണ് വിവരം. പുലര്‍ച്ചെ ജമ്മുവില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി അപായ സൈറന്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ സമ്പൂര്‍ണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ചു. ഉറിയില്‍ പാക് വെടിവെയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം രാവിലെ പത്ത് മണിക്ക് വാര്‍ത്താസമ്മേളനം നടത്തുന്നുണ്ട്.

Content Highlights- Blast near pak prime minister shehbaz sharif and army chiefs houses in islamabad

dot image
To advertise here,contact us
dot image