ജീവിതം വെള്ളത്തിലാഴ്ന്നുപോകുന്ന കുട്ടനാട്ടിലെ അമ്മമാര്‍

ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പില്‍ ജീവിക്കുമ്പോഴും ശുദ്ധജലം കണ്ടെത്തുക എന്ന അധിക ബാധ്യത അടിച്ചേല്‍പിക്കപ്പെടുന്ന കുട്ടനാട്ടിലെ അമ്മമാര്‍
ജീവിതം വെള്ളത്തിലാഴ്ന്നുപോകുന്ന കുട്ടനാട്ടിലെ അമ്മമാര്‍

"വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അന്ന് ഞാന്‍ ഗവേഷണ രംഗത്തേക്ക് വരുന്നതേയുള്ളൂ. കുട്ടനാട്ടിലെ കൈനകരിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ചെറിയ വീടിന്റെ മുറ്റത്ത് ഒരു അമ്മ തന്റെ കൈക്കുഞ്ഞിനെ പാളയില്‍ കിടത്തി കുളിപ്പിക്കുന്നത് കണ്ടു. അല്‍പം കഴിഞ്ഞാണ് ശ്രദ്ധിച്ചത്. കുഞ്ഞിനെ കുളിപ്പിച്ചുകൊണ്ടിരുന്ന ആ പാളയിലെ വെള്ളം അമ്മ വീണ്ടും ഒരു കുടത്തിലേത്ത് ഒഴിക്കുന്നു. ഇത് കണ്ട കൗതുകത്തില്‍ എന്തിനാണ് ഈ വെള്ളം വീണ്ടും കുടത്തിലേക്ക് ഒഴിക്കുന്നതെന്ന് ഞാന്‍ അവരോട് ചോദിച്ചു. അതിനവര്‍ നല്‍കിയ മറുപടി എന്നെ ഞെട്ടിക്കുന്നതായിരുന്നു. അവരുടെ മറ്റൊരു കുട്ടിക്ക് കുളിക്കാന്‍ വേണ്ടിയായിരുന്നു പോലും ആ വെള്ളം കളയാതെ മാറ്റിവെച്ചത്! തോടുകളില്‍ നിന്നും ഏറെ ദൂരെ, വയലുകള്‍ക്ക് നടുവിലുള്ള ആ വീട്ടിലേക്ക് അത്രയും വെള്ളമെത്തിക്കുന്നതിന് പിന്നിലെ അവരുടെ അധ്വാനവും, അത്യാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്തതിന്റെ നിസ്സഹായതയും ആ വാക്കുകളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞ് കുളിച്ച വെള്ളം പോലും വീണ്ടും ഉപയോഗിക്കാനായി മാറ്റിവെക്കുന്ന കുട്ടനാട്ടിലെ അമ്മമാരെ കണ്ടപ്പോഴാണ് വെള്ളവുമായി ബന്ധപ്പെട്ട കുട്ടനാടന്‍ ജനതയുടെ പ്രശ്‌നങ്ങളുടെ ആഴവും പരപ്പും എനിക്ക് ബോധ്യമായത്. കുട്ടനാട്ടില്‍ കുടിവെള്ളമില്ല എന്ന ഒറ്റവരിക്കപ്പുറം സങ്കീര്‍ണമായ, പല അടരുകളുള്ള ഒരു പ്രശ്‌നമാണത്," എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കുട്ടനാട് സെന്ററിലെ കോര്‍ഡിനേറ്റര്‍ ജിബിന്‍ തോമസ് പറഞ്ഞു.

ജിബിന്‍ തോമസ്
ജിബിന്‍ തോമസ്

ജിബിന്‍ തോമസിനൊപ്പം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ കാണാന്‍ സാധിച്ചത് ദുരിതപൂര്‍ണമായ കാഴ്ചകളാണ്. നാടന്‍ വള്ളങ്ങളില്‍ വില്‍പനക്കായി കൊണ്ടുവരുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലുകളെയും കാത്തുനില്‍ക്കുന്ന അമ്മമാര്‍, കുടങ്ങളില്‍ ദൂരങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വരുന്നവര്‍, അങ്ങനെ വെള്ളത്തിന് നടുവില്‍ ജീവിക്കുമ്പോഴും, കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന ധാരാളം സ്ത്രീകള്‍. കേരളത്തിലെ മറ്റേത് സാധാരണ ഗ്രാമങ്ങളെയും പോലെ കുട്ടനാട്ടിലെയും മിക്ക വീടുകളിലും പുറത്ത് ജോലിക്ക് പോകുന്നത് പുരുഷന്‍മാരാണ്. അതുകൊണ്ട് തന്നെ പാചകം, വീട് വൃത്തിയാക്കല്‍, കുട്ടികളെ വളര്‍ത്തല്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. സ്വാഭാവികമായും വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം കൊണ്ടുവരിക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവദിത്തമാവുന്നു. 20-30 ലിറ്റര്‍ വരെ വെള്ളം കുടങ്ങളിലും കാനുകളിലുമൊക്കെയായി ഇവര്‍ കൊണ്ടുവരുന്നു. പലപ്പോഴും ഉറപ്പില്ലാത്തതും ഇടുങ്ങിയതുമൊക്കെയായ വയല്‍വരമ്പുകളിലൂടെ വെള്ളവുമായി സഞ്ചരിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നവരുണ്ട്. എല്ലാ ദിവസവും ഇത്തരത്തില്‍ ഭാരമേറ്റേണ്ടി വരുന്നതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്.

മഴക്കാലമായാലും വേനലായാലും ദാഹം ശമിപ്പിക്കാന്‍ ആവശ്യമായ ശുദ്ധജലം പോലും ഞങ്ങള്‍ക്ക് ഇല്ലെന്നാണ് രാമങ്കരി സ്വദേശിനിയായ മീന പറയുന്നത്. വീട്ടുജോലി, തുന്നല്‍, മറ്റ് കുടില്‍ വ്യവസായ ജോലികള്‍, ഇവയെല്ലാം ചെയ്ത് ജീവിക്കുന്ന സ്ത്രീകള്‍ പ്രതിദിനം ധാരാളം സമയം വെള്ളം ശേഖരിക്കാന്‍ വേണ്ടി പോകേണ്ടി വരുന്നുണ്ട്. ഇത് സാമ്പത്തികമായും കുടുംബങ്ങള്‍ക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുക എന്ന അധിക ബാധ്യത കൂടി സ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതിനാല്‍ അവരുടെ ജീവിത നിലവാരത്തെയും അത് സാരമായി ബാധിക്കുന്നുണ്ട്. പുരുഷന്‍മാര്‍ വൈകീട്ട് ജോലി കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തുമ്പോഴേക്കും ആ ദിവസത്തേക്കുള്ള വെള്ളം എങ്ങിനെയെങ്കിലും വീടുകളില്‍ എത്തിയിരിക്കണമെന്നത് സ്ത്രീകളുടെ മാത്രം ബാധ്യതയാവുകയാണ്. ഒരു അലിഖിത വ്യവസ്ഥ പോലെയാണ് കുടുംബങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും എത്ര മാത്രം ത്യാഗവും ബുദ്ധിമുട്ടുകളും സഹിച്ചാണ് വീടുകളിലെ അമ്മമാര്‍ അഞ്ചും ആറും ആളുകളുള്ള കുടുംബങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും വേണ്ട ശുദ്ധജലമെത്തിക്കുന്നതെന്ന് വീട്ടിലുള്ള മറ്റുള്ളവര്‍ പോലും അറിയാറില്ല.

കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്

കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കുട്ടനാട്ടുകാര്‍ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട കനാലുകളെല്ലാം മലിനീകരിക്കപ്പെട്ടതോടെയാണ് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് കുട്ടനാട് വഴിമാറിയത്. ഇന്ന് കാനകളില്‍ നിന്ന് വരുന്ന വെള്ളത്താലും കക്കൂസ് മാലിന്യങ്ങളാലും അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ് കുട്ടനാട്ടിലെ ജലാശയങ്ങള്‍. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളും, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ മാലിന്യങ്ങളും കോട്ടയം, ചേര്‍ത്തല, ചങ്ങനാശ്ശേരി, തിരുവല്ല, ആലപ്പുഴ മുനിസിപ്പാലിറ്റികളിലെ മാലിന്യങ്ങളും അതിനെല്ലാം പുറമെ ആയിരക്കണക്കിന് ഹൗസ്ബോട്ട് മാലിന്യങ്ങളുമെല്ലാം ചേര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ വേമ്പനാട് കായല്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.

കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനുമുള്ള ആവശ്യങ്ങള്‍ക്കൊഴികെ മറ്റ് ദൈനം ദിന കാര്യങ്ങള്‍ക്കായി ഭൂരിപക്ഷം പേരും കായലിലെ വെള്ളത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ഇത് പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുമുണ്ട്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മന്റ് നടത്തിയ പഠനപ്രകാരം, കുട്ടനാട്ടിലെ 80 ശതമാനം ജനങ്ങളും മലിനമായ ജലമാണ് തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

'എല്ലാ കാലത്തും അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളുടെ ഇരയാവുകയായിരുന്നു കുട്ടനാട്. കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള പ്രശ്‌നങ്ങളും മനുഷ്യ ഇടപെടലുകള്‍ കൊണ്ടുള്ള പ്രശ്‌നങ്ങളും എല്ലാം കൂടിയായപ്പോള്‍ കായലുകളെല്ലാം പൂര്‍ണ നാശത്തിലേക്ക് എത്തിയിരിക്കുന്നു. കുട്ടനാടിന്റെ അതിജീവനത്തിനായി എല്ലാവരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഗവണ്മെന്റ് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കേണ്ട സമയമാണിത്', ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ ഫോര്‍ ബിലോ സീ ലെവല്‍ ഫാര്‍മിംഗ് ഡയറക്ടര്‍ കെ ജി പത്മകുമാര്‍ പറയുന്നു.

കെ ജി പത്മകുമാര്‍
കെ ജി പത്മകുമാര്‍

കുട്ടനാട്ടിലെ കാലാവസ്ഥാ അഭയാര്‍ത്ഥികള്‍

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ 62 ഗ്രാമ പഞ്ചായത്തുകളിലായി താമസിക്കുന്ന കുട്ടനാട്ടുകാരെ സംബന്ധിച്ച് വെള്ളപ്പൊക്കം, കനത്ത മഴ, ഉപ്പുവെള്ളം കയറുന്നത്, രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഇതെല്ലാം സ്ഥിരം അനുഭവങ്ങളാണ്. തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന പ്രളയക്കെടുതികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ നിരവധി കുടുംബങ്ങള്‍ കുട്ടനാട് വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നുണ്ട്. അപ്പോഴും ദരിദ്രരായ കുടുംബങ്ങള്‍ അവരുടെ നിസ്സഹായത കാരണം ദുരിതങ്ങളനുഭവിച്ച് അവിടെ തന്നെ തുടരേണ്ടി വരികയാണ്.

കൈനകരിയിലെ കുട്ടമംഗലത്ത് നിരവധി വീടുകള്‍ വെള്ളത്തില്‍ ആഴ്ന്നുപോയതും കേടുപാടുകള്‍ സംഭവിച്ചതുമായി കാണാം. ധാരാളം വീടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശങ്ങള്‍ സംഭവിച്ച സ്ഥലങ്ങളിലൊന്നായ കുട്ടമംഗലത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി കുടുംബങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു. കൂടുതലായും കൈനകരി, രാമങ്കരി, പുളിങ്കുന്ന് പ്രദേശങ്ങളിലുള്ളവരാണ് ചേര്‍ത്തല, മുഹമ്മ, ആലപ്പുഴ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി പലയാനം ചെയ്യുന്നത്.

'2018 മുതല്‍ ഓരോ വര്‍ഷവും കുട്ടനാട്ടില്‍ നിന്ന് മാറാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം എത്രയാണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല, എന്നാല്‍ 15% ത്തിലധികം കുട്ടനാട്ടുകാര്‍ ഇതിനകം മറ്റിടങ്ങളിലേക്ക് പലായനം ചെയ്തുകഴിഞ്ഞു,' ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ ഫോര്‍ ബിലോ സീ ലെവല്‍ ഫാര്‍മിംഗ് ന്റെ ഡയറക്ടര്‍ കെ ജി പത്മകുമാര്‍ പറഞ്ഞു. കുട്ടനാട്ടിലെ പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ നിലയിലുള്ള ജനജീവിതം അസാധ്യമായതിനാല്‍ ആളുകള്‍ പോകുന്നതില്‍ അതിശയിക്കാനില്ല. കുട്ടനാടിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോയാല്‍, ഒഴിഞ്ഞുകിടക്കുന്ന നിരവധി വീടുകള്‍ കാണാം,' അദ്ദേഹം പറയുന്നു.

2018 ന് ശേഷം കുട്ടനാട്ടിലെ ഭൂമിക്ക് വിലയില്ലാതായതും തിരിച്ചടിയായെന്നാണ് നാട്ടുകാര്‍ പറയുന്നത്. '2018 ലെ പ്രളയത്തില്‍ ഞങ്ങളുടെ സ്ഥലമെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ഇവിടെ ഭൂമിക്ക് വിലയില്ലാതായി. ഇടക്കിടെ വെള്ളത്തിനടിയിലാകുന്ന ഞങ്ങളുടെ ഭൂമി വാങ്ങാന്‍ ആളെ കിട്ടാനില്ല. ഉള്ള സ്ഥലം വിറ്റ് മറ്റെവിടേക്കെങ്കിലും പോകാമെന്ന് കരുതിയാല്‍ അതും സാധ്യമല്ല, ഈ വെള്ളത്തില്‍ കിടന്ന്, എന്നാല്‍ കുടിക്കാനുള്ള വെള്ളമില്ലാതെ നരകിക്കാനാണ് ഞങ്ങളുടെ വിധി,' രാമങ്കരി സ്വദേശിനി വിജയമ്മ പറയുന്നു.

'2018 ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഞാനും കുടുംബവും കുട്ടനാട് വിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പത്ത് കൊല്ലമായി ഒട്ടേറെ വെള്ളപ്പൊക്കം ഞങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ ഇത്രയും മോശമായത് 2018 ലുണ്ടായ പ്രളയത്തിന് ശേഷമാണ്. ഒരു വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളും കുട്ടനാട് വെള്ളത്തില്‍ മുങ്ങിക്കിടപ്പാണ്. ഞങ്ങള്‍ എങ്ങനെ അവിടെ മനമാധാനത്തോടെ ജീവിക്കും,' കൈനകരിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് താമസം മാറ്റിയ സന്തോഷ് പറയുന്നു.

എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഇടപെടലുകള്‍

1973ല്‍ ആരംഭിച്ച കുട്ടനാട് കുടിവെള്ള പദ്ധതി ഇപ്പോഴും പൂര്‍ത്തിയാവാതിരിക്കുകയും പരമ്പരാഗത ജലസംഭരണ സംവിധാനങ്ങള്‍ വലിയ രീതിയില്‍ തകര്‍ച്ചയിലാകുകയും ചെയ്തതോടെ ശുദ്ധജലം ലഭിക്കാതെ ഈ മേഖലയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് ജലസംഭരണം ഏതെല്ലാം നൂതനമായ വിധത്തില്‍ നടത്താം എന്ന ആശയവുമായി എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍(എംഎസ്എസ്ആര്‍എഫ്) രംഗത്തുവന്നത്.

പൈപ്പ് ശൃംഖലകള്‍, ടാങ്കറുകള്‍, നാടന്‍ വള്ളങ്ങള്‍ എന്നിവ വഴിയുള്ള കുടിവെള്ള വിതരണം അസാധ്യമായ ഇടങ്ങളെ കേന്ദ്രീകരിച്ചാണ് എംഎസ്എസ്ആര്‍എഫ് പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടത്. സാധാരണ വീടുകളില്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മഴവെള്ളം സംഭരിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കി. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ, യുഎസ് ആസ്ഥാനമായുള്ള റെയിന്‍ വാട്ടര്‍ ഫോര്‍ ഹ്യൂമാനിറ്റി, എച്ച്ഡിഎഫ്സി ബാങ്ക് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സിഎസ്ആര്‍ ഫണ്ടിംഗ് എന്നിവയുടെയെല്ലാം സഹായത്തില്‍ 2012 മുതല്‍ എംഎസ്എസ്ആര്‍എഫ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്. 10,000 ലിറ്ററിനും 50,000 ലിറ്ററിനും ഇടയില്‍ വാഹകശേഷിയുള്ള 150 ഓളം മഴവെള്ള സംഭരണികളാണ് എംഎസ്എസ്ആര്‍എഫ് സ്ഥാപിച്ചത്.

' കുട്ടനാട്ടിലെ ഏതാണ്ട് 970 ഓളം വീടുകളുടെ രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ ഓരോ കുടുംബങ്ങള്‍ക്കും ആയിരത്തിലധികം രൂപ വെള്ളത്തിന്റെ ചാര്‍ജായി വരുന്ന സാഹചര്യമുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങള്‍ക്കുള്ള പരിഹാരമായാണ് മളവെള്ള സംഭരണി എന്ന ആശയത്തിലേക്കെത്തുന്നത്. ഒരിക്കല്‍ ഇന്‍വെസ്റ്റ് ചെയ്താല്‍, പിന്നെ പണം മുടക്കേണ്ട കാര്യമില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

പുളിങ്കൊമ്പ് സ്വദേശിനി മേഴ്‌സി തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച മഴവെള്ള സംഭരണിക്ക് മുന്നില്‍
പുളിങ്കൊമ്പ് സ്വദേശിനി മേഴ്‌സി തന്റെ വീടിന് മുന്നില്‍ സ്ഥാപിച്ച മഴവെള്ള സംഭരണിക്ക് മുന്നില്‍

കുട്ടനാടിന്റെ തന്നെ പരമ്പരാഗതമായ അറിവുകളെ ഏകോപിപ്പിച്ചാണ് ഞങ്ങള്‍ പ്രശ്‌നപരിഹാര സാധ്യതകള്‍ തേടുന്നത്. ഓരോ സ്ഥലത്തും ഓരോ പ്രശ്‌നങ്ങളാണ് നിലനില്‍ക്കുന്നത്. ഉദാഹരണത്തിന് തോടിന്റെ കരകളില്‍ താമസിക്കുന്നവരെ സംബന്ധിച്ച് കുടിവെള്ളം ഒഴികെ ബാക്കിയുള്ളവ അവര്‍ക്ക് എളുപ്പത്തില്‍ ലഭിക്കും. കുളിക്കാനും, അലക്കാനും പാത്രങ്ങള്‍ കഴുകാനുമൊക്കെ അവര്‍ക്ക് തോടുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാന്‍ സാധിക്കും. അതേ സമയം, പാടങ്ങള്‍ക്ക് നടുവിലെ തുരുത്തുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് അവരുടെ എല്ലാ ആവശ്യത്തിനുള്ള വെള്ളത്തിന് വേണ്ടിയും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരാറുണ്ട്. ഇത് സ്ത്രീകളില്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും വെള്ളം പുറത്ത് നിന്നെത്തിക്കേണ്ടി വരും. ഇങ്ങനെ ഓരോ സ്ഥലത്തെയും സവിശേഷമായ സാഹചര്യങ്ങളെ പരിഗണിച്ചാണ് എംഎസ്എസ്ആര്‍എഫ് പദ്ധതികള്‍ നടപ്പാക്കിയത്,' എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ കുട്ടനാട് സെന്ററിലെ കോര്‍ഡിനേറ്റര്‍ ജിബിന്‍ തോമസ് വിശദീകരിച്ചു.

എംഎസ്എസ്ആര്‍എഫ് സ്ഥാപിച്ച മഴവെള്ള സംഭരണികളില്‍ ഒന്ന്
എംഎസ്എസ്ആര്‍എഫ് സ്ഥാപിച്ച മഴവെള്ള സംഭരണികളില്‍ ഒന്ന്

'കുട്ടനാട്ടിലെ ജലക്ഷാമത്തിന് ഏറ്റവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ പരിഹാരമാണ് മഴവെള്ള സംഭരണം. ബണ്ടുകളിലും ദ്വീപുകളിലും (നെല്‍വയലുകളുടെ നടുവില്‍) കഴിയുന്ന, കുടിവെള്ളത്തിന് വേണ്ടി വളരെയധികം ബുദ്ധിമുട്ടുന്നവരാണ് എംഎസ്എസ്ആര്‍എഫ് മഴവെള്ള സംഭരണികളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. കുടിവെള്ള ക്ഷാമത്തിന്റെ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വരുന്നത് എപ്പോഴും ഭൂരഹിതരും ബണ്ടുകളില്‍ താമസിക്കുന്നവരുമൊക്കെയായ ദരിദ്രരാണ്. അല്ലാത്തവര്‍ക്ക് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍, പ്യൂരിഫയറുകള്‍ അടക്കമുള്ള പലവിധ സൗകര്യങ്ങള്‍ വീടുകളില്‍ സ്ഥാപിക്കാന്‍ കഴിയുമായിരുന്നു. കുട്ടനാട്ടിലെ സമ്പന്നരും ഭൂഉടമകളുമെല്ലാമായ വിഭാഗങ്ങള്‍ കുടിവെള്ള പ്രശ്‌നത്തെ അതിജീവിക്കുമെങ്കിലും ഏറ്റവും ദരിദ്രരായ സാധാരാണ തൊഴിലാളി കുടുംബങ്ങളാണ് എല്ലാവിധത്തിലും പ്രയാസങ്ങള്‍ അനുഭവിച്ചത്. അവരെ തെരഞ്ഞുപിടിച്ചാണ് ഞങ്ങള്‍ പദ്ധതികള്‍ നടപ്പാക്കിയത്,''ജിബിന്‍ തോമസ് പറയുന്നു.

വേണാട്ടുകാട് സ്വദേശിനികളായ തങ്കമ്മയും ജോളിയും
വേണാട്ടുകാട് സ്വദേശിനികളായ തങ്കമ്മയും ജോളിയും

മഴവെള്ള സംഭരണി സ്ഥാപിച്ചതോടെ തങ്ങളടക്കമുള്ള നാല് വീട്ടുകാരുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവു വരെ പരിഹാരമായെന്നാണ് പുളിങ്കൊമ്പ് സ്വദേശിനിയായ മേഴ്‌സി പറയുന്നത്. 'സാധാരണ വേനല്‍ക്കാലത്ത് ഒരു മാസത്തില്‍ വലിയൊരു തുക കുടിവെള്ളത്തിനായി ഞങ്ങള്‍ ചെലവഴിക്കേണ്ടി വരാറുണ്ടായിരുന്നു. എന്നാല്‍ മഴവെള്ള സംഭരണി വന്ന ശേഷം എല്ലാ മാസവും നല്ലൊരു തുക ഞങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയുന്നുണ്ട്. ഇത് ഞങ്ങളുടെ ജീവിതത്തിന്റെ നിലവാരത്തെ തന്നെ മെച്ചപ്പെടുത്തിയിട്ടുണ്ട്,' മേഴ്‌സി പറയുന്നു.

'മഴവെള്ള സംഭരണി വന്നതോടെ ഈ ഭാഗത്തെ പത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. എനിക്കിപ്പോ 83 വയസ്സായി. വെള്ളം കൊണ്ടുവരാന്‍ പോകാന്‍ കഴിയില്ല. മകനും മരുമകളുമടങ്ങുന്ന കുടുംബമാണ് ഈ വീട്ടിലുള്ളത്. മരുമകള്‍ ജോളിക്ക് 53 വയസ്സ് കഴിഞ്ഞു. കിലോമീറ്ററുകള്‍ നടന്ന് കുടത്തില്‍ വെള്ളം കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ മിനറല്‍ വാട്ടര്‍ വാങ്ങേണ്ട ഗതികേടിലായിരുന്നു ഞങ്ങള്‍. അങ്ങനെയിരിക്കെയാണ് മഴവെള്ള സംഭരണി ഇവിടെ സ്ഥാപിച്ചത്. അതോടെ വലിയ ആശ്വാസമാണ് ഞങ്ങള്‍ക്കുണ്ടായത്,' വേണാട്ടുകാട് സ്വദേശിനിയായ തങ്കമ്മ പറഞ്ഞു.

(എംഎസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ 2024 ലെ മൈന സ്വാമിനാഥന്‍ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട് )

Related Stories

No stories found.
logo
Reporter Live
www.reporterlive.com