മേധ പട്കർ; അനീതിക്കെതിരെ ഇന്ത്യയാകെ പടർന്ന വേരുകൾ

കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്കും, പ്രകൃതിക്കും വേണ്ടിയുള്ള സമരത്തിലൂടെ മേധ പട്കര്‍ ഇന്ത്യയിലെ സാമൂഹിക പാരിസ്ഥിതിക പോരാട്ടങ്ങളുടെ മുന്‍നിര നേതാവായിത്തീര്‍ന്നു. ഇന്ന് മേധ പട്കറിന്‍റെ ജന്മദിനം.
മേധ പട്കർ; അനീതിക്കെതിരെ ഇന്ത്യയാകെ പടർന്ന വേരുകൾ

ചിപ്‌കോ മൂവ്‌മെന്റിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരമായിരുന്നു നര്‍മ്മദ ബചാവോ ആന്ദോളന്റേത്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാനുളള നീക്കത്തിനെതിരെ മേധപട്കറിന്റെ നേതൃത്വത്തില്‍ നര്‍മ്മദ ബചാവോ ആന്ദോളന്‍ എന്ന സംഘടന നടത്തിയ സമരം നര്‍മ്മദ നദിയുടേയും അതിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ആദിവാസികള്‍ അടങ്ങുന്ന ജനവിഭാഗത്തിന്റേയും സംരക്ഷണത്തിനായുളളതായിരുന്നു. നര്‍മ്മദയെ രക്ഷിക്കാന്‍ നടത്തിയ സമരം മേധപട്കര്‍ എന്ന സാമൂഹികപ്രവര്‍ത്തകയെ ലോകത്തിനുമുമ്പില്‍ അടയാളപ്പെടുത്തുകയാണുണ്ടായത്.

മേധപട്കര്‍ എന്ന കരുത്തുറ്റ സ്ത്രീക്ക് പിന്നില്‍ അണിനിരന്ന ആയിരക്കണക്കിന് ജനങ്ങളോട് സര്‍ക്കാരിന് അടിയറവ് പറയേണ്ടി വന്നു എന്നത് ചരിത്രമാണ്. മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ജോലിയും ഗവേഷണവും ഉപേക്ഷിച്ചുകൊണ്ടായിരുന്നു കര്‍ഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുളള മേധപട്കറുടെ പോരാട്ടം ആരംഭിച്ചത്. ആ പോരാട്ടം ഇന്നും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

നര്‍മ്മദ നദിയ്ക്കും അതിന്റെ പോഷകനദികള്‍ക്കും കുറുകെ പല സ്ഥലങ്ങളിലായി നിര്‍മ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ നിര്‍മ്മാണം മൂലം അവിടുത്തെ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു അവര്‍ പ്രക്ഷോഭത്തില്‍ സജീവമാകുന്നത്. പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനുവേണ്ടിയും മേധ സംഘടിപ്പിച്ച സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.

ജനങ്ങളെ പുനരധിവസിപ്പിക്കാതെ നിലവിലുള്ള വിളകള്‍ക്ക് നഷ്ടപരിഹാരം നല്കി പ്രശ്‌നം പരിഹരിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ നീക്കം. മേധാപട്കര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് ഈ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് പദ്ധതിബാധിതരായ ജനങ്ങളെ സംഘടിപ്പിക്കാനും പ്രക്ഷോഭം നയിക്കാനും തീരുമാനിച്ചത്. മധ്യപ്രദേശില്‍ നിന്ന് ആരംഭിച്ച് നര്‍മ്മദ താഴ്‌വരയില്‍ അവസാനിക്കുന്ന വിധത്തില്‍ 36 ദിവസം നീണ്ട ഐക്യദാര്‍ഢ്യമാര്‍ച്ച് സംഘടിപ്പിച്ചു. ഇത് വരാന്‍പോകുന്ന നീണ്ട സമരങ്ങളുടെ മുന്നോടിയാണെന്നും മേധ പ്രഖ്യാപിച്ചു. മാര്‍ച്ചിനെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.

അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വന്ന ജലനിരപ്പില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മധ്യപ്രദേശിലെ ജല്‍സിന്ധി ഗ്രാമത്തിലും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി 1999 ല്‍ മേധ 'മരണം വരെ സമരം' തുടങ്ങി. നര്‍മ്മദ പദ്ധതിയുടെ ഫലം ലഭിക്കുക ഗുജറാത്തിലെ ധനികരായ കര്‍ഷകര്‍ക്കു മാത്രമായിരിക്കും എന്നും പദ്ധതി ബാധിതരാവും ഫലമനുഭവിക്കുന്നവരില്‍ കൂടുതലെന്നുമുള്ള മേധപട്കറുടെ തുടര്‍ച്ചയായ പ്രസ്താവനകള്‍ അവരെ ഗുജറാത്ത് ജനതയ്ക്കും രാഷ്ട്രീയക്കാര്‍ക്കും അനഭിമതയാക്കി. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാന പാരിസ്ഥിതിക നിബന്ധനകളുടെ ലംഘനം, സൂക്ഷ്മപഠനങ്ങളുടെയും ആസൂത്രണത്തിന്റെയും അഭാവം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പദ്ധതിനിര്‍ദേശം മരവിപ്പിക്കേണ്ടിവന്നു. ഇന്ന് ലോകത്ത് ഉയര്‍ന്നുവന്നിട്ടുളള നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് 1989ല്‍ മേധപട്കര്‍ രൂപീകരിച്ച നര്‍മ്മദ ബചാവോ ആന്ദോളന്‍ ഊര്‍ജമാണ്.

കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്കും, പ്രകൃതിക്കും വേണ്ടിയുള്ള സമരത്തിലൂടെ മേധ പട്കര്‍ ഇന്ത്യയിലെ സാമൂഹിക പാരിസ്ഥിതിക പോരാട്ടങ്ങളുടെ മുന്‍നിര നേതാവായിത്തീര്‍ന്നു. നര്‍മ്മദയില്‍ നിന്ന് തുടങ്ങിയ മേധ പട്കറുടെ സമര പോരാട്ടങ്ങള്‍ ഇന്ത്യയൊട്ടാകെയും വ്യാപിച്ചു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും കേരളത്തിലെ പ്ലാച്ചിമടയിലും മേധയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചു. ടാറ്റ മോട്ടര്‍ കമ്പനിയ്ക്കായി കൃഷിസ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ സിംഗൂരിലെ കര്‍ഷകര്‍ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിയ മേധയുള്‍പ്പടെയുള്ളവരെ സിപിഐഎം അനുകൂലികള്‍ ആക്രമിക്കുകയും തടയുകയും ചെയ്തത് വിവാദമായിരുന്നു. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് മേധ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

നാഗ്പൂരിലെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലാവാസ പ്രൊജക്ടിനെതിരായ മേധ പാട്കറുടെ നേതൃത്വത്തില്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. ആന്ധപ്രദേശിലെ ശ്രീകാകുളത്തു തുടങ്ങാനിരുന്ന കൊവ്വാദ ആണവ പദ്ധതി നിര്‍ത്തലാക്കുന്നതിനും മേധ പട്കര്‍ ഇടപെട്ടു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ആരംഭിക്കാനിരുന്ന ആണവ വൈദ്യുത നിലയത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കു ചേരാന്‍ മേധപട്കര്‍ വിസമ്മതിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ലാവാസാ പദ്ധതിക്കെതിരായ സമരവും, നര്‍മ്മദാ ബചാവോ ആന്ദോളന്‍ പരിപാടികള്‍ മൂലവും താന്‍ തിരക്കായതിനാലാണ് രത്‌നഗിരിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അന്ന് വിമര്‍ശനങ്ങള്‍ക്ക് മേധ നല്‍കിയ വിശദീകരണം.

മറ്റ് സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലെ സമരങ്ങള്‍ക്കും മേധപട്കര്‍ സുപരിചിതയാണ്. 2003ല്‍ പ്ലാച്ചിമടയിലെ സമരക്കാര്‍ക്ക് പിന്തുണയേകി മേധ പട്കര്‍ കേരളത്തില്‍ എത്തിയിരുന്നു. നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരിലെ വയല്‍ കിളികള്‍ നടത്തിയ സമരത്തിനും 2014 ല്‍ ഭൂമിക്കായി സെക്രട്ടറിയേറ്റ് പടിക്കല്‍ ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരത്തിനും മേധപട്കറുടെ പിന്തുണയുണ്ടായി. ദത്ത് നല്‍കിയ സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ തിരുവനന്തപുരം സ്വദേശിയായ അനുപമ ആരംഭിച്ച സമരത്തിനും 2022ല്‍ സംസ്ഥാനമൊട്ടാകെ നടന്ന കെ റെയില്‍ സമരത്തിലും മേധ പട്കറുടെ ഇടപെടലുണ്ടായി. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ലെന്നും റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേധപട്കര്‍ പറഞ്ഞിരുന്നു.

വസന്ത് കനോല്‍ക്കറിന്‍റെയും ഇന്ദു കനോല്‍ക്കറിന്‍റെയും മകളായി 1954 ഡിസംബര്‍ 1-ന് മുംബൈയില്‍ ആണ് മേധപട്കറുടെ ജനനം. സാമൂഹ്യ-സാമ്പത്തിക, രാഷ്ട്രീയ തലങ്ങളില്‍ സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുവാന്‍ വേണ്ടി രൂപീകരിച്ച നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍ മൂവ്‌മെന്റിന്റെ ദേശീയ കണ്‍വീനര്‍ കൂടിയാണ് മേധ. ലോകത്തിലെ അണക്കെട്ടുക്കളെക്കുറിച്ചും, അവയുണ്ടാക്കുന്ന സാമ്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചും പഠിക്കുന്ന ആഗോള സ്വതന്ത്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസിന്റെ കമ്മീഷണറായും മേധ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com