തുടരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം; പരിഹാരം അനിവാര്യമാകുമ്പോള്‍ പോംവഴി എന്ത്?

വനവിസ്തൃതി കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു. എന്നിട്ടുമെന്തുകൊണ്ടാണ് മൃഗങ്ങള്‍ക്ക് നാട്ടിലേക്കിറങ്ങേണ്ടി വരുന്നത്? മനുഷ്യജീവനും കൃഷിയിടങ്ങളും ഭീഷണിയിലാകുമ്പോഴും പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്തുകൊണ്ട്? പ്രശ്‌നപരിഹാരം അകലെയാകുന്നതിന് കാരണമെന്താണ്?
തുടരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം; പരിഹാരം അനിവാര്യമാകുമ്പോള്‍ പോംവഴി എന്ത്?

കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ കാരണം മനുഷ്യജീവനും കൃഷിയിടങ്ങളും മുമ്പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുകയാണ്. പരിഹാരമാര്‍ഗങ്ങളായി ഇതുവരെ മുന്നോട്ടുവെച്ചവയൊന്നും ഫലപ്രാപ്തിയിലെത്താതെ പോയ സാഹചര്യമാണുള്ളത്. വനാതിര്‍ത്തിയിലെ മനുഷ്യരില്‍ പലരും എന്തു ചെയ്യണമെന്നറിയാതെ വാസസ്ഥലും കൃഷിയിടവും വിട്ട് പലായനം ചെയ്യേണ്ട അവസ്ഥയിലാണ്. വന്യജീവികളുടെ പെരുപ്പത്തെ നിയന്ത്രിക്കുകയല്ലാതെ പരിഹാരമാര്‍ഗമില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മനുഷ്യ-വന്യജീവി സഹവര്‍ത്തിത്വമാണ് ആവശ്യമെന്ന് മറുവിഭാഗം അഭിപ്രായപ്പെടുന്നു.

കൃത്യമായ പഠനവും ആസൂത്രണവും ഈ വിഷയത്തില്‍ നടക്കുന്നില്ല എന്ന വസ്തുത മറന്നുകൂടാ. മനുഷ്യജീവനുകള്‍ നഷ്ടപ്പെടാതെയുള്ള, വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ അലോസരമുണ്ടാകാതെയുള്ള എന്ത് പരിഹാരമാണ് കാണാനാവുക? ഗുരുതരമായ പ്രശ്‌നത്തെ നേരിടാന്‍ ഗൗരവത്തോടെയുള്ള സമീപനം തന്നെയാണ് ഏറ്റവും അത്യാവശ്യം. പഠനങ്ങളും റിപ്പോര്‍ട്ടുകളുമൊക്കെ വര്‍ഷാവര്‍ഷം പുറത്തുവരുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരം മാത്രം അകലെയാകുന്ന അവസ്ഥയ്ക്കാണ് മാറ്റം വരേണ്ടത്. ആരോപണ പ്രത്യാരോപണ വാഗ്വാദങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചല്ലേ ചര്‍ച്ചകള്‍ ഉയരേണ്ടത്?

വനവിസ്തൃതിയും മനുഷ്യ- വന്യജീവി സംഘര്‍ഷവും

കേരളത്തിന്റെ ആകെ ഭൂവിസ്തൃതി 580 കിലോമീറ്റര്‍ നീളവും ശരാശരി 75 കിലോമീറ്റര്‍ വീതിയുമാണ്. ഇതില്‍ 29.1 ശതമാനം സ്ഥലവും (11309.47 ച.കി.മീ) വനപ്രദേശമാണ്. വനാതിര്‍ത്തിയില്‍ വരുന്ന 120 ഗ്രാമങ്ങളിലായി 30 ലക്ഷത്തിലധികം ആളുകളാണ് നിലവില്‍ വന്യജീവികളെ ഭയന്ന് കഴിയുന്നത്. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളാണ് പ്രധാനമായും മനുഷ്യ-വന്യജീവി സംഘര്‍ഷം ഉണ്ടാകുന്ന ജില്ലകളെന്ന് വനംവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ആലപ്പുഴ ഒഴികെ 13 ജില്ലകളും ഈ പ്രശ്‌നം നേരിടുന്നുണ്ട് എന്നത് മറ്റൊരു കാര്യം. സംസ്ഥാനത്ത് 1004 മേഖലകളെയാണ് മനുഷ്യ-വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. ഇവയില്‍ നിലമ്പൂര്‍ നോര്‍ത്ത്, വയനാട് സൗത്ത്, വയനാട് നോര്‍ത്ത് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആന, പന്നി, കടുവ, കാട്ടുപോത്ത്, കുരങ്ങ്, മാന്‍, മയില്‍ തുടങ്ങിയവയെല്ലാം ജനവാസ മേഖലകളിലേക്കിറങ്ങിവന്ന് കൃഷിവിളകള്‍ നശിപ്പിക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. ഇവയില്‍ പല മൃഗങ്ങളും മനുഷ്യജീവന് വലിയ ഭീഷണിയും സൃഷ്ടിക്കുന്നു.

വനംവകുപ്പ് പറയുന്നത്

2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 34,785 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഇവയില്‍ 1233 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 6803 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2021ല്‍ മാത്രം വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആണ്. 2018- 2022 കാലയളവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 105 പേരാണ്. ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം വനത്തിന്റെ സ്വാഭാവിക ഘടനയില്‍ വന്ന മാറ്റങ്ങള്‍, വനത്തിനുള്ളില്‍ ഭക്ഷ്യലഭ്യതയിലും ജലലഭ്യതയിലും ഉണ്ടായ കുറവ്, വനാതിര്‍ത്തിയിലെ കാര്‍ഷികവിളകളുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം, വനമേഖലയോട് ചേര്‍ന്ന് അക്വേഷ്യയും യൂക്കാലിപ്റ്റസും പോലെയുള്ള അധിനിവേശ ഏകവിളത്തോട്ടങ്ങളുടെ വര്‍ധന ഉണ്ടായത്, ആനകളുടെ സ്ഥിരം സഞ്ചാരപാത (ആനത്താര) കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. - വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിന് രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വയനാട് വന്യമൃഗസങ്കേതത്തിന്റെ വിസ്തൃതി 340 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇവിടെയുള്ളത് 160 കടുകളെന്നാണ് നിലവിലെ ഏകദേശ കണക്ക്. ഇത്രയും കടുവകള്‍ക്ക് പര്യാപ്തമായ ആവാസവ്യവസ്ഥ ഇവിടെയില്ല. 20ല്‍ താഴെ എണ്ണം കടുവകള്‍ക്ക് പര്യാപ്തമായ സ്ഥലത്താണ് ഇപ്പോള്‍ അതിന്റെ എട്ട് മടങ്ങ് കടുവകളുള്ളത്. മറ്റൊരു ഉദാഹരണം നാട്ടിലേക്കിറങ്ങുന്ന മയിലുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ്. വനാതിര്‍ത്തിയും ഗ്രാമങ്ങളും വിട്ട് നഗരമേഖലയുടെ പ്രാന്തപ്രദേശങ്ങളില്‍ പോലും മയിലുകള്‍ സാധാരണ കാഴ്ചയായിക്കഴിഞ്ഞു.

ദുരിതം നേരിടേണ്ടിവരുന്നത് ആരൊക്കെ?

വനമേഖലകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്ന, കൃഷിയോ കാര്‍ഷിക അനുബന്ധ ജോലികളോ ഉപജീവനമാര്‍ഗമാക്കിയിരിക്കുന്ന സാധാരണക്കാരെയാണ് വന്യജീവി ആക്രമണം പ്രധാനമായും ബാധിക്കുന്നത്. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെടുന്നത്, വിളനാശം, സ്വത്ത് നാശം എന്നിവയെല്ലാം ഈ ജനതയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. അടച്ചുറപ്പില്ലാത്തതും ചുറ്റുമതിലുകളില്ലാത്തതുമായ വീടുകളില്‍ കഴിയുന്ന ദരിദ്ര കുടുംബങ്ങളും, സെറ്റില്‍മെന്റ് കോളനികളില്‍ കഴിയുന്നവരുമെല്ലാമാണ് വന്യമൃഗ ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകള്‍ എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

കേരളത്തില്‍ 725 സെറ്റില്‍മെന്റുകളിലായി ഒരു ലക്ഷത്തിലധികം ആദിവാസികളും അഞ്ച് ലക്ഷത്തോളം വരുന്ന അല്ലാത്തവരും വനമേഖലയുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നുണ്ട് എന്ന കണക്കും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വന്യജീവി ആക്രമണത്തിന്റെ ഭീതിയില്‍ കഴിയുന്ന ജനതയ്ക്ക് ജീവനും സ്വത്തും മാത്രമല്ല വിഷയമാകുന്നത്. കൃഷിയിടങ്ങളും ഉപജീവനമാര്‍ഗവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവരുന്ന സ്ഥിതി സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ പലരും നേരിടുന്നുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഭയന്നു രാത്രികള്‍ കഴിച്ചുകൂട്ടേണ്ടിവരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികപ്രയാസം ഊഹിക്കാവുന്നതിനും അപ്പുറമാണ്.

കാടിറങ്ങുന്ന മൃഗങ്ങള്‍ ഒരു വിഭാഗം മനുഷ്യര്‍ക്ക് കാഴ്ച്ചയ്ക്കുള്ള കൗതുകമോ ആവേശമോ ഒക്കെയായി മാറുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും ജീവിതവും ജീവനും കയ്യില്‍പ്പിടിച്ച് ഭീതിയോടെ ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവരുന്നവരെ പൊതുസമൂഹം വേണ്ടരീതിയില്‍ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. ഇതിനൊരു പ്രധാന കാരണം വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ സമൂഹത്തിന്റെ ഏത് തട്ടില്‍ ഉള്‍പ്പെടുന്നവരാണ് എന്ന പൊതുബോധവിലയിരുത്തലാണ്. സാമ്പത്തികമായോ സാമൂഹികമായോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായാണ് വനാതിര്‍ത്തികളില്‍ കഴിയുന്ന മനുഷ്യരെ കേരളത്തിന്റെ മുഖ്യധാരാപൊതുബോധം വിലയിരുത്താറുള്ളത്.

വന്യജീവിആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറിയ പങ്കും ദരിദ്രകര്‍ഷകരോ ആദിവാസി-ദളിത് വിഭാഗത്തില്‍ പെട്ടവരോ ആണെന്ന് രേഖകള്‍ തെളിയിക്കുന്നു. മറ്റേതൊരു മേഖലയിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അധികാരികളും പൊതുപ്രവര്‍ത്തകരും രാഷ്ട്രീയനേതൃത്വവും കാണിക്കുന്ന ഉത്സുകത വന്യജീവി പ്രശ്‌നത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്നില്ല എന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ത്ഥ്യമാകുന്നു. കണ്ണൂര്‍ ആറളം ഫാം ഉദാഹരണമായെടുക്കുക, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പത്തോളം പേര്‍ ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായവര്‍ നിരവധിയുണ്ട്. ഒരുപാട് വീടുകളും വാഹനങ്ങളും ആന തകര്‍ത്തിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം കാരണം യാതൊരു കൃഷിയും സാധ്യമല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ വരുമാനമാര്‍ഗവും ഇല്ല. വൈകുന്നേരം 5 മണിക്ക് ശേഷം ആനയിറങ്ങുമെന്നതിനാല്‍ ഫാമിന് പുറത്തുള്ള പ്രദേശങ്ങളില്‍ ജോലിക്ക് പോകുന്നതും സാധ്യമല്ല.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിയാണ് ആറളം ഫാം. അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി ആദിവാസികള്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് ഭൂരഹിതരായ ആദിവാസികള്‍ക്കുള്ള ഭൂവിതരണം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി ആറളം ഫാം നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ പ്ലാന്റേഷന്‍ ഭൂമിയുടെ ഒരു ഭാഗം കണ്ണൂരിലെയും ഇതര ജില്ലകളിലെയും ഭൂരഹിത കുടുംബങ്ങള്‍ക്ക് പതിച്ചുനല്‍കുകയായിരുന്നു. എന്നാല്‍ വനാതിര്‍ത്തിയിലുള്ള ഈ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടം ഉപേക്ഷിച്ച് പോകുകയല്ലാതെ വേറെ മാര്‍ഗമില്ല എന്ന അവസ്ഥയില്‍ കഴിയുന്നത്. ആറളം വന്യജീവിസങ്കേതവും പുനരധിവാസ മേഖലയും തമ്മിലുള്ള അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതില്‍ പണിയുമെന്ന് 2019 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായില്ല.

വന്യജീവി ആക്രമണത്തിന് പരിഹാരമായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച 22 കോടി രൂപ വിനിയോഗിച്ച് ഇവിടെ ആനമതില്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ പദ്ധതിയും എങ്ങുമെത്തിയില്ല. വനാതിര്‍ത്തിയില്‍ കാട്ടാനകളെ തടയാനുള്ള വേലികളെല്ലാം നിലവില്‍ ഉപയോഗ ശൂന്യമാണ്. ഇതിലൂടെയാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. അതിര്‍ത്തിയില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന കോടതി നിര്‍ദേശവും സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.

സര്‍ക്കാര്‍ സമീപനം എങ്ങനെ

ദുരിത ബാധിതരോടുള്ള സര്‍ക്കാരിന്റെ സമീപനം പല ഘട്ടങ്ങളിലും വിമര്‍ശന വിധേയമായിട്ടുള്ളതാണ്. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്കും ഉപജീവന സാധ്യതകള്‍ നഷ്ടപ്പെടുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വനംവകുപ്പിന്റെ ചുമതലയില്‍ വരുന്ന കാര്യമാണിത്. എന്നാല്‍ നഷ്ടപരിഹാരം തേടി വനംവകുപ്പിനെ സമീപിക്കുന്നവരുടെ അപേക്ഷകള്‍ തള്ളിക്കയാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷം രൂപയും ബാക്കി തുക നടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്ത പതിനാല് ദിവസത്തിനുള്ളിലും നല്‍കണമെന്നാണ് വ്യവസ്ഥ. വന്യജീവി ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കുമായി പ്രത്യേക നഷ്ടപരിഹാര പാക്കേജുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സഹായം തേടിയെത്തുന്നവരോടുള്ള അധികൃതരുടെ സമീപനം മനുഷ്യത്വവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് കര്‍ഷകര്‍ പറയുന്നു. വനാതിര്‍ത്തിയിലുള്ളവരുടെ സഹകരണം കൂടാതെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്താനാകില്ലെന്ന വസ്തുത വനംവകുപ്പ് തിരിച്ചറിയണമെന്നാണ് കേരള ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (KIFA) ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ അഭിപ്രായപ്പെടുന്നത്. 'പ്രദേശവാസികളെ വെറുപ്പിച്ചുകൊണ്ടുള്ള സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. അത് ഗുണപരമല്ല. മനുഷ്യന്റെ ജീവനും സ്വത്തിനും ഹാനികരമാകുന്ന ഏതൊരു ജീവിയെയും വകവരുത്താന്‍ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുണ്ട്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് 1972 സെക്ഷന്‍ 1എ പ്രകാരമാണ് ഈ അധികാരമുള്ളത്. ഇതാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാന്‍ ഉത്തരവിട്ടതും ഈ നിയമപ്രകാരമാണ്.

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട 42ാമത്തെ ആളായിരുന്നു ശക്തിധരന്‍. ഒന്നാമത്തെ ആളെ ആന കൊന്നപ്പോള്‍ തന്നെ എടുക്കേണ്ടിയിരുന്ന നടപടിയാണ് 42ാമത്തെ ആളെ കൊന്ന ശേഷം മാത്രം വനംവകുപ്പ് സ്വീകരിച്ചത്. വേണ്ട സമയത്ത് നടപടിയെടുക്കുന്നില്ല. മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലെങ്കിലും അടിയന്തരമായി നടപടിയെടുക്കാനും വന്യജീവികളെ എണ്ണപ്പെരുപ്പം നിയന്ത്രിക്കാനും തയ്യാറാകണം. അതിന് അനുവദിക്കുന്ന നിയമങ്ങള്‍ നമുക്കുണ്ട്. എന്നാല്‍, അവ ഉപയോഗിക്കാന്‍ രാഷ്ട്രീയനേതൃത്വമോ എക്‌സിക്യൂട്ടീവോ തയ്യാറാകുന്നില്ല. പലപ്പോഴും നിയമത്തിലെ നൂലാമാലകളും വെല്ലുവിളിയാകുന്നുണ്ട്. കാട്ടുപന്നി ശല്യത്തിന്റെ കാര്യത്തില്‍ അതാണ് പ്രശ്‌നം. വെടിവച്ചുകൊല്ലാമെന്ന് ഉത്തരവുണ്ട്. പക്ഷേ, അത് പ്രാവര്‍ത്തികമാക്കാനുള്ള കടമ്പകള്‍ നിരവധിയാണ്. തോക്ക് ലൈസന്‍സ് നല്‍കാതെ പൊലീസുകാര്‍ പിടിച്ചുവെക്കുന്ന അവസ്ഥയുണ്ട്. സീസണല്‍ ഹണ്ടിംഗ് നടത്തി വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാവുന്നതാണ്.

അമേരിക്കയില്‍ ശൈത്യകാലത്ത് മാന്‍ ഉള്‍പ്പടെയുള്ളവയെ വെടിവെച്ച് കൊല്ലാന്‍ അനുമതിയുണ്ട്. ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായിട്ടും കംഗാരുവിനെ വേട്ടയാടാനുള്ള അവസരമുണ്ട്. ആ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വേട്ടയാടലിന് ഇവിടെയും അവസരമുണ്ടാകണം. 1972ലെ വനനിയമത്തില്‍ അതുണ്ടായിരുന്നതാണ്. പക്ഷേ, 1991ല്‍ ഭേദഗതിയില്‍ അതില്ലാതായി. നിലവിലെ അവസ്ഥയില്‍ കാട്ടില്‍ കയറി മൃഗത്തെ ആക്രമിച്ചാല്‍ മനുഷ്യനെതിരെ കേസ് എടുത്തോട്ടെ, പക്ഷേ നാട്ടിലിറങ്ങി വീട്ടില്‍ക്കയറി ആക്രമിക്കുന്ന വന്യജീവിയെ സ്വയംരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയാലും കേസ് എടുക്കുന്ന അവസ്ഥ മാറണം'.

കാരണങ്ങള്‍ നിരവധി, വാദങ്ങള്‍ പലത്

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമായി ഉയരുന്ന വാദങ്ങള്‍ രണ്ടുതരത്തിലുള്ളതാണ്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രധാന കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വന്യജീവികളുടെ സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പുതിയ ആവാസവ്യവസ്ഥ തേടിയുള്ള യാത്ര തുടങ്ങിയവയും കാരണങ്ങളായി ഒരുവിഭാഗം ഉയര്‍ത്തിക്കാണിക്കുന്നു. കാടും നാടും തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ മറ്റൊരിടത്തേക്ക് പാര്‍പ്പിക്കുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവയാണ് പരിഹാരമായി ഇവര്‍ മുന്നോട്ടുവെക്കുന്നത്. അതേസമയം, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകള്‍ ആദിമകാലം മുതല്‍ത്തനെ ഉള്ളതാണെന്നും കഴിഞ്ഞ കുറച്ചുകാലത്തിനുള്ളില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന വിലയിരുത്തല്‍ തെറ്റാണെന്നും എതിര്‍വിഭാഗം വാദിക്കുന്നു.

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം മനുഷ്യര്‍ തന്നെയാണെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവര്‍ത്തനങ്ങളും വനം കയ്യേറ്റവും മൂലം വന്യജീവികളുടെ ആവാസവ്യവസ്ഥകളുടെ വിസ്തൃതിയും ആരോഗ്യാന്തരീക്ഷവും നഷ്ടപ്പെട്ടതാണ് സംഘര്‍ഷം കൂടുതലായി അനുഭവപ്പെടാന്‍ കാരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

പരിഹാരം കാണേണ്ടതെങ്ങനെ

പ്രാദേശിക ആസൂത്രണത്തില്‍ ഊന്നിയുള്ള സമഗ്രമായ പരിഹാരമാര്‍ഗങ്ങളാണ് ഈ സാഹചര്യത്തില്‍ ആവശ്യം. ഇവ സാങ്കേതികമായി ഭദ്രമായതും പൊതുജനപങ്കാളിത്തം കൂടി ഉള്‍പ്പെടുത്തിയുള്ളതുമാകണം. ആവാസവ്യവസ്ഥയുടെ സ്വാഭാവികതയും വിസ്തൃതിയും വീണ്ടെടുക്കുക, അധിനിവേശ സസ്യങ്ങളെ വനപ്രദേശങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കുക, അതിസംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ മനുഷ്യ ഇടപെടലുകള്‍ പരമാവധി ഇല്ലാതാക്കുക എന്നിവയൊക്കെ പ്രാവര്‍ത്തികമാക്കാവുന്നതാണ്. കാട്ടിലെയും സമീപ പ്രദേശങ്ങളിലെയും അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തുക, വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃഷിവിളകള്‍ വനാതിര്‍ത്തികളില്‍ നിന്ന് ഒഴിവാക്കല്‍ സാധ്യമാണോ എന്ന് പരിശോധിക്കുക, അത്യപൂര്‍വങ്ങളായ സാഹചര്യങ്ങളില്‍ പ്രശ്‌നക്കാരായ വന്യജീവികളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കുക എന്നീ മാര്‍ഗങ്ങളും അവലംബിക്കാവുന്നതാണ്.

വന്യജീവികള്‍ മൂലം ജീവഹാനിയോ വിളനാശമോ സംഭവിക്കുന്ന സാഹചര്യങ്ങളിലും സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സമയബന്ധിതമായും ആവശ്യമായ അളവിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കുക, ദ്രുതകര്‍മസേനയുടെ സേവനം കാലോചിതമായി പരിഷ്‌കരിക്കുക, സൗരോര്‍ജവേലികള്‍ പോലെയുള്ള ഹ്രസ്വകാല പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുക തുടങ്ങിയവയും അധികൃതര്‍ ഉപേക്ഷ കൂടാതെ ചെയ്യേണ്ടതാണ്. പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഈ പരിഹാരമാര്‍ഗങ്ങളെ എങ്ങനെ നടപ്പിലാക്കാനാവുമെന്ന് ജനങ്ങളെയും വിഷയ വിദഗ്ധരെയും ജനപ്രതിനിധികളെയും ഒപ്പംകൂട്ടി ആലോചിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടതാണ്. സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല തദ്ദേശ ഭരണസംവിധാനങ്ങളും ഈ കാര്യത്തില്‍ അലംഭാവം കൂടാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ പരിഹാരമാര്‍ഗങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാനാവൂ.

തെറ്റിദ്ധാരണകള്‍ മാറേണ്ടതുണ്ട്...

അരിക്കൊമ്പനെ പിടികൂടിയതും മാറ്റിപ്പാര്‍പ്പിച്ചതുമൊക്കെ ആഘോഷമാക്കിയ ജനതയാണ് കേരളത്തിലേത്. ആനസ്‌നേഹികളും എതിര്‍വിഭാഗവും എന്ന തരത്തില്‍ ചേരിതിരിഞ്ഞ് വലിയ വാഗ്വാദങ്ങള്‍ക്കും ആശയപോരാട്ടങ്ങള്‍ക്കുമൊക്കെ നവമാധ്യമങ്ങളടക്കം വേദിയായി. ആനത്താരകള്‍ കെട്ടിയടയ്ക്കപ്പെട്ടതും മനുഷ്യന്റെ ഇടപെടല്‍ മൂലം ആനയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ വ്യതിയാനങ്ങള്‍ വന്നതുമൊക്കെ ഇതോട് ചേര്‍ന്ന് ചര്‍ച്ചയായി. ഒരു കാട്ടാനയെ അതിന്റെ വാസസ്ഥലത്തു നിന്ന് പിടികൂടി മറ്റൊരിടത്തേക്ക് വിട്ടത് അഭിലഷണീയമായോ എന്ന ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ആന ഉള്‍ക്കാട്ടിലല്ലേ കഴിയേണ്ടത്, നാട്ടിലേക്കിറങ്ങിയിട്ടല്ലേ എന്ന ചോദ്യവും സജീവമാണ്. ഇതോട് ചേര്‍ത്താണ് 2021ല്‍ ആനിമല്‍ കണ്‍സര്‍വേഷന്‍ ജേര്‍ണലില്‍ വന്ന ഒരു ലേഖനം കൂട്ടിവായിക്കേണ്ടത്. ആനയെക്കുറിച്ചുള്ള നാം കാലങ്ങളായി പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങള്‍ പലതും തെറ്റാണെന്ന് ഈ ശാസ്ത്രീയപഠന ലേഖനം വ്യക്തമാക്കുന്നുണ്ട്. കാടിറങ്ങുന്ന, കാടിറക്കുന്ന ആനയെ മനുഷ്യന്‍ നാട്ടാനയാക്കി മാറ്റി അതിന്റെ സ്‌നേഹവും കരുതലും നിറഞ്ഞ കഥകളൊക്കെ അതിശയോക്തി കലര്‍ത്തി പറഞ്ഞുപരത്താറുണ്ട്. കാലങ്ങളായി തുടരുന്നതാണിത്.

എന്നാല്‍, ആനയെ ഒരിക്കലും ഇണക്കാനാവില്ല എന്നതാണ് വസ്തുത. മനുഷ്യന്‍ കാട്ടാനയെ അതിപീഡന മുറകളിലൂടെ മെരുക്കുകയാണ് ചെയ്യുന്നത്. അതിനപ്പുറം അതിനെ ഇണക്കാന്‍ മനുഷ്യനാവില്ല. അതുപോലെ ആനയെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. ഇതിനുദാഹരണമായി 1980കളില്‍ പശ്ചിമബംഗാളില്‍ നിന്ന് ഒരു ടൈഗര്‍ റിസര്‍വ്വിലേക്ക് മാറ്റിപ്പാര്‍പ്പിച്ച ആനയുടെ കഥ പറയുന്നുണ്ട്. ആന മൂന്നാഴ്ച്ചയ്ക്ക് ശേഷം പഴയ ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്തി. ആനയെ മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ സംഘര്‍ഷം ഇല്ലാതാകുകയല്ല ചെയ്യുന്നത്. സംഘര്‍ഷസാധ്യത ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുക മാത്രമാണ് ചെയ്യുന്നത്. കാട്ടാന ഉള്‍ക്കാടുകളിലാണ് ജീവിക്കേണ്ടത് എന്ന ധാരണയും തെറ്റാണ്. ആനയുടെ സ്വാഭാവിക ആവാസവ്യവസ്ഥ വനത്തിന്റെ ഓരങ്ങളിലാണെന്ന് ആനിമല്‍ കണ്‍സര്‍വേഷന്‍ ജേര്‍ണലില്‍ വന്ന ലേഖനത്തില്‍ പറയുന്നു.

പ്രകൃതിയോടും മനുഷ്യരല്ലാത്ത ജീവികളോടുമുള്ള മനുഷ്യന്റെ അസഹിഷ്ണുതയാണ് അരിക്കൊമ്പന്‍ സംഭവം ആഘോഷമാക്കിയതിനു പിന്നിലെ അടിസ്ഥാന സ്വഭാവമെന്നാണ് പരിസ്ഥിതി സാമൂഹ്യശാസ്ത്ര ഗവേഷകനായ സോണി ആര്‍ കെ പറയുന്നത്. 'മാറേണ്ടത് നമ്മുടെ കാഴ്ച്ചപ്പാടാണ്. മനുഷ്യരും പ്രകൃതിയുമടങ്ങുന്ന ആവാസവ്യവസ്ഥയുടെ ഭാഗമാണ് വന്യജീവികളും. സംഘര്‍ഷമല്ല സഹവര്‍ത്തിത്വമാണ് ഉണ്ടാവേണ്ടത്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആ സഹവര്‍ത്തിത്വ മനോഭാവം സൂക്ഷിച്ചിരുന്നവരാണെന്നാണ് പഴയകാലങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍, പലയിടങ്ങളിലും വനഭൂമി കയ്യേറ്റവും അനുബന്ധസാഹചര്യങ്ങളും സ്ഥിതിയില്‍ മാറ്റമുണ്ടാക്കി. വന്യജീവി ശത്രു എന്ന പൊതുബോധത്തിലേക്ക് മനുഷ്യര്‍ കാലക്രമേണ എത്തി. അതിര്‍ത്തിക്കപ്പുറം വന്യജീവിയുണ്ടെന്നും അതിന്റെ സ്വൈര്യവിഹാരത്തിനും ആരോഗ്യകരമായ ആവാസവ്യവസ്ഥയ്ക്കും കോട്ടം തട്ടിയാല്‍ ദോഷം മനുഷ്യനും കൂടിയാണെന്നുമുളള തിരിച്ചറിവാണ് നഷ്ടപ്പെട്ടു പോയത്. ഇതാണ് വീണ്ടെടുക്കേണ്ടത്. വനവിസ്തൃതി കൂടിയെന്ന് അവകാശപ്പെടുന്നവര്‍ അഭിസംബോധന ചെയ്യാതെ പോകുന്ന ചില പ്രശ്‌നങ്ങളുണ്ട്. കണക്കുകളിലെ പൊള്ളത്തരം വെളിച്ചത്തുവരുന്നില്ല. വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി എന്നത് കൊണ്ടു മാത്രമല്ല സംഘര്‍ഷങ്ങളുണ്ടാകുന്നത്. അവയെ ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി കാടിനില്ല എന്ന വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണ്. സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും മുന്‍കയ്യെടുത്ത് ക്രിയാത്മകമായി പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മാത്രമേ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചും പഠനങ്ങള്‍ നടത്തിയും ജനങ്ങളെയും തദ്ദേശഭരണസംവിധാനങ്ങളെയും കൂടി ഉള്‍പ്പെടുത്തി പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടത്'.

പിന്‍കുറിപ്പ്

വനവിസ്തൃതി കൂടിപ്പോയതാണ് നമ്മുടെ കുഴപ്പമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. വിഭവശേഷി സമ്പന്നതയാണ് കേരളത്തിന്റെ പ്രത്യേകത. എന്നാല്‍, ഇത് അറിഞ്ഞുപയോഗിക്കാന്‍ കേരളീയര്‍ തയ്യാറല്ല. അലക്ഷ്യമായാണ് ഇവ നാം കൈകാര്യം ചെയ്യുന്നത്. കാലാകാലം ഇവ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും അതിനാല്‍ തോന്നുന്നവിധം ഉപയോഗിക്കാമെന്നുമാണ് കേരളസമൂഹത്തിന്റെ പൊതുബോധം. അതേസമയം, മധ്യ, വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വിഭവശേഷി കുറവാണ്. അവര്‍ക്ക് കാട് എന്നാല്‍ പേരിനുമാത്രമുള്ള മരക്കൂട്ടങ്ങളാണ്. അവിടെയുള്ള വിഭവസമ്പത്തിനെയോ വന്യജീവികളെയോ അവര്‍ ഒരുപരിധിക്കപ്പുറം ചൂഷണം ചെയ്യാറില്ല. അത്തരം പ്രദേശങ്ങളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വനാതിര്‍ത്തികളിലെ കൃഷിവിളകളില്‍ മാറ്റം വരുത്താന്‍ അവര്‍ തയ്യാറാവില്ല. മരങ്ങള്‍ നട്ടുപിടിപ്പിച്ചും നാശോന്മുഖമാകുന്ന ജലസ്രോതസുകളെ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയും അവര്‍ പ്രകൃതിയിലേക്ക് മടങ്ങുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com