'ഇന്നസെന്റ് ചേട്ടന്‍ പോയ ലോക്കേഷനിലേക്ക് ഞാനും പോകും, ഡേറ്റ് ആകുമ്പോള്‍'; അന്ന് സലിംകുമാര്‍ കുറിച്ചത്

സിനിമാ മേഖലയിലെ തന്റെ ഏറ്റവും വലിയ സുഹൃത്ത് ഇന്നസെന്‌റായിരിന്നുവെന്ന് സലിംകുമാര്‍ വിവിധ സാഹചര്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്

'ഇന്നസെന്റ് ചേട്ടന്‍ പോയ ലോക്കേഷനിലേക്ക് ഞാനും പോകും, ഡേറ്റ് ആകുമ്പോള്‍'; അന്ന് സലിംകുമാര്‍ കുറിച്ചത്
dot image

സലിം കുമാര്‍ തന്റെ സിനിമ മേഖലയിലെ ആത്മബന്ധങ്ങളെ കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ട്. തന്റെ സുഖ വിവരങ്ങള്‍ അന്വേഷിക്കുന്ന കുറച്ച് താരങ്ങളെയുള്ളുവെന്നും അവരൊക്കെ തനിക്ക് കുടുംബം പോലെയാണെന്നും സലിംകുമാര്‍ ബിഹൈന്‍ഡ് വുഡ്‌സിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. ഇന്നസെന്റ്, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവരുടെ വേര്‍പാട് തന്നിലൊരു ശൂന്യത ഉണ്ടാക്കിയെന്നും സലിം കുമാര്‍ അന്ന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. ഇന്നസെന്റുമായിട്ടുള്ള തന്റെ സ്‌നേഹ ബന്ധത്തെ കുറിച്ചും സലികുമാര്‍ സംസാരിക്കുന്നുണ്ട്.

'എന്നെ ഒരാഴ്ച രണ്ടു തവണ ഇന്നസെന്റ് ചേട്ടന്‍ വിളിക്കുമായിരുന്നു. .എന്റെ മൂത്ത മകന്‍ ചന്തുവിനെ എഴുത്തിനിരുത്തിയതു മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന ഭരതന്‍ മാഷായിരുന്നു. 4 എം എയും നിയമബിരുദവുമുള്ള ആളാണ് ഭരതന്‍ മാഷ്. രണ്ടാമത്തെ മകന്‍ ആരോമലിനെ എഴുത്തിനിരുത്താനുള്ള സമയം വന്നപ്പോള്‍ ഞാന്‍ ഇന്നസന്റ് ചേട്ടനെ വിളിച്ചു വിദ്യാരംഭത്തിന് ഞാനും സുനിതയും കൊച്ചുമായി വരുമെന്ന് അറിയിച്ചു ചേട്ടന് ആ വിളിയൊരു വേവലാതിയായി.

'നീ എന്ത് പരിപാടിയാണ് കാണിക്കുന്നത് എട്ടാം ക്ലാസ് വരെ പഠിച്ച ഞാനാണോ ഹരിശ്രീ കുറിക്കേണ്ടത് എന്നായി ചേട്ടന്‍. വിദ്യാരംഭത്തിന്റെ തലേന്ന് ഇന്നസന്റ് ചേട്ടന്‍ വീണ്ടും വിളിച്ചു. ''എടാ ഞാന്‍ ഹരിശ്രീ എഴുതി പഠിക്കുകയാണ്. അവനെ എഴുതിക്കുമ്പോള്‍ അക്ഷരമെങ്കിലും തെറ്റരുതല്ലോ എന്നും പറഞ്ഞു. ഞങ്ങള്‍ കൃത്യമായി വീട്ടിലെത്തി ആരോമലിനെ ഹരിശ്രീ എഴുതിച്ചു. ആ ചിത്രങ്ങള്‍ ഞങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ട്. ആരോമലിന്റെ പഠിത്തകാര്യങ്ങള കുറിച്ച് ചേട്ടന്‍ തിരകക്ുമായിരുന്നു. താന്‍ എഴുത്തിനിരുത്തിയെന്നതു കൊണ്ട് ആരോമല്‍ പഠിക്കാതെ പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.

ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് സലിംകുമാര്‍ എഴുതിയ കുറിപ്പ്

'ഇന്നസന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍….'

Content Highlights: Salim Kumar words about actor innocent

dot image
To advertise here,contact us
dot image