

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് ! ശരിക്കും ഒരു അത്ഭുതം തന്നെയാണല്ലേ? ഒരാള്‍ ഒരുദിവസം 500 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പോലും ഈ റോഡിലൂടെയുളള യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തില്‍ കൂടുതലെടുക്കും. ഏറ്റവും അത്ഭുതകരമായ കാര്യം ഒരു യുടേണ്‍ പോലും ഇല്ലാതെ 14 രാജ്യങ്ങളിലൂടെ ഇത് കടന്നുപോകുന്നു എന്നതാണ്. ലോകത്തിലെ ഏറ്റവും നീളംകൂടിയതും പ്രത്യേകതയുള്ളതുമായ ഈ റോഡ് ഏതാണെന്നറിയാമോ? പാന്‍ അമേരിക്കന്‍ ഹൈവേയാണ് ആ റോഡ്.
മെക്‌സിക്കോ, ഗ്വാട്ടിമാല, എല്‍സാല്‍ഡോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്‌റ്റോറിക്ക, പനാമ എന്നവയുള്‍പ്പെടെ പ്രധാന വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടക്കുന്ന ഒരു റോഡാണ് പാന്‍-അമേരിക്കന്‍ ഹൈവേ. കൊളംബിയ, ഇക്വഡോര്‍, പെറു, ചിലി, അര്‍ജന്റീന എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡ് തെക്കേ അമേരിക്കവഴി നീണ്ടുപോകുന്നു. ഈ ഹൈവേ മറ്റ് പല റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഭൂമിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാഹന ഗതാഗത പാതയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ പാന്‍-അമേരിക്കന്‍ ഹൈവേ സ്ഥാനം പിടിച്ചിട്ടുണ്ട്. അലാസ്‌കയിലെ പ്രൂഡോബേയില്‍ നിന്ന് ആരംഭിക്കുന്ന ഈ ഹൈവേ ഏകദേശം 30,000 കിലോമീറ്ററാണ് നീണ്ടുകിടക്കുന്നത്. ഇടതൂര്‍ന്ന മഴക്കാടുകള്‍ മുതല്‍ തരിശായ മരുഭൂമികള്‍ വരെയുള്ള കാലാവസ്ഥയുടെയും പരിസ്ഥിതിയുടെയും മാറിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ പല പ്രകൃതിദൃശ്യങ്ങള്‍ ഈ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കും.

മിക്ക യാത്രക്കാര്‍ക്കും ഈ റോഡിലൂടെയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 60 ദിവസമെങ്കിലും എടുക്കേണ്ടിവരും. എങ്കിലും വാഹനത്തിന്റെ വേഗതയെ ആശ്രയിച്ച് ഈ ദൂരം വ്യത്യാസപ്പെട്ടിരിക്കും. 1920 കളുടെ തുടക്കത്തിലാണ് പാന്‍- അമേരിക്കന്‍ ഹൈവേകളുടെ നിര്‍മ്മാണം ആരംഭിച്ചത്.1937ല്‍ 14 രാജ്യങ്ങള്‍ ഇതിന്റെ നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കും സമ്മതിക്കുകയും റോഡ് പതുക്കെപ്പതുക്കെ വികസിപ്പിക്കുകയും 1960 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുമായിരുന്നു.
Content Highlights :The world's longest road passes through 14 countries without a U-turn