

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹമരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാടെടുത്തെന്ന് റോഷിപാല്‍ പറയുന്നു. ദുരൂഹമരണങ്ങളില്‍ അന്വേഷണം പോലും ഉണ്ടായിട്ടില്ലെന്നും റോഷിപാല്‍ പറഞ്ഞു. എട്ട് വര്‍ഷക്കാലം കേസുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തലുകള്‍ പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനാണ് ആര്‍ റോഷിപാല്‍.
കേസിലെ പ്രധാനപ്പെട്ട സാക്ഷി ബാലചന്ദ്രകുമാറിനെ വ്യാജ പീഡന കേസില്‍ കുരുക്കാന്‍ പ്രതികളുടെ സംഘം ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ സംഘത്തിന് എന്തും സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഏത് തരത്തിലും കേസ് തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമായിരുന്നു ആ ഘട്ടത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'അന്വേഷണത്തിലൂടെ ബാലചന്ദ്രകുമാറിനെതിരെയുള്ള കേസ് വ്യാജമാണെന്ന് തെളിഞ്ഞു. അങ്ങനെ ഒരു പരാതിക്കാരിയെ പോലും പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിലെ പ്രധാനിയായ ഈ പരാതിക്കാരിക്ക് പണം കൈമാറിയ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഉടമ പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു വീഴുകയായിരുന്നു. അതില്‍ പോലും അന്വേഷണം ഉണ്ടായിട്ടില്ല', റോഷിപാല്‍ പറഞ്ഞു.
ഈ മാസം എട്ടാം തീയ്യതിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ വിധി വന്നത്. കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബര്‍ 12ന് ആരംഭിക്കും. എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു. എന്നാല്‍ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: R Roshipal says there have been several mysterious deaths related to the actress attack case