ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു; യുവാക്കൾ കുഴിച്ചെടുത്തത് 50ലക്ഷം വിലവരുന്ന വജ്രക്കല്ല്!

വജ്രങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന പന്ന പലരുടെ ഭാവി തന്നെ മാറ്റിമറിച്ചിട്ടുണ്ട്

ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു; യുവാക്കൾ കുഴിച്ചെടുത്തത് 50ലക്ഷം വിലവരുന്ന വജ്രക്കല്ല്!
dot image

മധ്യപ്രദേശിലെ പന്നയിൽ പാട്ടത്തിനെടുത്ത ഖനിയിൽ യുവാക്കൾ നടത്തിയ ഖനനത്തിൽ ലഭിച്ചത് 15.34 കാരറ്റ് വജ്രം. ഏകദേശം അമ്പത് ലക്ഷം രൂപയോളം വിലമതിപ്പുള്ള വജ്രമാണിത്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സഹോദരിമാരുടെ വിവാഹം നന്നായി നടത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. 24കാരനായ സതീശ് ഖാതിക്, 23കാരനായ സാജിത് മുഹമ്മദ് എന്നിവർക്കാണ് വജ്രം ലഭിച്ചത്. ഇരുവരും പന്നയിലെ റാണിഗഞ്ച് സ്വദേശികളാണ്. സതീഷ് മാംസകച്ചവടം നടത്തുകയാണ്. അതേസമയം സാജിത് ഒരു പഴക്കടയിലാണ് ജോലി ചെയ്യുന്നത്.

തന്റെ മുത്തശ്ശനും പിതാവും പതിറ്റാണ്ടുകൾക്ക് മുമ്പ് അവരുടെ ഭാഗ്യം ഇത്തരത്തിൽ പരീക്ഷിച്ചിരുന്നെങ്കിലും വിജയം കണ്ടില്ലെന്ന് യുവാവ് പറയുന്നു. ഇരുപത് ദിവസങ്ങൾക്ക് മുമ്പാണ് കൃഷ്ണ കല്യാൺപൂരിലെ ഒരു പ്രദേശത്ത് ഖനനം നടത്തിയത്. നിലവിൽ ഇരുവരും പന്ന ഡയമണ്ട് ഓഫീസിൽ സമർപ്പിച്ചിരിക്കുകയാണ് ഈ വജ്രം. വജ്രത്തിന് അമ്പത് ലക്ഷത്തിലധികം വിലമതിക്കുമെന്നാണ് ഡയമണ്ട് ഓഫീസറായ രവി പട്ടേലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

വരുന്ന ലേലത്തിൽ ഈ വജ്രം ലേലത്തിന് വയ്ക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. വജ്രങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന പന്ന പലരുടെ ഭാവി തന്നെ മാറ്റിമറിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ആറു കർഷകർ ചേർന്ന് അഞ്ചോളം വജ്രങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നോളം വജ്രങ്ങൾക്ക് പന്ത്രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കും. ഈ വർഷം മാത്രം പന്ന ഡയമണ്ട് ഓഫീസിൽ അറുപതോളം വജ്രങ്ങളാണ് എത്തിയിരിക്കുന്നത്.

പന്ത്രണ്ട് ലക്ഷം കാരറ്റിന്റെ വജ്ര ശേഖരണം പന്ന ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുന്ദേൽഗണ്ട് മേഖലയിലാണുള്ളത്. വർഷാവർഷം ഇരുന്നൂറ് രൂപയ്ക്ക് എട്ട് മീറ്റർ ഖനന പ്രദേശങ്ങൾ ലീസിന് നൽകാറുണ്ട്. രാജ്യത്തിലുടനീളമുള്ള വ്യാപാരികൾ പങ്കെടുക്കുന്ന ലേലം മൂന്ന് മാസം കൂടുതൽ നടക്കാറുണ്ട്. ലേല തുകയിൽ 12 ശതമാനം സർക്കാർ ഡിഡക്ഷനാകും ഇതിൽ പതിനൊന്ന് ശതമാനം റോയൽറ്റി, ഒരു ശതമാനം ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് എന്നിവയാണ്. ബാക്കി തുക ഇത് കണ്ടെത്തിയവർക്ക് നൽകും.

Content Highlights: Two friends discovered 15.34 carat Diamond in Madhya Pradesh worth over 50 Lakhs

dot image
To advertise here,contact us
dot image