ഹോളിവുഡ് നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്, 82.7 ബില്യൺ ഡോളറിന്റെ ഡീൽ

വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകൾ ഇനി നെറ്റ്ഫ്ലിക്സിലൂടെ കാണാനാകും

ഹോളിവുഡ് നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ വാങ്ങാൻ നെറ്റ്ഫ്ലിക്സ്, 82.7 ബില്യൺ ഡോളറിന്റെ ഡീൽ
dot image

അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സിന്‍റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്ലിക്സിന്‍റെ ഭാഗമാവും. 82.7 ബില്യൺ ഡോളറിന്റെ ഡീലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പണവും ഓഹരിയും ചേര്‍ന്നതാണ് കരാര്‍ പ്രകാരമുള്ള കൈമാറ്റം എന്നും വിവരം ഉണ്ട്.

അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവും. കുറഞ്ഞ ചെലവിൽ എച്ച്.ബി.ഒ മാക്സ്, നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ഒരുമിച്ചു നൽകാനാണ് നെറ്റ്ഫ്ലിക്സിന്റെ പദ്ധതി. വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ഒപ്പം ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകൾ ഇനി നെറ്റ്ഫ്ലിക്സിലൂടെ ആരാധകർക്ക് കാണാനാകും.

Warner Brothers company

കമ്പനിയുടെ സര്‍ഗാത്മകമായ ആഗ്രഹങ്ങളെ ശക്തമാക്കുന്ന ഏറ്റെടുക്കലാണ് ഇതെന്നാണ് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സരന്‍ഡോസ് പ്രതികരിച്ചത്. “ലോകത്തെ രസിപ്പിക്കുക എന്നതായിരുന്നു എല്ലാക്കാലത്തും ഞങ്ങളുടെ ലക്ഷ്യം. ക്ലാസിക്കുകളായ കാസാബ്ലാങ്കയും സിറ്റിസണ്‍ കെയ്നും നവകാല ഫേവറൈറ്റുകളായ ഹാരി പോട്ടറും ഫ്രണ്ട്സും അടങ്ങിയ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ വമ്പന്‍ ലൈബ്രറി സ്ട്രേഞ്ചര്‍ തിംഗ്സും ഡെമോണ്‍ ഹണ്ടേഴ്സും സ്ക്വിഡ് ഗെയിമും അടക്കമുള്ള ഞങ്ങളുടെ ടൈറ്റിലുകളുമായി ചേരുമ്പോള്‍ ഞങ്ങള്‍ക്ക് അത് കൂടുതല്‍ മികവോടെ സാധിക്കും. പ്രേക്ഷകര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കൂടുതല്‍ നല്‍കാനും അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിനെ രൂപപ്പെടുത്താനും ഞങ്ങള്‍ ഒരുമിക്കുന്നതിലൂടെ സാധിക്കും”, ടെഡ് സരന്‍ഡോസ് പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങിയ ചാനലുകളും വിൽക്കാൻ വാർണർ ബ്രദേഴ്സ് ഡിസ്കവറി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കരാര്‍ അനുസരിച്ച് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുടെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 27.75 ഡോളര്‍ വീതമാണ് ലഭിക്കുക.

Content Highlights: Netflix to buy Warner Bros Discovery's studios

dot image
To advertise here,contact us
dot image