'തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ല'; റിനിയുടെ പിതാവ്

ഒരു ഭീഷണിക്കും വഴങ്ങില്ല, ഭീഷണി കണ്ട് പിന്മാറില്ലെന്നും റിനിയുടെ പിതാവ്

'തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ല'; റിനിയുടെ പിതാവ്
dot image

തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയിൽ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ്. ഒരു ഭീഷണിക്കും വഴങ്ങില്ല. ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ മകൾ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു, അതും പേര് വെളിപ്പെടുത്താതെ. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഭീഷണിയായി. ഇപ്പോൾ നേരിട്ടും ഭീഷണിപ്പെടുത്തുകയാണ്. ഒരു ഭീഷണിക്കും വഴങ്ങില്ല, ഭീഷണി കണ്ട് പിന്മാറില്ല' ജോർജ് ജോസഫ് പറഞ്ഞു.

പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് വീടിന്റെ മുന്‍പിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നാണ് റിനിയുടെ പരാതി. വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും റിനി ആരോപിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ 'ഹു കെയേഴ്‌സ്' എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. എന്നാല്‍ ഇത് രാഹുല്‍ ആണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ സ്വീകരിച്ച 'ഹു കെയേഴ്‌സ്' ആറ്റിറ്റിയൂഡ് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയുടെ പ്രതികരണം.

ഇതിന് പിന്നാലെ രാഹുലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതിനിടെ തന്നെയായിരുന്നു രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം കൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നടപടികളിലേക്ക് നീങ്ങി. ഒടുവിൽ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.

Content Highlights: Rini Ann George father George Joseph reaction on threat

dot image
To advertise here,contact us
dot image