
തൃശൂർ: മദ്യലഹരിയില്‍ ചീട്ടുകളിക്കുന്നതിനിടെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കുത്തി കൊലപ്പെടുത്തി. ഒഡീഷ സ്വദേശി പ്രിന്റു (ധനശ്യാം നായിക്ക്-19) ആണ് മരിച്ചത്. സംഭവത്തില്‍ ഒഡീഷ സ്വദേശി ധരംബീര്‍ സിംഗിനെ(29) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടവുകയും ധരംബീര്‍ സിംഗ് ബിയര്‍ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറിന്റെ വലത് വശത്തും ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ നിന്ന് കുന്നംകുളം പൊലീസും പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. മുഖത്ത് ഉള്‍പ്പടെ പരിക്കേറ്റിരുന്ന ധരംബീര്‍ സിംഗിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്ന് മാസത്തിന് മുമ്പാണ് പ്രതിയായ ധരംബീര്‍ കുന്നംകുളത്തെ ഒരു സ്ഥാപനത്തില്‍ ജോലിക്കായി എത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
Content Highlights: clash broke out while playing cards in Thrissur; one person was stabbed to death