ചോദ്യം ചോദിക്കുന്നത് തുടരും, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും: കണ്ണന്‍ ഗോപിനാഥന്‍

രാജ്യത്ത് നീതിക്കായി പോരാടുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണെന്ന് കെ സി വേണുഗോപാല്‍

ചോദ്യം ചോദിക്കുന്നത് തുടരും, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കും: കണ്ണന്‍ ഗോപിനാഥന്‍
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ജനങ്ങളോട് സംസാരിച്ചതില്‍ നിന്നുമാണ് സഞ്ചരിക്കേണ്ട ദിശ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ആസ്ഥാനത്തിലെത്തി കോണ്‍ഗ്രസില്‍ അംഗത്വം എടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്‍.

'2019ല്‍ ഞാന്‍ രാജിവച്ചു. സര്‍ക്കാര്‍ എങ്ങോട്ട് പോകുന്നു എന്ന് വ്യക്തമാണ്. കുറെ സംസ്ഥാനങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു. ജനങ്ങളോട് സംസാരിച്ചു. അതില്‍ നിന്നും സഞ്ചരിക്കേണ്ട ദിശ വ്യക്തമായി. കോണ്‍ഗ്രസില്‍ ചേര്‍ന്നു. സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവരെ ദേശ ദ്രോഹികളാക്കുകയാണ്', കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുമെന്നും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കണ്ണന്‍ പ്രതികരിച്ചു.

കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സന്തോഷകരമാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപറഞ്ഞു. കണ്ണന്‍ ഗോപിനാഥന്‍ നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ വ്യക്തിയാണെന്നും രാജ്യത്ത് നീതിക്കായി പോരാടുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019ല്‍ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണന്‍. കോട്ടയം കൂരോപ്പട സ്വദേശിയാണ്. രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന സിഐഎ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും കണ്ണന്‍ സജീവമായിരുന്നു.

കണ്ണന്‍ ഗോപിനാഥ് രാജിവെച്ച് ഒരു മാസത്തിന് ശേഷം മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിലും സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് ശശികാന്ത് സെന്തില്‍ രാജിവെച്ചത്. പിന്നീട് ശശികാന്ത് സെന്തിലും ജനകീയ സമരങ്ങളുടെ ഭാഗമായിരുന്നു.

പിന്നീട് ശശികാന്ത് സെന്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ശശികാന്ത് സെന്തിലിന്റെ അതേ വഴിയിലാണ് കണ്ണന്‍ ഗോപിനാഥനും കോണ്‍ഗ്രസിലെത്തുന്നത്.


Content Highlights: Will continue to ask questions and work to strengthen Congress says Kannan Gopinathan

dot image
To advertise here,contact us
dot image