
കൊച്ചി: മാനസികാരോഗ്യ പ്രശ്‌നങ്ങളെ നിസാരവൽക്കരിച്ചുകൊണ്ട് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾക്കെതിരെ പലഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനു പിന്നാലെ മൂഡ് സ്വിങ്സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ അഭിഷാദ് ഗുരുവായൂർ രംഗത്തെത്തിയതും വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകൾക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാൽ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമർശം.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് അഭിഷാദിന്റെ പരാമർശം,
'സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം', അഭിഷാദ് പറയുന്നു.
അഭിഷാദിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്. തലച്ചോറുണ്ടെങ്കിൽ മൂഡും മൂഡ് സ്വിങ്സും ഉണ്ടാകണമെന്നും അല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്നും മാനസാകാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. കൗമാരക്കാർക്ക് സ്വന്തം അറിവില്ലായ്മയും വിവരക്കേടും പകർന്ന് കൊടുക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന കൊടും ചതിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്തിനും മൂഡ് സ്വിങ് ആണത്രേ,
പെണ്ണുങ്ങൾക്ക് ആണ് ഇതെല്ലാം ഞങ്ങൾ ആണുങ്ങൾക്ക് ഒരു അസുഖവുമില്ല"വിവരദോഷത്തിന്റെ ആപ്തവാക്യമാണ് കുറിച്ചു വെച്ചോളൂ കൂടെയിരുന്ന് ചിരിക്കുന്ന ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് , ബ്രോ തലച്ചോർ ഉണ്ടെങ്കിൽ, ഹോർമോണുകൾ ഉണ്ടെങ്കിൽ മൂഡ് ഉണ്ടാകും, മൂട് സ്വിങ് ഉണ്ടാകണം അതാണ് സ്വാഭാവികത, അത് ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണം മനുഷ്യൻ അല്ലേ സർ തലച്ചോർ ഉണ്ടല്ലോ സർ ഹോർമോണുകൾ ഉണ്ടല്ലോ സർ, ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും, സന്തോഷവും സങ്കടവും ഒക്കെ മാറിമാറി വരും ഇതൊക്കെ തരണം ചെയ്യാൻ കുട്ടികളെ, കൗമാരക്കാരെ പഠിപ്പിക്കണം, അങ്ങയുടെ അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന ചതിയാണ് കൊടും ചതി
ഒന്നുമില്ലെങ്കിൽ സ്വന്തം പേരിനോടൊപ്പം അങ്ങ് ഒരു ഗുരുവായൂർ ചേർത്തിട്ടുണ്ടല്ലോ അവിടുത്തെ ഉണ്ണിക്കണ്ണനെ അറിയാമായിരിക്കും ശ്രീകൃഷ്ണഭഗവാൻ്റെ പ്രസിദ്ധമായ ഗീതോപദേശം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു അതിൽ ഒന്നാം അദ്ധ്യായം 28 മുതൽ 30 വരെയുള്ള ശ്ലോകങ്ങളിൽ മഹാഭാരത യുദ്ധത്തിനു മുമ്പ് തളർന്നു നിൽക്കുന്ന അർജുനനെ ഉപദേശിക്കുന്ന ശ്രീകൃഷ്ണൻ ഉണ്ട്, അർജുനനും ഉണ്ടായിരുന്നു ബ്രോ ആ സമയം മൂഡ് സ്വിങ്ങ്, ശ്ലോകവും അർത്ഥവും താഴെ ചേർക്കുന്നു
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം
സീദന്തി മമ് ഗാത്രാണി മുഖം ച പരിശുഷ്യതി
വേപതുശ്ച ശരീരേ മേ രോമഹർഷശ്ച ജായതേ
ഗാന്ധിവം സ്രംസതേ ഹസ്തത്ത്വക്ചൈ വ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥതും ഭ്രമതീവ ച മേ മന:
അർജുനൻ പറഞ്ഞു: ഹേ കൃഷ്ണാ, യുദ്ധം ചെയ്യാൻ ആഗ്രഹിച്ച് ഇവിടെ ഒത്തുകൂടിയ എന്റെ ഈ ബന്ധുക്കളെ കണ്ടപ്പോൾ എന്റെ അവയവങ്ങൾ തളർന്നു, എന്റെ വായ് വരണ്ടു. എന്റെ ശരീരം വിറച്ചു, എന്റെ രോമങ്ങൾ അറ്റം നിന്നു. ഗാണ്ഡീവം എന്റെ കൈയിൽ നിന്ന് വഴുതിപ്പോയി, എന്റെ ചർമ്മം തീപിടിച്ചിരിക്കുന്നു. എനിക്ക് എന്നെത്തന്നെ പിടിച്ചുനിർത്താൻ കഴിയുന്നില്ല; എന്റെ മനസ്സ് കറങ്ങുന്നതായി തോന്നുന്നു. ഹേ കേശവാ, ഞാൻ ദുഷ്ടലക്ഷണങ്ങൾ കാണുന്നു.
അർജുനൻറെ മൂഡ് സ്വിംങ്ങ് ഉപദേശിച്ചു ശരിയാക്കി യുദ്ധം ചെയ്യിപ്പിച്ച് വിജയിപ്പിച്ച ഭഗവാൻറെ നാട്ടിൽ നിന്നും വരുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കേണ്ട 'അംബാനെ
അതെങ്ങനെ മുന്നിൽ 10 പേരെ കിട്ടിയാൽ വായിൽ തോന്നുന്നതല്ലേ നമുക്ക് പാട്ട്
എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി കൃഷ്ണപ്രഭ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഈ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. സിനിമാമേഖലയിലെ പ്രമുഖർ വരെ നടിയെ വിമർശിച്ച് രംഗത്തെത്തി. കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.
Content Highlights:motivational speaker Abhilash Guruvayoor's blamed woman about mood swings