ഒന്നോ രണ്ടോ പെഗ്ഗ് കഴിക്കുന്നത് ഹാര്‍ട്ടിന് നല്ലതല്ലേ ഡോക്ടര്‍? ഈ ചോദ്യം തന്നെ ഹെല്‍ത്തിയല്ല

മദ്യപാനികളില്‍ കാണുന്ന മറ്റൊരു പ്രതിഭാസം വേഗത്തിലും താളം തെറ്റിയുമുള്ള ഹൃദയസ്പന്ദനമാണ്. ഇത് അനിയന്ത്രിതമാകുമ്പോള്‍ ബോധക്കേടോ ഒരുവേള പെട്ടെന്നുള്ള മരണമോ സംഭവിക്കും

ഒന്നോ രണ്ടോ പെഗ്ഗ് കഴിക്കുന്നത് ഹാര്‍ട്ടിന് നല്ലതല്ലേ ഡോക്ടര്‍? ഈ ചോദ്യം തന്നെ ഹെല്‍ത്തിയല്ല
dot image

ഹൃദ്‌രോഗത്തില്‍നിന്ന് രക്ഷപെടാന്‍ മദ്യം സഹായിക്കുമെന്ന ധാരണ ഇന്ന് പലരിലുമുണ്ട്. ഈ ധാരണയെ പിന്തുണയ്ക്കാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില ഗവേഷണ പഠനങ്ങളും ലഭ്യമാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ കാണാന്‍ വരുന്ന ചില രോഗികള്‍ ചോദിക്കുന്ന ചോദ്യമാണ് ' ഒന്നോ രണ്ടോ സ്‌മോള്‍ കഴിക്കുന്നത് ഹാര്‍ട്ടിന് നല്ലതല്ലേ ഡോക്ടര്‍' എന്ന്.

ലോകാരോഗ്യ സംഘടനയും ലോകബാങ്കും,ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ഈയിടെ നടത്തിയ പഠനങ്ങളില്‍ മദ്യപാനം ഭൂമുഖത്ത് വര്‍ധിച്ചുവരുന്ന ഏറ്റവും വലിയ വിപത്തായി വിലയിരുത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ മദ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ശാസ്ത്രീയ ബന്ധങ്ങളെ വിശകലനം ചെയ്ത് 60 ഗവേഷണ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദ്യം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ വിദേശ രാജ്യങ്ങളിലാണ് ഈ പഠനങ്ങളെല്ലാം നടന്നത്. മദ്യം തൊടാതിരിക്കുന്നവരെയും അമിതമായി മദ്യപിക്കുന്നവരെയും താരതമ്യപ്പെടുത്തുമ്പോള്‍ മിതമായ മദ്യപാനം നടത്തുന്നവരില്‍ ഹൃദ്‌രോഗ സാധ്യത കുറഞ്ഞ് കണ്ടായി പഠനങ്ങള്‍ തെളിയിച്ചു. മിതമായ മദ്യസേവ എന്ന് പറയുമ്പോള്‍ പുരുഷന്മാര്‍ക്ക് രണ്ട് പെഗ്ഗും(30 ഗ്രാം ഈഥൈല്‍ ആല്‍ക്കഹോള്‍)സ്ത്രീകള്‍ക്ക് ഒരു പെഗ്ഗും മാത്രം.

മിതമായ മദ്യപാനം ഹൃദയത്തിന് നല്ലതെന്ന് പറയുന്നതത് ശരിയാണോ?

സാന്ദ്രതകുറഞ്ഞ എല്‍ ഡിഎല്‍ കൊളസ്‌ട്രോള്‍ (ചീത്ത കൊളസ്‌ട്രോള്‍)ധമനിയുടെ ജരിതാവസ്ഥയെ ഉദ്ദീപിപ്പിക്കുമ്പോള്‍ സാന്ദ്രത കൂടിയ എച്ച് ഡിഎല്‍ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) ജരിതാവസ്ഥയുണ്ടാകാതിരിക്കുവാന്‍ സഹായിച്ചു കൊണ്ട് ഹൃദയാഘാതത്തില്‍നിന്ന് നമ്മേ പരിരക്ഷിക്കുന്നു. അധികമുള്ള ചീത്ത കൊളസ്‌ട്രോളിനെ കരളിലെത്തിച്ചുകൊണ്ട് അതിന്റെ രക്തത്തിലെ അളവ് എച്ച്.ഡി.എല്‍ കൊളസ്റ്ററോള്‍ കുറയ്ക്കുന്നു.രണ്ടാമതായി മിതമായ മദ്യപാനം ഇന്‍സുലിന്റെ രക്തത്തിലെ സംവേദനക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും അതുവഴി അപകടകാരിയായ എച്ച്.ബി.എ. വണ്‍ സി'യുടെ തോതിനെ കുറയ്ക്കുകയും ചെയ്യുന്നു.മൂന്നാമതായി രക്തം കട്ടപിടിക്കുന്നതിന്റെ ഉദ്ദിപന ഘടകങ്ങളിലൊന്നായ 'ഫൈബ്രിനോജന്‍ അളവിനെ ലഘൂകരിക്കുന്നു. ഈ പ്രധാന മൂന്നു കാരണങ്ങള്‍ കൂടാതെ ധമനിവീക്കത്തിന്റെ സൂചകമായ 'സി.ആര്‍.പി.'യും മിത മദ്യപാനികളില്‍ കുറയുന്നതായി കണ്ടു.

Also Read:

ഫ്രഞ്ചുകാര്‍ അമേരിക്കക്കാരെപ്പോലെ കൊഴു പ്പടങ്ങുന്ന ഭക്ഷണം ധാരാളം കഴിക്കുമെങ്കിലും അവരില്‍ ഹൃദ്രോഗബാധ താരതമ്യേന കുറഞ്ഞി രിക്കുന്നതായി കണ്ടതും ഗവേഷണനിരീക്ഷണ ങ്ങള്‍ക്ക് വിധേയമായി. ഈ പ്രതിഭാസത്തെ 'ഫ്രഞ്ച് പാരഡോക്സ്' എന്നുവിളിക്കുകയും ഫ്രഞ്ചുകാര്‍ ചുവന്ന വൈന്‍ കൂടുതല്‍ കുടി ക്കുന്നതാണ് ഹൃദ്രോഗ സാധ്യത കുറയാന്‍ കാര ണമായതെന്ന് തെളിഞ്ഞു. ചുവന്ന വൈനില്‍ അട ങ്ങിയിട്ടുള്ള പോളിഫിനോള്‍ മിശ്രിതങ്ങളായ ഫ്‌ളവനോയിഡുകളും റെസ്വെറാട്രോളും ലിപ്പോ പ്രോട്ടീന്റെ ഓക്‌സീകരണത്തെ തടയുകയും തന്മൂലം ' അതിറോക്ക്‌ലിറോസിസ്' കുറയുകയും ചെയ്യുന്നതായി തെളിഞ്ഞു. ഈ അനുകൂല ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് മിതമായ മദ്യപാനം പിന്താങ്ങണമെന്ന് വിദേശ ഗവേഷണങ്ങളുടെ ഉപജ്ഞാതാക്കള്‍ വാദിച്ചു.

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നടന്ന ഗവേഷണ ഫലങ്ങളുടെ പ്രസക്തിയെ നമ്മുടെ നാട്ടില്‍ നിന്നുകൊണ്ട്, ഇവിടത്തെ പ്രത്യേക സാമൂഹിക പശ്ചാത്തലങ്ങളില്‍ വിശകലനം ചെയ്യുമ്പോഴാ സംഗതിയുടെ ഗൗരവം വ്യക്തമാകുന്നത്.അന്യസമൂഹങ്ങളില്‍ നടക്കുന്ന ഗവേഷണ ഫലങ്ങളെ അപ്പാടെ നമ്മുടെ സംസ്‌ക്കാരങ്ങളിലേക്ക് സ്വാംശീകരിക്കുന്നതിനും മുന്‍പായി, വരും വരായ്കകളെപ്പറ്റി വസ്തുനിഷ്ഠവും പ്രായോഗി കവുമായ തലങ്ങളിലുള്ള ജ്ഞാനമുണ്ടായിരിക്കണം.

ഇത് നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതോ?

മദ്യപാനമുണ്ടാക്കുന്ന അനേക ദൂഷ്യഫല ങ്ങള്‍ക്കിടയിലെ ചില നല്ല വശങ്ങള്‍ മാത്രമാണ് നാം കണ്ടത്. മദ്യാസക്തി നമ്മുടെ നാട്ടില്‍ ഒരു സാമൂഹിക വിപത്തുകൂടിയാണ്. മദ്യപാനം മൂലം തകര്‍ന്നടിയുന്ന കുടുംബങ്ങളുടെ കഥ നമ്മുടെ നാട്ടില്‍ നിത്യസംഭവമാണ്. പാശ്ചാത്യരെപ്പോലെ സമ്പന്നസമൂഹമല്ല നമ്മുടേത്. നിയന്ത്രണബോധമോ ക്രമീകരണ ശീലമോ അറിയില്ലാത്ത നമ്മുടെ ആള്‍ക്കാരോട് മിതത്വത്തെപ്പറ്റി പറയുക ബുദ്ധിപൂര്‍വ്വമല്ല.അമിതമായി മദ്യപിക്കുന്നവരാണ് നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും മനസ്സിന്റെ കുരുക്കഴിക്കാന്‍, ഒരുവേള മദോന്മത്തനാകാന്‍ മദ്യചഷകം മൊത്തുമ്പോള്‍ മാരകരോഗങ്ങളുടെ ശൃംഖല പിറകില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്നകാര്യം ആരും ഓര്‍മ്മിക്കുന്നില്ല.

ക്ഷണികമായ സുഖാനുഭൂതിയും വിസ്മൃതിയും നല്‍കുന്ന മദ്യാസക്തി മനുഷ്യശരീരത്തെയും അതിന്റെ നാനാവിധ പ്രവര്‍ത്തനങ്ങളെയും ബലഹീനവും നിര്‍ജ്ജീവവുമാക്കുന്നു. സ്ഥിരമായ മദ്യപാനം ഉളവാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടേറെയാണ്. ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന 'ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്ഡ്രോം', കാര്‍ഡിയോമയോപ്പതി, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, മസ്തിഷ്‌കാഘാതം, താളം തെറ്റിയുള്ള ഹൃദയസ്പന്ദനം പെട്ടെന്നുള്ള മരണം ഇങ്ങനെ നീണ്ട പട്ടിക തന്നെയുണ്ട്. മദ്യപാനം കൊണ്ടുണ്ടാകുന്ന ഹൃദ്‌രോഗങ്ങളില്‍ മുഖ്യം ഹൃദയപേശിരോഗം അഥവാ കാര്‍ഡിയോ മയോപ്പതിയാണ്. ഹൃദയപേശികളുടെ സമൂലമായ ബലക്ഷയമാണ് ' ആല്‍ക്കഹോളിക് കാര്‍ഡിയോ മയോപ്പതി'

രോഗാവസ്ഥയുടെ പ്രധാന ലക്ഷണം

മദ്യവും അതിന്റെ വിഘടിത ഫലമായുണ്ടാകുന്ന 'അസറ്റാല്‍ഡിഹൈഡും' ഹൃദയകോശങ്ങളില്‍ നടക്കുന്ന ഉപാപചയ പ്രക്രിയയെ അപ്പാടെ തളര്‍ത്തുന്നു. തത്ഫലമായി കോശവ്യൂഹങ്ങള്‍ക്ക് അപചയം സംഭവിക്കുകയും അവയുടെ സങ്കോചശേഷി ക്ഷയിക്കുകയും ചെയ്യുന്നു. ചെറിയ തോതില്‍ ഉപയോഗിക്കപ്പെടുന്ന മദ്യാംശം പോലും ഹ്യദയപേശികളുടെ സങ്കോചനക്ഷമതയ്ക്ക് ആവശ്യമായ ദീപനരസങ്ങളെ നശിപ്പിക്കുന്നു. മാംസ്യത്തിന്റെ ഉദ്ഗ്രഥനത്തെ തളര്‍ത്തുന്നു. കൂടാതെ മദ്യങ്ങളിലടങ്ങിയിട്ടുള്ള 'കോബാള്‍ട്ട്' എന്ന ലോഹമൂലകവും ഹൃദയപേശികള്‍ക്ക് വീക്കവും ക്ഷയവും ഉണ്ടാക്കുന്നു.

ഹൃദയഅറകളുടെ സങ്കോചന ക്ഷമത നശിക്കുമ്പോള്‍ അവ വീര്‍ത്ത് വലുതാകുകയും രക്തപര്യയനം അലങ്കോലപ്പെടുകയും ചെയ്യുന്നു. രക്തസഞ്ചാരം ഗതിമുട്ടുമ്പോള്‍ അത് പിന്‍ദിശകളില്‍ കെട്ടിക്കിടന്ന് രോഗിക്ക് ദുസ്സഹമായ ശ്വാസംമുട്ടലും നെഞ്ചുവേദ നയും കാലുകളില്‍ നീരും ദഹനക്കുറവും ശേഷിക്കുറവും ഉണ്ടാകുന്നു. മദ്യപാനത്തോടനുബന്ധിച്ചുള്ള കാര്‍ഡിയോമയോപ്പതി രോഗത്തിന്റെ പ്രധാന ചികിത്സ മദ്യപാനം ഉടനടി നിര്‍ത്തുകതന്നെയാണ്.

അനിയന്ത്രിതമായി വഷളായിട്ടില്ലെങ്കില്‍ മദ്യപാനം നിര്‍ത്തുന്നതോടെ ഹൃദയസങ്കോചനശേഷി തിരിച്ചുകിട്ടുന്നു. അല്ലാത്തപക്ഷം മരുന്നുകളെ അഭയംപ്രാപിക്കുകയേ നിവൃത്തിയുള്ളു. കാര്‍ഡി യോമയോപ്പതിയുടെ രോഗലക്ഷണങ്ങള്‍ അധിക രിക്കുമ്പോള്‍ മരണസാധ്യത പതിന്മടങ്ങാകുന്നു. മദ്യപാനവും രക്താതിസമ്മര്‍ദ്ദവുമായുള്ള ബന്ധത്തെപ്പറ്റി ഏതാണ്ട് അറുപതില്‍പ്പരം പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ദിവസേന ഇരുപത് ഗ്രാമില്‍ കൂടുതല്‍ മദ്യം സേവിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ഈ വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദത്തോടൊപ്പം മദ്യസേവ തുടര്‍ന്നാല്‍ മസ്തിഷ്‌കത്തിലെ രക്തസ്രാവമായിരിക്കും അനന്തരഫലം. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം മദ്യപിക്കുന്നവരില്‍പോലും മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

മദ്യപാനികളില്‍ കാണുന്ന മറ്റൊരു പ്രതിഭാസം വേഗത്തിലും താളം തെറ്റിയുമുള്ള ഹൃദയസ്പന്ദനമാണ്. ഇത് അനിയന്ത്രിതമാകുമ്പോള്‍ ബോധക്കേടോ ഒരുവേള പെട്ടെന്നുള്ള മരണമോ സംഭവിക്കും. കൂടാതെ കൊഴുപ്പിന്റെ ഒരു പ്രധാ നഘടകമായ 'ട്രൈഗ്ലിസറൈഡുകളും' മദ്യപാനികളില്‍ വര്‍ദ്ധിച്ച തോതില്‍ കണ്ടുവരുന്നു.

മദ്യപന്റെ മസ്തിഷ്‌ക കോശങ്ങള്‍ പെട്ടെന്നാണ് മൃതപ്രായമാകുന്നത്. ഫലമോ, ഏകാഗ്രതയില്ലാ യ്മയും ഓര്‍മ്മക്കുറവും മനോരോഗവും.മദ്യത്തിന്റെ ദഹനപ്രക്രിയ കരളില്‍ നടക്കുന്നതുകൊണ്ട് വിഷാംശങ്ങള്‍ അടിഞ്ഞുകൂടി കാലക്രമേണ കരളിന് വീക്കവും അപചയവും സംഭവിക്കുന്നു. 'ലിവര്‍ സിറോസിസ്' എന്ന് ഈ രോഗാവസ്ഥയെ വിളിക്കുന്നു. കൂടാതെ മദ്യപാനം മൂലം ആമാശയത്തില്‍ അള്‍സറും അര്‍ബുദവും ഉണ്ടാകുന്നു.മൃത്യുവിലേക്കുള്ള വഴിവെട്ടിച്ചുരുക്കുന്ന മേലുദ്ധരിച്ച നിരവധി കാരണ ങ്ങളാല്‍ മദ്യപാനത്തെ യാതൊരു വിധത്തിലും ശാസ്ത്രീയമായി പിന്‍താങ്ങാനാവില്ല. എച്ച്.ഡി.എല്‍. വര്‍ദ്ധിപ്പിക്കാന്‍ മദ്യം സേവിക്കണമെന്നില്ല. മറ്റു നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വ്യായാമവും ഭക്ഷണ ക്രമീകരണവും 'നിയാസിന്‍' തുടങ്ങിയ ഗുളികളും നല്ല കൊളസ്‌ട്രോള്‍ ഘടകത്തെ വര്‍ദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും ഹൃദ്രോഗത്തെ തടയുന്ന ഒരു ഉപാധിയായി മദ്യപാനത്തെ പരിഗണിക്കരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു.

ശ്രദ്ധിക്കുക

  • മദ്യം ഹൃദ്രോഗത്തെ തടയുന്നു എന്ന ധാരണ ആപത്കരമാംവണ്ണം പ്രബലമാവുകയാണ്.
  • മിതമായ മദ്യസേവ, എച്ച്.ഡി.എല്‍. വര്‍ദ്ധിപ്പി ച്ചുകൊണ്ടും, ഫൈബ്രിനോജന്റെ അളവിനെ കുറച്ചുകൊണ്ടും, എച്ച്.ബി.എ. വണ്‍ സി.യുടെ തോതിനെ ലഘൂകരിച്ചുകൊണ്ടും ഹൃദ്രോഗമു ണ്ടാകുന്നതിനെതിരെ ചെറിയൊരു പരിധിവരെ സഹായിക്കുന്നുണ്ട്.
  • മദ്യപാനമുണ്ടാക്കുന്ന അനേകദൂഷ്യഫല ങ്ങള്‍ക്കിടയിലെ ഒരു നല്ലവശം മാത്രമാണ് എച്ച്.ഡി.എല്‍. വര്‍ദ്ധിപ്പിക്കുന്ന അതിന്റെ പ്രവര്‍ത്തനം.
  • അമിതമദ്യപാനം രക്തത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും മാരകമായ കാര്‍ഡിയോ മയോപ്പതിയുണ്ടാക്കുകയും കരള്‍വീക്കം വഷളാക്കുകയും ചെയ്യുന്നു.
  • ലോകാരോഗ്യസംഘടനയും ലോകബാങ്കും, മദ്യപാനത്തെ ഭൂമുഖത്തു വര്‍ദ്ധിച്ചുവരുന്ന ഏറ്റവും വലിയ വിപത്തായി വിലയിരുത്തുകയുണ്ടായി.
  • ചുവന്ന വൈനില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍ മിശ്രിതങ്ങളായ ഫ്‌ളവനോയിഡുകളും റെസ്‌വെറാട്രോളും ലിപ്പോ പ്രോട്ടീന്റെ ഓക്‌സീകരണത്തെ തടയുകയും തന്മൂലം 'അതിറോസ്‌ക്ലീറോ സിസ്' കുറയുകയും ചെയ്യുന്നതായി തെളിഞ്ഞു.

Content Highlights :Does drinking alcohol help prevent heart disease or is it a shortcut to heart disease?

From the book 'Live Without Fear of Heart Attack' by cardiologist Dr. George Thayil




                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image