
വന്‍കുടലിലെ കാന്‍സറും തുടര്‍ന്നുള്ള മരണങ്ങളും വര്‍ധിച്ചുവരികയാണ്. 2040 ആകുമ്പോഴേക്കും ഒരു വര്‍ഷം 1.6 മില്യണ്‍ പേരെങ്കിലും ഈ കാന്‍സര്‍ ബാധിച്ച് മരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്. 2020ല്‍ നിന്നും 73 ശതമാനത്തിന്റെ വര്‍ധനയാണ് 20 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാന്‍ പോകുന്നത്.
മാത്രമല്ല ഈ വന്‍കുടല്‍ കാന്‍സര്‍ യുവാക്കളിലാണ് വ്യാപകമായി പടരുന്നത്. ഭക്ഷണവും മറ്റ് ജീവിതചര്യകളും കോളന്‍ കാന്‍സറിനെ ഏറെ സ്വാധീനിക്കുന്ന ഘടകമാണ്. ജങ്ക് ഫുഡുകള്‍ അടക്കമുള്ള ഇന്ന് ഏറെ പ്രചാരം നേടിയ ഭക്ഷ്യവസ്തുക്കള്‍ കോളന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെങ്കില്‍, മറ്റ് ചില ഭക്ഷണങ്ങള്‍ ആ സാധ്യത കുറയ്ക്കാനും സഹായിക്കും.
ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനത്തിലാണ് ഏറെ രുചികരമായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വന്‍കുടലിലെ കാന്‍സര്‍ ബാധിച്ചവരെ ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
ബദാം, വാല്‍നട്ട്‌സ്, ഹേസല്‍നട്ട്‌സ്, കശുവണ്ടി പരിപ്പ് തുടങ്ങിയ നട്‌സാണ് കാന്‍സര്‍ സാധ്യത കുറയ്ക്കാനും കാന്‍സര്‍ ബാധിതരായവരില്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
സ്‌റ്റേജ് 3 കോളന്‍ കാന്‍സര്‍ ബാധിതരായ 826 രോഗികളെ തുടര്‍ നിരീക്ഷണ പഠനത്തിന് വിധേയമാക്കിയാണ് ഈ പഠനം നടത്തിയത്. 1991 മുതല്‍ രോഗ ബാധിതരായവരുടെ ഡയറ്ററി ഡാറ്റ ശേഖരിച്ചുകൊണ്ടാണ് ഇവര്‍ പഠനം നടത്തിയത്. നിലക്കടലയാണ് രോഗികള്‍ക്ക് ഏറെ സഹായകരമായതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പീനട്ട് ബട്ടര്‍ കഴിച്ചവരില്‍ കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കുറഞ്ഞിരുന്നു.
ആഴ്ചയില്‍ രണ്ട് ഔണ്‍സോ അതില്‍ കൂടുതലോ നട്‌സ് കഴിക്കുന്നവരില്‍ കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത 42 ശതമാനത്തോളമാണ് കുറഞ്ഞത്. നട്‌സ് കഴിക്കാത്ത രോഗികളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണസാധ്യതയും 57 ശതമാനം കുറഞ്ഞു.
നട്‌സ് കഴിക്കുന്നതിലൂടെ മാത്രം കാന്‍സര്‍ ഭേദമാകുമെന്നോ കാന്‍സറിനെ തടയാനാകുമെന്നോ അല്ല ഈ പഠനം പറയുന്നത്. 'കീമോ തെറാപ്പിയ്‌ക്കോ മറ്റ് കാന്‍സര്‍ ചികിത്സകള്‍ക്കോ പകരമാണ് നട്‌സ് കഴിക്കുന്നത് എന്നല്ല ഈ പറഞ്ഞതിന് അര്‍ത്ഥം. അങ്ങനെ ആരും തെറ്റിദ്ധരിക്കരുത്. വന്‍കുടലില്‍ കാന്‍സര്‍ ബാധിച്ചവര്‍ക്ക് ഈ ചികിത്സകള്‍ക്കൊപ്പം തന്നെ അവരുടെ ഡയറ്റില്‍ നട്‌സ് കൂടി ഉള്‍പ്പെടുത്തിയാല്‍ അത് ഏറെ സഹായകരമായിരിക്കും എന്നാണ് പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്,' ഗവേഷകര്‍ പറയുന്നു.
Content Highlights: New study shows nuts can be a big help for cancer patients