
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപം ഏത് കോടീശ്വരൻ്റെ വീട്ടിലാണ് വിറ്റതെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നതെന്നും ദേവസ്വം ബോർഡുകാരെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ശബരിമലയിൽ കളവ് നടന്നുവെന്നും ദേവസ്വം ബോർഡ് ഈ കളവ് മറച്ചുവെച്ചുവെന്നും വി ഡി സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ മാത്രം കേസെടുക്കാൻ കഴിയില്ലയെന്നും വി ഡി സതീശൻ വ്യക്തമാക്കി. ശക്തമായ പ്രതിഷേധം സഭയ്ക്ക് അകത്തും പുറത്തും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ഗുരുതരമായ കളവും വില്പനയുമാണ് ശബരിമലയിൽ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഹൈക്കോടതിയാണ് തെരഞ്ഞെടുത്തത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിന് ഞങ്ങൾ എതിരല്ല. ഉണ്ണികൃഷ്ണൻ പോറ്റി ഇമെയില്‍ അയച്ചത് എൻ വാസുവിനാണ്. വാസു സിപിഐഎമ്മിന്‍റെ സ്വന്തം ആളാണ്. പിണറായി വിജയന്റെ കൂലിപ്പട്ടാളമാണ് പണ്ടുമുതൽക്കേ ഇവരെന്നും സതീശൻ വിമർശിച്ചു.
ഒരു കോടതിയുടെ ചീഫ് ജസ്റ്റിസിനെ പ്രതീകാത്മകമായി നാടുകടത്തിയവരാണ് ഇപ്പോഴത്തെ മന്ത്രിമാരെന്നും തങ്ങളെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ തങ്ങളെ സഭാ ചട്ടങ്ങൾ പഠിപ്പിക്കേണ്ടെന്നും സഭ മുഴുവൻ അടിച്ചു തകർത്ത മന്ത്രിമാർ അകത്ത് ഇരിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.
ഗൗരവമുള്ള വിഷയമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തരുടെ ഹൃദയത്തെ വേദനിപ്പിച്ച സംഭവമാണ് സ്വർണപ്പാളി വിവാദമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കള്ളക്കച്ചവടം നടന്നിട്ടും സർക്കാർ പ്രതികരിക്കുന്നില്ല. ദേവസ്വം മന്ത്രി വി എൻ വാസവൻ രാജിവെക്കണമെന്നും മന്ത്രി ഇരിക്കുമ്പോൾ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും മന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി ഇടപെട്ട് ദേവസ്വം ബോർഡിനെ പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഭക്തർക്ക് നീതി കിട്ടാനാണ് തങ്ങളുടെ പ്രതിഷേധമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlight : 'CPIM should clarify which millionaire's house the Dwarapalaka sculpture was sold to'; VD Satheesan