
ഇന്ത്യക്കെതിരെയുള്ള ഏകദിന ടി-20 പരമ്പരക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്. ഏകദിന ടീമിൽ നിന്നും വിശ്രമമെടുത്ത പേസ് ബൗളിങ് സൂപ്പർതാരം ടീമിലേക്ക് തിരിച്ചെത്തി. ടി-20യിൽ നിന്നും നേരത്തെ തന്നെ വിരമിച്ച താരം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ വിശ്രമമെടുത്തിരുന്നു. അതേസമയം മാർനസ് ലബുഷെയ്‌നെ ടീമിൽ നിന്നും ഒഴിവാക്കി. അൺക്യാപ്ഡ് താരമായ മാത്യു റെൻഷായും ടീമിലേക്കെത്തി. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ താരം ഏകദിനത്തിലും കളിക്കാൻ ഒരുങ്ങുകയാണ്.
ലബുഷെയ്‌നൊപ്പം ദക്ഷിണാഫ്രിക്കൻ പരമ്പരയിലുണ്ടായിരുന്ന ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെയും ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ ഒഴിവാക്കി. മൂന്ന് ഏകദിനവും അഞ്ച് ടി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ഗില്ലിനെ നായകനാക്കി ഇന്ത്യ നേരത്തെ തന്ന് സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു.
ഒക്ടോബർ 19ന് പെർത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പരിക്കേറ്റ ഗ്ലെൻ മാക്‌സ്വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം നഥാൻ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമിൽ തിരിച്ചെത്തി.
ഏകദിന ടീം-
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്‌സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ആദ്യ രണ്ട് ടി-20 മത്സരങ്ങൾക്കുള്ള ടീം-
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
Content Highlights- Austrailian Squad for Indian Series