
കാന്‍സര്‍ ഒരു ജനിതക രോഗമാണോ? ഇങ്ങനെയൊരു സംശയമുണ്ടാകുമ്പോള്‍ പലപ്പോഴും നമ്മള്‍ പാരമ്പര്യത്തെക്കുറിച്ചാവും ചിന്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നോ? എനിക്കും കാന്‍സര്‍ വരുമോ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവാം. പാരമ്പര്യമായുണ്ടാകുന്ന കാന്‍സര്‍ വരുന്ന വഴി എങ്ങനെയാണ്? പുറമേനിന്ന് എന്തൊക്കെ ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്? അറിയാം…
നമ്മുടെ കോശങ്ങളിലുണ്ടാകുന്ന ജനിതക മാറ്റങ്ങളാണ് കാന്‍സറിലേക്ക് നയിക്കുന്നത്. പക്ഷേ ആ മാറ്റങ്ങളില്‍ ഭൂരിഭാഗവും പാരമ്പര്യമായി ലഭിക്കുന്നതാവണമെന്നില്ല. മറിച്ച് നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ്. കോശവളര്‍ച്ച, ഡിഎന്‍എയുടെ നന്നാക്കല്‍, രോഗപ്രതിരോധം എന്നിവയെ നിയന്ത്രിക്കുന്ന ജീനുകളില്‍ സോമാറ്റിക്ക് മ്യൂട്ടേഷനുകള്‍ ഉണ്ടാകുന്നതാണ് ട്യൂമറുകള്‍ക്ക് കാരണമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതേസമയം BACA1/2 , TP53 പോലെയുളള ജീനുകള്‍ അപകടകാരികളാണ്. ഇത് പാരമ്പര്യമായി കാന്‍സര്‍ വരാനുള്ള അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ട്യൂമറുകള്‍ക്ക് കാരണം സോമാറ്റിക് മ്യൂട്ടേഷന്‍
കോശങ്ങളുടെ ഡിഎന്‍എയിലെ മാറ്റങ്ങളുടെ ഫലമാണ് കാന്‍സര്‍. മ്യൂട്ടേഷനുകള്‍ എന്നറിയപ്പെടുന്ന കോശവളര്‍ച്ച ചിലപ്പോള്‍ മാതാപിതാക്കളില്‍നിന്ന് പാരമ്പര്യമായി ലഭിച്ചതോ അല്ലെങ്കില്‍ ജീവിതശൈലികൊണ്ട് നേടിയെടുത്തതോ ആകാം. പഠനങ്ങള്‍ കാണിക്കുന്നത് ഭൂരിഭാഗം കാന്‍സറുകളും വാര്‍ദ്ധക്യം, അണുബാധകള്‍, പുകയില ഉപയോഗം അള്‍ട്രാവൈലറ്റ് വികിരണങ്ങളേല്‍ക്കുന്നത് ,ചിലതരം രാസവസ്തുക്കള്‍, വായു മലിനീകരണം തുടങ്ങിയ കാര്‍സിനോജനുകളുമായുളള സമ്പര്‍ക്കം എന്നിവ മൂലമാണ് സംഭവിക്കുന്നത് എന്നാണ്. BRCA1/2 മ്യൂട്ടേഷനുകള്‍ (സ്തന, അണ്ഡാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു), ലിഞ്ച് സിന്‍ഡ്രോം ജീനുകള്‍ (MLH1, MSH2, മുതലായവ കൊളോറെക്ടല്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു), RB1 (റെറ്റിനോബ്ലാസ്റ്റോമ) പാരമ്പര്യമായി ലഭിച്ച രോഗകാരികളായ വകഭേദങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത്.
കാന്‍സറില്‍ നിന്ന് രക്ഷനേടാനുളള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
1 കുടുംബത്തില്‍ നേരത്തെയുള്ള കാന്‍സറുകളുടെ ചരിത്രം ഉണ്ടെങ്കില്‍ ഒരു സ്‌പെഷ്യലിസ്റ്റിനെ കണ്ട് കൗണ്‍സിലിംഗിനും മെഡിക്കല്‍ പരിശോധനകള്‍ക്കും വിധേയരാകണം.
2 പുകയില ഉപയോഗം ഒഴിവാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. HPV , ഹെപ്പറ്റെറ്റിസ് B എന്നിവയ്‌ക്കെതിരെ വാക്‌സിനേഷന്‍ എടുക്കുക. വായു മലിനീകരണത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുക
3 മലിനീകരണം കുറയ്ക്കല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, സ്‌ക്രീനിംഗ് എന്നിവ പോലുള്ള ജീവിതശൈലി ഇടപെടലുകളിലൂടെ മിക്ക കാന്‍സറുകളും തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
Content Highlights :Is cancer a genetic disease? The information provided by recent research on cancer is very important.