'ഇസ്രയേല്‍ ഇനി ഖത്തര്‍ ആക്രമിക്കില്ല'; ഖത്തറിനെ ആക്രമിക്കാനൊരുങ്ങുന്ന വിവരം നേരത്തെ അറിയിച്ചില്ലെന്ന് ട്രംപ്

ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനം നെതന്യാഹുവിന്റേതാണെന്നും തന്റേതല്ലെന്നും ട്രംപ്

'ഇസ്രയേല്‍ ഇനി ഖത്തര്‍ ആക്രമിക്കില്ല'; ഖത്തറിനെ ആക്രമിക്കാനൊരുങ്ങുന്ന വിവരം നേരത്തെ അറിയിച്ചില്ലെന്ന് ട്രംപ്
dot image

വാഷിങ്ടണ്‍: ഇസ്രയേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ല എന്ന വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദോഹ ഉച്ചകോടിക്ക് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന വിവരം ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. ഖത്തറിനെ ആക്രമിക്കാനുള്ള തീരുമാനം നെതന്യാഹുവിന്റേതാണെന്നും തന്റേതല്ലെന്നും ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ലെന്നും നെതന്യാഹു ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. കൂടാതെ മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിനും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഇനിയും ആക്രമണം നടത്തിയേക്കാമെന്നാണ് നെതന്യാഹുവിന്റെ നിലപാടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും അത് വിനിയോഗിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

മിസൈലുകള്‍ ആകാശത്ത് എത്തിയ ശേഷമാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും അതിനാലാണ് പ്രതികരിക്കാന്‍ കഴിയാതിരുന്നത് എന്നാണ് ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ ഇസ്രയേലിന്റെ വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസിന്റെ വാദത്തെ തള്ളിക്കളയുന്നവയാണ്.

അതേസമയം പലസ്തീന്‍ ജനതയ്‌ക്കെതിരെയുള്ള ഇസ്രയേലിന്റെ നടപടികള്‍ തടയാന്‍ രാജ്യങ്ങളെല്ലാം ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അറബ്- മുസ്ലീം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി അറിയിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ച ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ തിങ്കളാഴ്ച്ച വിളിച്ചുചേര്‍ത്ത അറബ് ലീഗ്-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ എന്നിവയുടെ ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയിലാണ് രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

Content Highlight; Donald Trump Says Israel Will Not Strike Qatar Again

dot image
To advertise here,contact us
dot image