'പ്രസ്ഥാനത്തിന്റെ വിലാസമില്ലെങ്കിൽ നായയുടെ വിലപോലുമില്ലെന്ന് മനസ്സിലാക്കണം,തെറ്റ് ചെയ്തില്ലെങ്കിൽ നിഷേധിക്കണം'

ആരെങ്കിലും ചെയ്യുന്ന വില കുറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടന ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എല്ലാവരുടെയും അഭിപ്രായം പാര്‍ട്ടി കേള്‍ക്കാന്‍ തയ്യാറായാല്‍ പലരുടേയും മുഖം മൂടി വലിച്ചുകീറപ്പെടുമെന്നും കിരണ്‍ പറഞ്ഞു

'പ്രസ്ഥാനത്തിന്റെ വിലാസമില്ലെങ്കിൽ നായയുടെ വിലപോലുമില്ലെന്ന് മനസ്സിലാക്കണം,തെറ്റ് ചെയ്തില്ലെങ്കിൽ നിഷേധിക്കണം'
dot image

തിരുവനന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കിരണ്‍ ദേവ്. തെറ്റ് ചെയ്തില്ല എങ്കില്‍ നിഷേധിക്കുക തന്നെ വേണമെന്നും തെറ്റ് ചെയ്‌തെങ്കില്‍ അത് അംഗീകരിച്ച് തിരുത്തണമെന്നും കിരണ്‍ ദേവ് പറയുന്നു. ഇതൊന്നും ചെയ്യാതിരിക്കുമ്പോള്‍ സ്വാഭാവികമായും ദുരൂഹമായ സംശയങ്ങള്‍ ഉടലെടുക്കുമെന്നും അത് അവസാനിപ്പിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും കിരണ്‍ ദേവ് പറയുന്നു.

പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ആയാലും പോഷകസംഘടനകളായാലും എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പാര്‍ട്ടിയേക്കാള്‍ വലുതാണ് വ്യക്തിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ പ്രസ്ഥാനത്തിന്റെ വിലാസമില്ലെങ്കില്‍ നിനക്കൊക്കെ നായയുടെ വില പോലുമില്ലെന്ന് മനസിലാക്കണമെന്നും കിരണ്‍ ദേവ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കിരണിന്റെ വിമര്‍ശനം.

ആരെങ്കിലും ചെയ്യുന്ന വില കുറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടന ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും എല്ലാവരുടെയും അഭിപ്രായം പാര്‍ട്ടി കേള്‍ക്കാന്‍ തയ്യാറായാല്‍ പലരുടേയും മുഖം മൂടി വലിച്ചുകീറപ്പെടുമെന്നും കിരണ്‍ പറഞ്ഞു. 'അകമ്പടി സേവിക്കുന്നവരും നിര്‍ദേശം നല്‍കുന്നവരും ഓര്‍ക്കുക, ഇതൊക്കെ നിങ്ങള്‍ക്കും അറിവുളളതായിരുന്നു എന്നതിന്റെ നേര്‍സാക്ഷ്യം ആയി ഇത് മാറപ്പെടുന്നു': കിരണ്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

കിരണ്‍ ദേവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രതിസന്ധികൾ നിറഞ്ഞ പാതയിൽ സഞ്ചരിക്കുന്നവരെ വേട്ടയാടരുത് എന്നതാണ് തത്വം. എങ്കിലും ആ പ്രതിസന്ധികൾ എങ്ങനെയുണ്ടായി എന്നും അതിന് ആരാണ് ഉത്തരവാദി എന്നും പരിശോധിക്കാൻ ഒരു പ്രസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ട്. അതാണ് കോൺഗ്രസ്‌ പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എടുത്ത നിലപാട്. ഇത്രയേറെ വിവാദമായ വിഷയത്തിൽ പ്രസ്ഥാനത്തിന് കോട്ടം തട്ടുന്ന പ്രസ്താവനകൾ വേണ്ട എന്ന് വിചാരിച്ചത് കൊണ്ടാണ് ഇതുവരെ ഒന്നും എഴുതാത്തത്. പക്ഷെ ഇനിയും എഴുതാതിരിക്കാൻ കഴിയില്ല. തെറ്റ് ചെയ്തില്ല എങ്കിൽ നിഷേധിക്കുക തന്നെ ചെയ്യണം. തെറ്റ് ചെയ്തെങ്കിൽ അത് അംഗീകരിച്ച് തിരുത്തണം. ഇതൊന്നും ചെയ്യാതെ നിൽക്കുമ്പോൾ സ്വാഭാവികമായും ദുരൂഹമായ സംശയങ്ങൾ ഉടലെടുക്കും. അത് അവസാനിപ്പിക്കേണ്ടത് രാഹുൽ മാങ്കൂട്ടം തന്നെയാണ്.

പിന്നെ പാർട്ടി ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കാൻ എല്ലാപേർക്കും ഉത്തരവാദിത്തമുണ്ട്. അത് കോൺഗ്രസ്‌ ആയാലും പോഷക സംഘടനകൾ ആയാലും. പാർട്ടിയേക്കാൾ വലുതാണ് വ്യക്തി എന്ന് ആർക്കെങ്കിലും തോന്നിയാൽ അവർ മനസ്സിലാക്കേണ്ടത് പ്രസ്ഥാനത്തിന്റെ വിലാസമില്ലെങ്കിൽ നിനക്കൊക്കെ ഒരു നായയുടെ വിലപോലും ഇല്ലന്നാണ്. ആര് ചെയ്യുന്നതിന്റെയും ഉത്തരവാദിത്തം ഒരു സംഘടന ഏറ്റെടുക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വില കുറഞ്ഞ പ്രവർത്തനങ്ങൾ. ഞാനോ ഒന്നോ രണ്ടോ ആളുകളല്ല സംഘടന. എല്ലാപേരുടെയും അഭിപ്രായം പാർട്ടി കേൾക്കാൻ തയ്യാറായാൽ പലരുടെയും മുഖം മൂടി വലിച്ചു കീറപ്പെടും. അകമ്പടി സേവിക്കുന്നവരും നിർദേശം നൽകുന്നവരും ഓർക്കുക ഇതൊക്കെ നിങ്ങൾക്കും അറിവുള്ളതായിരുന്നു എന്നതിന്റെ നേർസാക്ഷ്യം ആയി ഇത് മാറപ്പെടുന്നു.

Content Highlights: Youth congress state secretary kiran dev against rahul mamkoottathil mla

dot image
To advertise here,contact us
dot image